International
ഷെയ്ഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങില്ല: മകൻ സജീബ് വാജെദ്
ഞായറാഴ്ച മുതൽ തന്നെ രാജിവെക്കുന്ന കാര്യം ഷെയ്ഖ് ഹസീന പരിഗണിച്ചിരുന്നുവെന്നും കുടുംബത്തിൻ്റെ നിർബന്ധത്തെത്തുടർന്ന് സ്വന്തം സുരക്ഷയ്ക്കായാണ് അവർ രാജ്യം വിട്ടതെന്നും മകൻ
ന്യൂഡൽഹി | ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പടിയിറങ്ങുകയും കലാപബാധിത രാഷ്ട്രത്തിൽ നിന്ന് പലായനം ചെയ്യുകയും ചെയ്ത ഷെയ്ഖ് ഹസീന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് അവരുടെ മകനും മുൻ മുഖ്യ ഉപദേഷ്ടാവുമായ സജീബ് വാജെദ് ജോയ്. രാജ്യത്ത് മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കിടയിലും അവരുടെ സർക്കാരിനെതിരായ ശക്തമായ ജനവികാരത്തിൽ നിരാശയുണ്ടെന്നും അദ്ദേഹം ബിബിസി വേൾഡ് സർവീസിൻ്റെ ന്യൂഷോർ പ്രോഗ്രാമിൽ വ്യക്തമാക്കി.
“അവർ ബംഗ്ലാദേശിനെ അടിമുടി മാറ്റി. അധികാരം ഏറ്റെടുക്കുമ്പോൾ ബംഗ്ലാദേശ് ഒരു പരാജിത സംസ്ഥാനമായിരുന്നു. ദരിദ്ര രാജ്യമായിരുന്നു. എന്നാൽ ഇന്ന് ഏഷ്യയിലെ വളർന്നുവരുന്ന കടുവകളിൽ ഒന്നായാണ് ബംഗ്ലാദേശ് കണക്കാക്കപ്പെട്ടിരുന്നത്” – ജോയ് വ്യക്തമാക്കി.
പ്രതിഷേധക്കാരെയും കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് കടുംപിടുത്തം ഉണ്ടായെന്ന ആരോപണം അവരുടെ മകൻ തള്ളി. “നിങ്ങൾ പോലീസുകാരെ തല്ലിക്കൊന്നിട്ടുണ്ട് – ഇന്നലെ മാത്രം 13 പേരെ. ജനക്കൂട്ടം പോലീസുകാരെ തല്ലിക്കൊന്നാൽ പോലീസ് എന്ത് ചെയ്യുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഞായറാഴ്ച മുതൽ തന്നെ രാജിവെക്കുന്ന കാര്യം ഷെയ്ഖ് ഹസീന പരിഗണിച്ചിരുന്നുവെന്നും കുടുംബത്തിൻ്റെ നിർബന്ധത്തെത്തുടർന്ന് സ്വന്തം സുരക്ഷയ്ക്കായാണ് അവർ രാജ്യം വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ ബംഗ്ലാദേശിൽ സംവരണ വിരുദ്ധ കലാപത്തിൽ 300-ലധികം ആളുകളാണ് മരിച്ചത്. സംവരണത്തിന്റെ പേരിലാണ് അത് ആരംഭിച്ചെങ്കിലും, താമസിയാതെ പ്രധാനമന്ത്രിക്ക് എതിരായ സമരമായി അത് മാറുകയായിരുന്നു.