Connect with us

National

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ട്; വെളിപ്പെടുത്തി വിദേശകാര്യ മന്ത്രി

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയോ എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | ബംഗ്ലാദേശ് കലാപത്തിനു പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് പലായനം ചെയ്ത പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം പുറത്തുവിട്ടത്. കലാപത്തില്‍ ഇന്ത്യ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.

ഭാവി പരിപാടികള്‍ തീരുമാനിക്കും വരെ ഹസീന ഇന്ത്യയില്‍ തുടരും. എന്നാല്‍, അവര്‍ ഇന്ത്യയില്‍ അഭയം തേടിയോ എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. ബംഗ്ലാദേശ് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും പിന്തുണ അറിയിച്ചു.

ബംഗ്ലാദേശ് സേനയുമായി സമ്പര്‍ക്കത്തിലാണെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. കലാപത്തില്‍ വിദേശ ഇടപെടലുണ്ടോ എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച യോഗത്തില്‍ നടന്നു. 13,000ത്തോളം ഇന്ത്യക്കാര്‍ നിലവില്‍ ബംഗ്ലാദേശിലുണ്ട്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യോഗത്തില്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തില്‍ സംബന്ധിച്ചിരുന്നു.

 

Latest