Connect with us

International

ഷെയ്ഖ് ഹസീന ഇന്ത്യയിൽ ഇറങ്ങി; വിമാനം ലാൻഡ് ചെയ്തത് ഹിൻഡൻ വ്യോമതാവളത്തിൽ

ഡല്‍ഹിയില്‍ നിന്ന് അവർ ലണ്ടനിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുകൾ

Published

|

Last Updated

ന്യൂഡല്‍ഹി |കടുത്ത ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവെച്ച് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയതായി റിപ്പോർട്ടുകൾ. ഷെയ്ഖ് ഹസീനയെയും വഹിച്ചുള്ള ബംഗ്ലാദേശ് സൈനിക വിമാനം സി-130 ഉത്തർപ്രദേശിലെ ഹിൻഡൺ എയർ ബേസിൽ ലാൻഡ് ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ സി-17, സി-130ജെ സൂപ്പർ ഹെർക്കുലീസ് എയർക്രാഫ്റ്റ് ഹാംഗറുകൾക്ക് സമീപമാണ് വിമാനം പാർക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് മുതൽ ഗാസിയാബാദിലെ ഹിൻഡൺ എയർബേസിലേക്കുള്ള വിമാനത്തിൻ്റെ ചലനം ഇന്ത്യൻ വ്യോമസേനയും സുരക്ഷാ ഏജൻസികളും നിരീക്ഷിച്ചുവരികയായിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് അവർ ലണ്ടനിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

രാജ്യത്ത് നടപ്പാക്കിയ ജോലി സംവരണ സംവിധാനത്തിനെതിരായ ജനകീയ പ്രക്ഷോഭം അതിരുവിട്ടതോടെ ബംഗ്ലാദേശ് അശാന്തമാണ്. നൂറിലധികം ആളുകൾ രണ്ട് ദിവസത്തെ പ്രക്ഷോത്തിനിടെ കൊല്ലപ്പെട്ടു. ഇതിനിടെ, സൈനിക സമ്മർദത്തെ തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെക്കുകയായിരുന്നു. തുടർന്ന് അവർ രാജ്യം വിടുകയും ചെയ്തു. ഇതിനുപിന്നാലെ പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ വസതി കൈയേറി. ഷെയ്ഖ് ഹസീനയുടെ മുറി പ്രക്ഷോഭകർ കൈയടക്കിയതിന്റെ അടക്കം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തേക്കും.

ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയേക്കുമെന്ന വാർത്തകൾക്ക് പിന്നാലെ രാജ്യത്ത് സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പാലിച്ചുവരികയാണ്.

Latest