Connect with us

sheikh habib al adani

ശൈഖ് ഹബീബ് അബൂബക്കര്‍ അല്‍ അദനി ബിന്‍ അലി അല്‍ മശ്ഹൂര്‍ വിടവാങ്ങി

വേര്‍പാടില്‍ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അനുശോചനം രേഖപ്പെടുത്തി.

Published

|

Last Updated

അമ്മാന്‍ | പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് അബൂബക്കര്‍ അല്‍ അദനി ബിന്‍ അലി അല്‍ മശ്ഹൂര്‍ വിടവാങ്ങി. ജോര്‍ദാനിലെ അമ്മാനിലായിരുന്നു അന്ത്യം. പരമ്പരാഗത ഇസ്ലാമിക വിശ്വാസത്തെ ആധുനിക പ്രവണതകളോട് മനോഹരമായി സമന്വയിപ്പിച്ച വിദ്യാഭ്യാസ വിചക്ഷണന്‍, ഇസ്ലാമിക പ്രബോധകന്‍, ചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശൈഖ്, 1946ല്‍ യമനിലെ അബ്യന്‍ പ്രവിശ്യയിലെ അഹ്വറിലെ പണ്ഡിതകുടുംബത്തിലാണ് ജനിച്ചത്. പിതാവായ സയ്യിദ് അലി ബിന്‍ അബീബക്കര്‍ ബിന്‍ അലവി അല്‍ മശ്ഹൂറില്‍ നിന്നാണ് പ്രാഥമിക പഠനം. ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കുകയും ഹളര്‍മൗത്തിലെ പ്രമുഖ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. യുവാവായതോടെ മതപ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം, മതപഠനത്തില്‍ ആഴത്തില്‍ മുഴുകിയതോടൊപ്പം ബിരുദ പഠനവും നടത്തി. ഏദന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം കരസ്ഥമാക്കി.

ചരിത്രം, സാഹിത്യം, ഇസ്‌ലാമിക ചിന്ത, രീതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലായി 150 ഓളം കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ചു. സമകാലിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് നടത്തിയ എഴുത്തുകള്‍ മുസ്‌ലിം ലോകത്തിന് വലിയ ദിശാ ബോധം പകരുന്നതായിരുന്നു. ആത്മീയ- വിദ്യാഭ്യാസ രംഗങ്ങളില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഏദന്‍ സര്‍വകലാശാല 2014ല്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. മത- ഭൗതിക വിദ്യാഭ്യാസ സമന്വയം എന്ന ആശയം യമനില്‍ ആദ്യമായി നടപ്പിലാക്കിയത് ശൈഖ് ഹബീബ് അബൂബക്കറായിരുന്നു.

യുവാക്കളുടെ ആത്മീയ വികസനം ലക്ഷ്യം വെച്ച് വ്യത്യസ്തങ്ങളായ പരിപാടികള്‍ അദ്ദേഹം കൊണ്ടുവന്നു. വിവിധ യൂനിവേഴ്സിറ്റി വകുപ്പുകളുമായി സഹകരിച്ച് ഇസ്ലാമിക വിഷയങ്ങളില്‍ സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിച്ചു. യമനില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം നേതൃത്വം നല്‍കി. അത് പിന്നീട് ലോകത്തിനാകെ മാതൃകയായി. ദവാഇറുല്‍ ഇആദ വ മറാതിബുല്‍ ഇഫാദ, സില്‍സിലതു അഅലാമി മദ്റസതില്‍ ഹളറമൗത്ത് തുടങ്ങിയവ പ്രശസ്ത രചനകളാണ്.

ഇന്ത്യയില്‍ സുന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ, ആത്മീയ പ്രവര്‍ത്തനങ്ങളെ താത്പര്യപൂര്‍വം പിന്തുടരുകയും പിന്തുണക്കുകയും ചെയ്ത ശൈഖ് ഹബീബ് അബൂബക്കര്‍ മര്‍കസ് സന്ദര്‍ശിച്ചിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള നേതാക്കളുമായി അദ്ദേഹത്തിന് ഗാഢബന്ധമുണ്ടായിരുന്നു. വേര്‍പാടില്‍ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അനുശോചനം രേഖപ്പെടുത്തി.

---- facebook comment plugin here -----

Latest