Connect with us

Uae

ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി; ഫുജൈറയുടെ അരനൂറ്റാണ്ട് അടയാളപ്പെടുത്തിയ ഭരണാധികാരി

നിരവധി പ്രധാന ആഗോള, പ്രാദേശിക ഉച്ചകോടികളിൽ ശൈഖ് ഹമദ് യു എ ഇയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Published

|

Last Updated

ഫുജൈറ | സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി എമിറേറ്റ് ഭരണം ഏറ്റെടുത്തതിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നു. അധികാരമേറ്റത് മുതൽ, യു എ ഇയുടെ ആഗോള നിലപാടിനെ കൂടുതൽ ദൃഢമാക്കിക്കൊണ്ട് എമിറേറ്റിന്റെ സമ്പദ്്വ്യവസ്ഥ, വിനോദസഞ്ചാരം, സാമൂഹിക വികസനം, സംസ്‌കാരം എന്നിവയിൽ സുസ്ഥിര വികസനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ ശൈഖ് ഹമദ് നടപ്പാക്കി.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഈ അവസരത്തിൽ വ്യക്തമാക്കിയത് പോലെ അദ്ദേഹം ശൈഖ്‌ സായിദ്, ശൈഖ് ഖലീഫ ബിൻ സായിദ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് എന്നിവർക്കൊപ്പം ചേർന്ന് നിന്ന് യു എ ഇയെ ശക്തിപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും പ്രതിബദ്ധത തെളിയിച്ച വ്യക്തിത്വമാണ്.

ഫുജൈറ അദ്ദേഹത്തിന്റെ ഭരണത്തിലൂടെ ഏറ്റവും മനോഹരമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി വളർന്നു. നിരവധി പ്രധാന ആഗോള, പ്രാദേശിക ഉച്ചകോടികളിൽ ശൈഖ് ഹമദ് യു എ ഇയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഫുജൈറയുടെ ഒരു സാമ്പത്തിക കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിച്ച നാളുകളായിരുന്നു ഈ അമ്പത് വർഷക്കാലം. പ്രാദേശികമായും ആഗോളമായും ഒരു പ്രധാന തന്ത്രപ്രധാന കേന്ദ്രമായി പരിണമിച്ചു. അബൂദബി ക്രൂഡ് ഓയിൽ പൈപ്പ്്ലൈൻ (അഡ്കോപ്) പോലുള്ള പ്രധാന പദ്ധതികളെ എമിറേറ്റിന്റെ തുറമുഖങ്ങൾ പിന്തുണക്കുന്നു. യു എ ഇയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഇത് ആഗോളതലത്തിൽ രണ്ടാമത്തെ ഏറ്റവും വലിയ ബങ്കറിംഗ് ഹബ്ബും മൂന്നാമത്തെ വലിയ സംഭരണ കേന്ദ്രവുമാണ്. 2023ൽ ഫുജൈറ തുറമുഖം 5,000 കണ്ടെയ്നറുകൾ കൈകാര്യം ചെയ്തും എണ്ണ ശുദ്ധീകരണശാലകൾ 4,000 മെട്രിക് ടൺ പെട്രോളിയം ഉൽപന്നങ്ങൾ ഉത്പാദിപ്പിച്ചും വികസനത്തിന് പുതിയ മാനം പകർന്നു.

ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം വിനോദസഞ്ചാരത്തിനും വ്യാപാരത്തിനുമുള്ള ഒരു കവാടമെന്ന നിലയിൽ അതിന്റെ പങ്ക് ശക്തിപ്പെടുത്തി. ഗൾഫ് മേഖലയിലുടനീളമുള്ള ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്ക് പ്രകൃതി വിഭവങ്ങൾ വിതരണം ചെയ്യുന്നത് ഫുജൈറയിലെ ക്വാറികളിൽ നിന്നാണ്.

2023-ൽ, എമിറേറ്റിന്റെ നേരിട്ടുള്ള വിദേശ വ്യാപാര ഇറക്കുമതി ഏകദേശം രണ്ട് ബില്യൺ ദിർഹത്തിലെത്തി. ഏകദേശം 22,000 ബിസിനസ് ലൈസൻസുകൾ നൽകി. ഫുജൈറയിൽ ഇപ്പോൾ 14 ബേങ്കുകൾ പ്രവർത്തിക്കുന്നു.

ഫുജൈറ നിവാസികളുടെ ക്ഷേമത്തിന് ശൈഖ് ഹമദ് മുൻഗണന നൽകിയിട്ടുണ്ട്. ഭവന, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ, റോഡ് മെച്ചപ്പെടുത്തൽ, ജല തടസ്സങ്ങൾ, തുറമുഖങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ വിപുലപ്പെടുത്തൽ എന്നിവയിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫുജൈറ 2040 പദ്ധതിയുടെ സമാരംഭത്തിലൂടെ ഇതിനാവശ്യമായ പദ്ധതി രൂപപ്പെടുത്തി.

ഹയർ കോളജ് ഓഫ് ടെക്‌നോളജി, ഫുജൈറ യൂണിവേഴ്‌സിറ്റി, ഫുജൈറ ഏവിയേഷൻ അക്കാദമി എന്നിവയുൾപ്പെടെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് ഫുജൈറ. എമിറേറ്റിൽ 67 പൊതു, സ്വകാര്യ സ്‌കൂളുകളും ഉണ്ട്. ഹെൽത്ത് കെയറിൽ, എമിറേറ്റിന് മൂന്ന് സർക്കാർ ആശുപത്രികളും 117 ക്ലിനിക്കുകളും ഹെൽത്ത് സെന്ററുകളും ഉണ്ട്, ഇത് സമഗ്രമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നു. ഫുജൈറ സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം പൊതുമേഖലയിൽ 1,211 ഡോക്ടർമാരും നഴ്സുമാരും സ്വകാര്യമേഖലയിൽ 868 പേരും പ്രവർത്തിക്കുന്നു.

ഫുജൈറയെ അറബ്, അന്തർദേശീയ വേദികളിലെ കലകളുടെയും സർഗാത്മകതയുടെയും കേന്ദ്രമാക്കി മാറ്റുന്നതിനും അദ്ദേഹം പരിശ്രമിച്ചു. കൂടാതെ, ഫുജൈറയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിന് മുൻഗണന നൽകി. 16-ാം നൂറ്റാണ്ടിലെ ഫുജൈറ കോട്ടയും യു എ ഇയിലെ ഏറ്റവും പഴക്കം ചെന്ന അൽ ബിദ്്യ മസ്ജിദും പോലെയുള്ള ചരിത്ര അടയാളങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുകയും എമിറേറ്റിന്റെ സാംസ്‌കാരിക വിനോദസഞ്ചാരത്തിന് സംഭാവന നൽകുകയും ചെയ്യുന്നു. 2023-ൽ ഫുജൈറയുടെ ചരിത്ര സ്ഥലങ്ങൾ 114,305 സന്ദർശകർ എത്തിയിരുന്നു. ഫുജൈറ കായിക ലോകത്തും മുദ്ര പതിപ്പിച്ചു. ഫുജൈറ ഇന്റർനാഷണൽ മറൈൻ ക്ലബ്ബ് ഒരു പ്രധാന ഉദാഹരണമാണ്, നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ എമിറേറ്റിൽ സംഘടിപ്പിക്കുന്നു.