Uae
ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ അമേരിക്കൻ സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കമാവും
യു എ ഇയും യു എസും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം, അമ്പത് വർഷത്തിലേറെ പഴക്കമുള്ള സഹകരണവും തന്ത്രപരമായ പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ തുടങ്ങിയവ ചർച്ചയിൽ ഉൾപ്പെടും
അബൂദബി | പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ അടുത്ത തിങ്കളാഴ്ച അമേരിക്കയിലേക്കുള്ള ഔദ്യോഗിക സന്ദർശനം ആരംഭിക്കും. പ്രസിഡന്റ്സ്ഥാനം ഏറ്റെടുത്തത്തിന് ശേഷമുള്ള ആദ്യ വാഷിംഗ്ടൺ സന്ദർശനമാണിത്.അമേരിക്കൻ പ്രസിഡന്റ്ജോ ബൈഡനുമായും പിൻഗാമിയായി മത്സരിക്കുന്ന വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും ശൈഖ് മുഹമ്മദ് പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
യു എ ഇയും യു എസും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം, അമ്പത് വർഷത്തിലേറെ പഴക്കമുള്ള സഹകരണവും തന്ത്രപരമായ പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ തുടങ്ങിയവ ചർച്ചയിൽ ഉൾപ്പെടും. സമ്പദ്്വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം, പുനരുത്പാദിപ്പിക്കാവുന്ന ഊർജം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത പരിഹാരങ്ങൾ, കൂടുതൽ വികസിതവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടിനെ സേവിക്കുന്ന മറ്റ് കാര്യങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാൻ ശൈഖ് മുഹമ്മദ് നിരവധി അമേരിക്കൻ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
ഗസ്സയിലെ പ്രതിസന്ധി, അവിടത്തെ മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിൽ യു എ ഇയുടെ സുപ്രധാന പങ്ക്, സുഡാനിലെ പ്രതിസന്ധി എന്നിവ ചർച്ചയിൽ വരുമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്.