Uae
ശൈഖ് ഹംദാനെ പ്രസിഡന്റ് സ്വീകരിച്ചു; അബുദബിയിലെ അല്‍ ശാതി പാലസിലായിരുന്നു സ്വീകരണം
തലമുറകള്‍ക്ക് കൂടുതല്‍ സമ്പന്നമായ ഭാവി കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിവുകള്‍ ഉപയോഗപ്പെടുത്തുമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.

അബൂദബി | പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ സ്വീകരിച്ചു. ഇന്നലെ അബുദബിയിലെ അല്‍ ശാതി പാലസിലായിരുന്നു സ്വീകരണം.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്്യാന്‍, അബൂദബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്്യാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നീ നിലകളില്‍ നിയമിതനായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് അഭിനന്ദനം കൈമാറുകയും മാതൃരാജ്യത്തിന്റെയും പൗരന്മാരുടെയും കാര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. സ്ഥാപക നേതാക്കളുടെ സമീപനം പ്രാവര്‍ത്തികമാക്കാന്‍ തുടര്‍ന്നും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനും ദേശീയ നേട്ടങ്ങള്‍ സംരക്ഷിക്കാനും ശൈഖ് ഹംദാന്‍ പ്രതിജ്ഞയെടുത്തു. തലമുറകള്‍ക്ക് കൂടുതല്‍ സമ്പന്നമായ ഭാവി കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിവുകള്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.