International
ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുന്നു; ഖാലിദ സിയയെ മോചിപ്പിക്കും
ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയില്‍ തുടരാനാണ് ഹസീന ഉദ്ദേശിക്കുന്നതെന്ന് സൂചന
ധാക്ക | ബംഗ്ലാദേശിലെ കലാപത്തിനു പിന്നാലെ രാജ്യത്തു നിന്ന് പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുന്നു. ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേനാ താവളത്തില്‍ ഇന്നലെ വൈകീട്ട് ആറോടെ ഇറങ്ങിയ ഷെയ്ഖ് ഹസീനയുടെ അടുത്ത നീക്കത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയില്‍ തുടരാനാണ് ഹസീന ഉദ്ദേശിക്കുന്നതെന്ന് സൂചനയുണ്ട്.
ഖാലിദ സിയയെ മോചിപ്പിക്കും
ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ പ്രതിയോഗിയും മുന്‍ പ്രധാന മന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാന്‍ പ്രഡിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്‍ ഉത്തരവിട്ടിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി എന്‍ പി) നേതാവായ ഖാലിദ സിയയെ മോചിപ്പിക്കാന്‍ പ്രഡിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐകകണ്‌ഠ്യേന തീരുമാനിക്കുകയായിരുന്നു. സൈനിക മേധാവി വഖാറുസ്സമാന്‍, വിവിധ സേനകളിലെ ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 78 കാരിയായ ഖാലിദ സിയയെ 2018ലാണ് 17 വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.
വിദ്യാര്‍ഥി കലാപത്തിന്റെ ഭാഗമായി അറസ്റ്റിലായവരെയും മോചിപ്പിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ക്രമസമാധാനച്ചുമതല സൈന്യം ഏറ്റെടുക്കുകയാണെന്നും ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും സേനാമേധാവി ജനറല്‍ വഖാറുസ്സമാന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
1971 ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയിലുണ്ടായിരുന്ന 30 ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സമരം ആരംഭിച്ചത്. ഇത് പിന്നീട് ഷെയ്ഖ് ഹസീനയുടെ രാജിയില്‍ കലാശിച്ച കലാപമായി വളരുകയായിരുന്നു. സംവരണം സുപ്രീം കോടതി ഇടപെട്ട് അഞ്ചു ശതമാനമായി കുറച്ചതോടെ സംഘര്‍ഷം അല്‍പം തണുത്തിരുന്നെങ്കിലും ‘വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം’ എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കുകയായിരുന്നു. 157 പേരാണ് രണ്ടു ദിവസത്തെ അക്രമ സംഭവങ്ങളിലായി കൊല്ലപ്പെട്ടത്.
ബി എസ് എഫ് അതീവ ജാഗ്രതയില്‍
ബംഗ്ലാദേശ് കലാപത്തെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി മേഖലകളില്‍ ബി എസ് എഫ് അതീവ ജാഗ്രതയില്‍. ബി എസ് എഫ് ഡയറക്ടര്‍ ജനറലിന്റെ ചുമതല വഹിക്കുന്ന ദല്‍ജിത്ത് സിങ് ചൗധരിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം അതിര്‍ത്തി മേഖലകളില്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി.
അതിനിടെ, ഷെയ്ഖ് ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ കാബിനറ്റ് സമിതി യോഗം ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രധാനമന്ത്രിയുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.