Kerala
ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍;ജനക്ഷേമം കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച ഭരണാധികാരി: ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍
രാഷ്ട്രീയമായും സാമൂഹികമായും പാരിസ്ഥിതികമായും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന വര്‍ത്തമാന കാലത്ത് അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടമാണ്.
മലപ്പുറം | ജനങ്ങളുടെ ക്ഷേമം എന്നത് രാജ്യഭരണത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ഹാപ്പിനെസ് ഇന്‍ഡക്സില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ യു എ ഇയെ ഉന്നത സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്ത നേതാവായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെന്ന് കേരള മുസ്ലിം ജമാഅത്ത് ജന.സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അനുസ്മരിച്ചു. രാഷ്ട്രീയമായും സാമൂഹികമായും പാരിസ്ഥിതികമായും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന വര്‍ത്തമാന കാലത്ത് അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടമാണ്.
പിതാവും യു എ ഇയുടെ സ്ഥാപക പ്രസിഡന്റുമായ ശൈഖ് സായിദിന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്നായിരുന്നു ശൈഖ് ഖലീഫയുടെ ഭരണം. അറബ്-ഇസ്ലാമിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുതന്നെ ഏറ്റവും പുതിയ ആശയങ്ങളെയും അനുഭവങ്ങളെയും അദ്ദേഹം ഉള്‍ക്കൊണ്ടു. നിര്‍മിതബുദ്ധിക്ക് പ്രത്യേക മന്ത്രാലയമുണ്ടാക്കിയ അതേ ദീര്‍ഘദര്‍ശിത്വത്തോടെ ഹാപ്പിനെസിനു വേണ്ടിയും മന്ത്രിയെ നിയമിച്ചു. ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ ആവേശത്തോടെ യു എ ഇയെ തങ്ങളുടെ ഇഷ്ടരാജ്യമായി പുല്‍കിയത് ശൈഖ് ഖലീഫയുടെ നയനിലപാടുകള്‍ക്കുള്ള അംഗീകാരമായിരുന്നുവെന്നും ഖലീലുല്‍ ബുഖാരി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-യു എ ഇ നയതന്ത്രബന്ധം ആശാവഹമായ തലത്തിലേക്ക് ഉയര്‍ന്നത് ശൈഖ് ഖലീഫയുടെ ഭരണകാലത്താണ്. 35 ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴിലും അതിലൂടെ ജീവിതവും നല്‍കുന്ന ഇമാറാത്തിനോട് നമുക്ക് വലിയ കടപ്പാടുണ്ട്. യു എ ഇയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന കേരളം എക്കാലത്തും ആ നന്ദിയും കടപ്പാടും തിരിച്ചു നല്‍കിയിട്ടുണ്ട്. ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ യു എ ഇക്കും അല്‍ നഹ്യാന്‍ കുടുംബത്തിനും പ്രവാസികള്‍ക്കും ഉണ്ടായിട്ടുള്ള ദുഖത്തില്‍ പങ്കുചേരുന്നു.
ശൈഖ് ഖലീഫക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കാനും മയ്യിത്ത് നിസ്‌കരിക്കാനും എല്ലാ വിശ്വാസികളെയും ഉണര്‍ത്തുന്നു.