Connect with us

Sheikh Khalifa bin Zayed

ശൈഖ് ഖലീഫ: വിട ചൊല്ലിയത് യുഗപ്രഭാവന്‍

ശൈഖ് ഖലീഫയുടെ ഭരണത്തിന്‍ കീഴില്‍ യു എ ഇ മിക്ക വികസന സൂചികകളിലും ഒന്നാം സ്ഥാനത്താണ്. രണ്ട് പതിറ്റാണ്ടിനിടയില്‍ അത്ഭുതകരമായ നേട്ടങ്ങളാണ് യു എ ഇ കൈവരിച്ചത്. ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ ലോകത്ത് തന്നെ മികച്ചതായി. വിദ്യാഭ്യാസ ഗുണമേന്മയില്‍, നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നതില്‍ മുന്‍ നിരയില്‍. അറേബ്യന്‍ മേഖലയില്‍ ആദ്യ ബഹിരാകാശ യാത്രികന്‍ യു എ ഇയില്‍ നിന്നായി. മധ്യ പൗരസ്ത്യ, ആഫ്രിക്കന്‍ മഖലയിലെ ആദ്യ വേള്‍ഡ് എക്സ്പോ ദുബൈക്ക് ലഭിച്ചു. ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്ന് ദുബൈയാണ്. വലുപ്പമേറിയ രാജ്യാന്തര പുസ്തകമേള ഷാര്‍ജയിലേത്. ഇതെല്ലാം ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല. ഭരണാധികാരികളുടെ നിരന്തര ശ്രമം കാരണമാണ്. ശൈഖ് ഖലീഫയുടെ നേതൃ പാടവം മറ്റൊരു യാഥാര്‍ഥ്യം.

Published

|

Last Updated

യു എ ഇയെ സംബന്ധിച്ച് ഒരു യുഗം അവസാനിച്ചു. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വെറുമൊരു ഭരണാധികാരി മാത്രമായിരുന്നില്ല. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റ വേര്‍പാട് സൃഷ്ടിച്ച വലിയ ശൂന്യതയുടെ കാലത്തു നിന്ന് യു എ ഇ ജനതയെ ആധുനിക ലോകത്തേക്ക് തലയെടുപ്പോടെ കൈപിടിച്ച് നടത്തിയ കര്‍മ ധീരതയായിരുന്നു.

2014ല്‍ ഹൃദയാഘാതം വന്ന ശേഷം പതുക്കെ പൊതു മണ്ഡലങ്ങളില്‍ നിന്ന് അകന്നു നിന്നെങ്കിലും ജനങ്ങളുമായി സംവദിക്കാന്‍ എപ്പോഴും ഔല്‍സുക്യം കാട്ടി. വികസനത്തില്‍ യു എ ഇയെ ഒന്നാം നിരയിലെത്തിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഓരോ യു എ ഇ താമസക്കാരനും ആത്മ ബലമായിരുന്നു. ലോകത്തെ കൊവിഡ് ബാധിച്ച രണ്ട് വര്‍ഷം യാതൊരു ആശങ്കയും തോന്നാത്ത വണ്ണം രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ അദ്ദേഹം യത്‌നിച്ചു. രാജ്യത്തിന്റെ മുന്നേറ്റം തന്നെയായിരുന്നു എന്നും അദ്ദേഹത്തിന് പ്രധാനം.

2004 നവംബര്‍ രണ്ടിനാണ് രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ വിട ചൊല്ലിയത്. ഇതോടെ മൂത്ത മകനായ ശൈഖ് ഖലീഫ രാജ്യഭാരം ഏറ്റെടുത്തു. ശൈഖ് സായിദ് മധ്യ പൗരസ്ത്യ മേഖലക്കാകെ മാര്‍ഗദര്‍ശിയായിരുന്നു. യു എ ഇ രൂപവത്ക്കരണത്തില്‍ പ്രധാന പങ്കു വഹിച്ചത് ശൈഖ് സായിദാണ്. എമിറേറ്റുകളെ ഒരു കുടക്കീഴില്‍ കൊണ്ടു വന്ന നയതന്ത്രജ്ഞനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റേ പിന്‍ഗാമി ആകുക എന്നത് ശൈഖ് ഖലീഫക്ക് മുന്നില്‍ വലിയ വെല്ലുവിള ആയിരുന്നുവെങ്കിലും അദ്ദേഹം എല്ലാ ഇടങ്ങളിലും അവസരത്തിനൊത്തുയര്‍ന്നു.

1971 ഡിസംബര്‍ രണ്ടിന് യു എ ഇ രൂപീകൃതമാകുമ്പോള്‍, 26-ആം വയസില്‍ യു എ ഇ ഉപ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. അതിനു മുമ്പ് പിതാവ് ശൈഖ് സായിദിന് കീഴില്‍ ഭരണ പാടവങ്ങള്‍ സ്വായത്തമാക്കിയിരുന്നു.1966 ല്‍ അല്‍ ഐന്‍ പ്രവിശ്യയുടെ മേല്‍നോട്ടം.1969 ല്‍ അബൂദബി കിരീടാവകാശി.

2004 നവം മൂന്നിന് യു എ ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായി. യു എ ഇ ഒരു ചരിത്ര സന്ധിയില്‍ നില്‍ക്കെയായിരന്നു ആ നിയോഗം. പെട്രോ ഡോളര്‍ വരുമാനം ഉണ്ടായിരുന്നെങ്കിലും, ശൈഖ് സായിദിന്റെ സ്വപ്നങ്ങള്‍ ചിലത് ബാക്കിയായിരുന്നു. ബാഹ്യ രാഷ്ട്രീയ വെല്ലുവിളികളും രാജ്യത്ത് ആധി ഉയര്‍ത്തിയിരുന്ന കാലം. ലോക നേതാക്കള്‍ അറബ് സമാധാനത്തിനു യു എ ഇ യെ ഉറ്റു നോക്കുന്നു. ഇത്രയധികം സന്നിഗ്ധതയിലാണ് ശൈഖ് ഖലീഫ ഭരണചക്രം തിരിക്കാന്‍ തുടങ്ങുന്നത്.

പുതുയുഗത്തിലേക്കു യുഎഇയെ അതിവേഗം നയിക്കാന്‍ ശൈഖ് ഖലീഫക്കു കഴിഞ്ഞു. ഓരോ ക്ഷേമപ്രവര്‍ത്തനങ്ങളും രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ടു. അധികാരമേറ്റ ഉടന്‍ 2004 നവംബറില്‍ തന്നെ മന്ത്രിസഭയില്‍ വനിതാപ്രാതിനിധ്യം ഉറപ്പാക്കി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുണയായിരുന്നു എന്ന് വിസ്മരിക്കണ്ടതില്ല. ശൈഖ ലൂബ്ന അല്‍ ഖാസിമി യുഎഇയിലെ ആദ്യ വനിതാ മന്ത്രിയായി. രാജ്യത്തെ പ്രഥമ വനിതാ ജഡ്ജിമാരായി ആലിയ സയിദ് അല്‍ കഅബിയെയും ആതിഖ അവാദ് അല്‍ കത്തീരിയെയും 2008 ജനുവരിയില്‍ നിയമിച്ചു. സര്‍ക്കാരിലെ ഉന്നതപദവികളില്‍ സ്ത്രീകള്‍ക്കു 30% പ്രാതിനിധ്യം നല്‍കി. വാണിജ്യ മേഖലയിലും സ്ത്രീകള്‍ക്കു കൂടുതല്‍ പരിഗണന ലഭിച്ചു.

അധികാരമേറ്റ് ഒരുവര്‍ഷത്തിനകം രാജ്യത്ത് പരിമിതമെങ്കിലും ജനാധിപത്യവല്‍ക്കരണത്തിനുള്ള നടപടികളും ശൈഖ് ഖലീഫ ആരംഭിച്ചിരുന്നു. യുഎഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിലേക്ക് പകുതി പേരെ പൊതു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.
പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസത്തിനകം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ഉത്തരവിട്ടു. പലസ്തീനില്‍ ഗസ മുനമ്പിലെ ശൈഖ് ഖലീഫ നഗരം മുതല്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ ജനക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശൈഖ് ഖലീഫ നടത്തി.

അബുദബിയിലെ മനോഹരമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് ശൈഖ് ഖലീഫയുടെ ആശയമാണ്. മറ്റു മതങ്ങളോട് അങ്ങേയറ്റം സഹിഷ്ണുത കാണിക്കണമെന്നു ഓര്‍മ്മിപ്പിക്കുക മാത്രമല്ല ഇതര മതസ്ഥര്‍ക്ക് ആരാധന കേന്ദ്രങ്ങള്‍ അനുവദിച്ചു മാതൃക കാട്ടുകയും ചെയ്തു അദ്ദേഹം. ശൈഖ് ഖലീഫയുടെ ഭരണത്തിന്‍ കീഴില്‍ യു എ ഇ മിക്ക വികസന സൂചികകളിലും ഒന്നാം സ്ഥാനത്താണ്. രണ്ട് പതിറ്റാണ്ടിനിടയില്‍ അത്ഭുതകരമായ നേട്ടങ്ങളാണ് യു എ ഇ കൈവരിച്ചത്. ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ ലോകത്ത് തന്നെ മികച്ചതായി. വിദ്യാഭ്യാസ ഗുണമേന്മയില്‍, നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നതില്‍ മുന്‍ നിരയില്‍.

അറേബ്യന്‍ മേഖലയില്‍ ആദ്യ ബഹിരാകാശ യാത്രികന്‍ യു എ ഇയില്‍ നിന്നായി. മധ്യ പൗരസ്ത്യ, ആഫ്രിക്കന്‍ മഖലയിലെ ആദ്യ വേള്‍ഡ് എക്സ്പോ ദുബൈക്ക് ലഭിച്ചു. ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്ന് ദുബൈയാണ്. വലുപ്പമേറിയ രാജ്യാന്തര പുസ്തകമേള ഷാര്‍ജയിലേത്. ഇതെല്ലാം ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല. ഭരണാധികാരികളുടെ നിരന്തര ശ്രമം കാരണമാണ്. ശൈഖ് ഖലീഫയുടെ നേതൃ പാടവം മറ്റൊരു യാഥാര്‍ഥ്യം.

ലോകത്ത് ഇനി വരാന്‍ പോകുന്ന മാറ്റങ്ങള്‍ മുന്നില്‍ കണ്ട് ഒരു ചുവട് മുന്നേ യു എ ഇ കുതിക്കുന്നു. അടുത്ത അമ്പത് വര്‍ഷത്തെ അജണ്ട മൂന്ന് വര്‍ഷം മുമ്പ് തന്നെ തയാറാക്കി. രാജ്യത്തിന്റെ 100-ാം വാര്‍ഷികത്തിലേക്കുള്ള ദീര്‍ഘകാല പദ്ധതികള്‍ സമഗ്രമായി ആസൂത്രണം ചെയ്തു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വികസനത്തിന്റെ പുതിയ യുഗത്തിലേക്ക് യു എ ഇയെ നയിക്കുന്നതിനായി 2021 സെപ്റ്റംബറില്‍ ’50-ന്റെ പദ്ധതികള്‍’ പ്രഖ്യാപിച്ചു.

2021 ഫെബ്രുവരി ഒന്പതിന് ചൊവ്വയിലേക്ക് ചരിത്രപരമായ കുതിപ്പ് നടത്തി. ചൊവ്വയിലെത്തുന്ന ആദ്യ അറബ് രാഷ്ട്രമായി യു എ ഇ മാറി. 2022ല്‍ ചാന്ദ്ര ദൗത്യം വരുന്നു. 2028-ഓടെ ശുക്ര ഗ്രഹത്തെയും സൗരയൂഥത്തിന്റെ ഛിന്നഗ്രഹ വലയത്തെയും പര്യവേഷണം ചെയ്യും. ‘മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു’ എന്ന സന്ദേശത്തിനു കീഴില്‍ എക്സ്പോ 2020ക്കറ ആതിഥേയത്വം വഹിക്കുന്നതിനായി യു എ ഇ ജബല്‍ അലിയിലെ മരുഭൂമി പ്രദേശത്തെ ഭാവി നഗരമാക്കി മാറ്റി.

യു എ ഇ റോഡുകളില്‍ സ്വയം നിയന്ത്രിത വാഹനങ്ങള്‍ പരീക്ഷിക്കുന്നതിന് താത്കാലിക ലൈസന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. തൊട്ടുപിന്നാലെ, അബൂദബി ആദ്യ ഡ്രൈവറില്ലാ ടാക്സി പുറത്തിറക്കി. 2030 ഓടെ പൊതുഗതാഗതത്തിന്റെ 25 ശതമാനവും സ്വയം നിയന്ത്രിത വാഹനങ്ങള്‍ ഏറ്റെടുക്കും. ദുബൈ പറക്കും കാറുകളും പരീക്ഷിക്കുന്നുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകവുമായി യു എ ഇ ചടുലമായ ഘടനയെ പൊരുത്തപ്പെടുത്തുന്നു.

വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ രൂപവത്കരണം, ഡിജിറ്റല്‍ സമ്പദ്്വ്യവസ്ഥയുടെയും റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകളുടെയും മേല്‍നോട്ടം വഹിക്കുന്നതിന് നിര്‍മിത ബുദ്ധി മന്ത്രാലയത്തിന്റെ വിപുലീകരണം എന്നിവയുള്‍പെടെ കൊവിഡ് അനന്തര കാലത്തേക്ക് യു എ ഇ ഒരുങ്ങിയിറങ്ങിയിരിക്കുന്നു.

ഇതിനിടെ, സന്തോഷത്തിനും സഹിഷ്ണുതക്കും സഹവര്‍ത്തിത്വത്തിനും യുവജനകാര്യങ്ങള്‍ക്കുമായി ലോകത്ത് ആദ്യമായി മന്ത്രിമാരെ നിയമിച്ചത് യു എ ഇയാണ്. എല്ലാ മേഖലകളിലും സുസ്ഥിര വികസനം കൈവരിക്കുന്നതിന് നിരവധി ആസൂത്രണങ്ങള്‍. ഹരിതഗൃഹ വാതക ഉദ്്വമനം പൂര്‍ണമായും ഇല്ലാതാക്കുക പ്രധാന ലക്ഷ്യമാണ്. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള ആഗോള സംഭാവനയെ ശക്തിപ്പെടുത്തി, 2030-ല്‍ കോപ്പ് 28 ഉച്ചകോടി യു എ ഇയില്‍ നടക്കും.

അബൂദബിയുടെ ‘ഗദാന്‍ 21’, ‘ദുബൈ ഫ്യൂച്ചര്‍ ആക്സിലറേറ്ററുകള്‍’ എന്നിവ മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും. 2006 മുതല്‍ പുനരുപയോഗ ഊര്‍ജത്തില്‍ യു എ ഇയുടെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അബൂദബിയിലെ മസ്ദര്‍ പോലുള്ള ഭാവി കേന്ദ്രീകൃത സ്ഥാപനങ്ങള്‍ ലോകത്തിനു വലിയ പ്രതീക്ഷയാണ്. ശൈഖ് ഖലീഫയുടെ വിയോഗം യു എ ഇ മറ്റൊരു കാലത്തേക്കുള്ള കുതിപ്പിനിടയിലാണെങ്കിലും എല്ലാം ഭദ്രമാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആ ദീപശിഖ ഏന്തും. ശൈഖ് ഖലീഫ ഒരിക്കലും മറക്കാന്‍ കഴിയാത്ത പ്രകാശ ഗോപുരമാകും.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest