Connect with us

Education

ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍: പ്രതിഭകളുടെ സംഗമവേദിയായി സ്പാര്‍ക് കണക്ട് ഫെല്ലോ മീറ്റ്

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് സ്ഥാപനങ്ങളുടെ സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

Published

|

Last Updated

മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയയില്‍ നടന്ന സ്പാര്‍ക് കണക്ട് '24 ല്‍ കാന്തപുരം അനുഗ്രഹ പ്രഭാഷണം നടത്തുന്നു.

കോഴിക്കോട് | ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ ആദരിച്ച സ്പാര്‍ക് കണക്ട് ഫെല്ലോ മീറ്റ് പ്രതിഭകളുടെ സംഗമ വേദിയായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി നൂറിലധികം സെന്ററുകളില്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. അതില്‍ നിന്ന് അഭിമുഖം വഴി തിരഞ്ഞെടുത്ത 201 വിദ്യാര്‍ഥികളെയാണ് ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഫെല്ലോകളായി ആദരിച്ചത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരിപാടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കും.

മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് സ്ഥാപനങ്ങളുടെ സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജാതി മത വര്‍ഗ ഭേദമന്യേ, മിടുക്കരായ വിദ്യാര്‍ഥികളുടെ ഉന്നത സ്വപ്നങ്ങള്‍ പൂവണിയാന്‍ മര്‍കസ് കൂടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മര്‍കസു സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനു കീഴില്‍ എട്ടാം ക്ലാസ് കഴിഞ്ഞ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് ടാലന്റ് ഹണ്ട് എക്‌സാം.

ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി വിഷന്‍ ടോക്ക് നടത്തി. മര്‍കസ് നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുല്‍ സലാം, സി എ ഒ. അഡ്വ: തന്‍വീര്‍ ഒമര്‍, ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഒ മുഹമ്മദ് ഫസല്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, മെന്റ്റര്‍ മെന്റ്റി മീറ്റിംഗും പരിപാടിയുടെ ഭാഗമായി നടന്നു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത കൊടിയത്തൂര്‍ പി ടി എം എച്ച് എസ് എസിന് പ്രത്യേക ഉപഹാരം നല്‍കി. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഫൗണ്ടേഷന്‍ ഭാരവാഹികളും സംബന്ധിച്ചു.

 

 

 

---- facebook comment plugin here -----

Latest