Uae
ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍;സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്നേഹിച്ച ഭരണാധികാരി: എംഎ യുസുഫലി
രാഷ്ട്രത്തിനും ലോകത്തിനും തന്റെ പ്രിയപ്പെട്ട ജനതയ്ക്കും മികച്ച സംഭാവനകള്‍ നല്‍കിയ ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം -ഡോക്ടര്‍ ഷംഷീര്‍ വയലില്‍ പറഞ്ഞു
അബൂദബി | യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍ സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്നേഹിച്ച ഭരണാധികാരിയായിരുന്നുവെന്ന് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസുഫലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.ഇരുനൂറോളം രാജ്യങ്ങളില്‍ നിന്ന് ജീവിതോപാധി തേടിയെത്തിയവര്‍ക്ക് ആശ്വാസത്തിന്റെ തുരുത്തായി യുഎഇ മാറിയത് ഭരണാധാകാരിയുടെ നൈപുണ്യം കൊണ്ട് തന്നെയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതവും വികസിതവും സഹിഷ്ണുതയുമുള്ള രാജ്യമായി യുഎഇയെ വളര്‍ത്തിയെടുക്കാന്‍ ശൈഖ് ഖലീഫയുടെ ഭരണത്തിലൂടെ സാധിച്ചുവെന്നും യുസുഫലി പറഞ്ഞു.
ജോലി തേടിയെത്തിയവര്‍ സ്വന്തം രാജ്യത്തെപ്പോലെ ഈ രാജ്യത്തെയും സ്നേഹിക്കുകയും തങ്ങളുടെ മറ്റൊരു വീടാണെന്ന് പറയുകയും ചെയ്യുന്ന രീതിയിലേക്ക് പ്രവാസി മനസ്സുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യൂസുഫലി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ എന്നിവരെ അനുശോചനം അറിയിക്കുകയും പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നതായി യൂസുഫലി പറഞ്ഞു.
യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആകസ്മിക വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. രാഷ്ട്രനിര്‍മ്മാണത്തിന് ശാശ്വത സംഭാവനകള്‍ നല്‍കിയ മഹത്തായ രാഷ്ട്രതന്ത്രജ്ഞനും മാന്യനായ നേതാവുമായി അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും.
2004-ല്‍ പ്രസിഡന്റായി ചുമതലയേറ്റ ശൈഖ് ഖലീഫ ബിന്‍ സായിദ്, തന്റെ ജീവിതകാലം മുഴുവന്‍ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി രാഷ്ട്രത്തെ സേവിച്ചു. രാഷ്ട്രത്തിനും ലോകത്തിനും തന്റെ പ്രിയപ്പെട്ട ജനതയ്ക്കും മികച്ച സംഭാവനകള്‍ നല്‍കിയ ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം -ഡോക്ടര്‍ ഷംഷീര്‍ വയലില്‍ പറഞ്ഞു