Connect with us

Uae

ഇസ്‌റാഈല്‍ ആക്രമണത്തില്‍ പാദങ്ങളും കൈയും നഷ്ടപ്പെട്ടു; ഫലസ്തീന്‍ ബാലന് കൃത്രിമ അവയവങ്ങള്‍ നല്‍കി ശൈഖ് ഹംദാന്‍

അഭയാര്‍ഥി ക്യാമ്പുകളിലൊന്നില്‍ മാതാവിനോടൊപ്പം ഇഴഞ്ഞു നീങ്ങുന്ന ബാലന്റെ വീഡിയോ ദൃശ്യങ്ങള്‍ ഗസ്സയിലെ കഠിനമായ ജീവിതത്തിന്റെ വേദനയും മുറിവുകളും പ്രതിഫലിപ്പിക്കുന്നതായിരുന്നു.

Published

|

Last Updated

ദുബൈ | ഫലസ്തീന്‍ കുട്ടി മുഹമ്മദ് സഈദ് ശാബാന് കൃത്രിമ അവയവങ്ങള്‍ നല്‍കി ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. വടക്കന്‍ ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ പാദങ്ങളും ഇടതു കൈയും നഷ്ടപ്പെട്ട ഏഴ് വയസ്സുള്ള കുട്ടിയുടെ കഥ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അഭയാര്‍ഥി ക്യാമ്പുകളിലൊന്നില്‍ മാതാവിനോടൊപ്പം ഇഴഞ്ഞു നീങ്ങുന്ന ബാലന്റെ വീഡിയോ ദൃശ്യങ്ങള്‍ ഗസ്സയിലെ കഠിനമായ ജീവിതത്തിന്റെ വേദനയും മുറിവുകളും പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഇത് മനസ്സിലാക്കിയ ശൈഖ് ഹംദാന്‍ അവന്റെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുകയും അവന്റെ ജീവിതത്തില്‍ പ്രത്യാശയുടെ പുഞ്ചിരി വിടര്‍ത്താന്‍ മുന്നിട്ടിറങ്ങുകയുമായിരുന്നു.

യു എ ഇയുടെ 30 സഹായ ട്രക്കുകള്‍ ഗസ്സയില്‍
അബൂദബി ഫലസ്തീന്‍ സഹോദരങ്ങളെ പിന്തുണക്കുന്നതിനുള്ള യു എ ഇയുടെ ശ്രമങ്ങളുടെ ഭാഗമായി വിവിധ ഇമാറാത്തി മാനുഷിക സഹായങ്ങള്‍ ഗസ്സ മുനമ്പിലേക്ക് പ്രവേശിച്ചു. ഈജിപ്ഷ്യന്‍ റഫ ക്രോസിംഗിലൂടെ ഗസ്സയിലെത്തിയ മൂന്ന് വാഹനവ്യൂഹങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍, ശീതകാല വസ്ത്രങ്ങള്‍, മറ്റ് ആവശ്യമായ സാമഗ്രികള്‍ എന്നിവയുള്‍പ്പെടെ 495.1 ടണ്ണിലധികം മാനുഷിക സഹായം വഹിക്കുന്ന 30 ട്രക്കുകള്‍ ഉള്‍പ്പെടുന്നു.

ഓപറേഷന്‍ ഗാലന്റ്‌നൈറ്റ് മൂന്നിന്റെ ഭാഗമായി ഗസ്സ മുനമ്പില്‍ ഇതോടെ 1,273 ട്രക്കുകള്‍ അടങ്ങുന്ന 144 സഹായ വാഹനവ്യൂഹമായി. ഫലസ്തീന്‍ ജനതയ്ക്ക് ഇതുവരെ നല്‍കിയിട്ടുള്ള മൊത്തം യു എ ഇ സഹായം 28,002.5 ടണ്ണില്‍ എത്തിയിട്ടുണ്ട്.

 

Latest