Connect with us

Ongoing News

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്

61കാരനായ ശൈഖ് മുഹമ്മദ് യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റും അബുദബിയുടെ 17ാമത്തെ ഭരണാധികാരിയുമാകും.

Published

|

Last Updated

ദുബൈ | യു എ ഇയുടെ പുതിയ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായി അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനെ തിരഞ്ഞെടുത്തു. യുഎഇ സുപ്രീം കൗണ്‍സിൽ യോഗമാണ് പുതിയ പ്രസിഡന്റിനെ തീരുമാനിച്ചത്. 61കാരനായ ശൈഖ് മുഹമ്മദ് യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റും അബുദബിയുടെ 17ാമത്തെ ഭരണാധികാരിയുമാകും.

യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ ശൈഖ് മുഹമ്മദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. 2004ലാണ് ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ് യാനെ യുഎഇ കിരീടാവകാശിയായി പ്രഖ്യാപിച്ചത്.

1961 മാർച്ച് 11ന് അൽ ഐനിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. രാഷ്ട്രപിതാവും യു എ ഇയുടെ ആദ്യ പ്രസിഡന്റുമായിരുന്ന ശെെഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‍യാന്റെ മൂന്നാമത്തെ മകനാണ്. പിതാവിന്റെയും മാതാവ് ശെെഖ ഫാത്തിമ ബിൻത് മുബാറക്കിന്റെയും ശിക്ഷണത്തിലായിരുന്നു ബാല്യം. ശെെഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ ബിൻ സായിദ് ബിൻ ഖലീഫ ബിൻ ശഖ്ബൗത്ത് ബിൻ തിയാബ് ബിൻ ഇസ്സ ബിൻ നഹ്‍യാൻ ബിൻ ഫലാഹ് ബിൻ യാസ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ശെെഖ സലാമ ബിൻത് ഹംദാൻ അൽ നഹ്‍യാൻ ആണ് ഭാര്യ. നാല് ആൺമക്കളും അഞ്ച് പെൺമക്കളുമുണ്ട്.

ശെെഖ് മുഹമ്മദ് 18 വയസ്സുവരെ അൽ ഐനിലെയും അബുദബിയിലെയും സ്കൂളുകളിൽ വിദ്യാഭ്യാസം നേടി. 1979-ൽ അദ്ദേഹം പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ ചേർന്നു. അവിടെ അദ്ദേഹം സെെനിക പരിശീലനം നേടി.

1979 ഏപ്രിലിൽ ബിരുദം നേടിയ ശേഷം ഷാർജയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് കോഴ്സിൽ ചേരാൻ യു ഇ യിലേക്ക് മടങ്ങി. അമീരി ഗാർഡിലെ ഓഫീസർ, യു.എ.ഇ എയര്ഫോഴ്സിലെ പൈലറ്റ് തുടങ്ങി യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്ഡര് വരെയുള്ള നിരവധി റോളുകളിൽ അദ്ദേഹം സേവനമനുഷ്ടിച്ചു.

അന്തരിച്ച ശെെഖ് സായിദിന്റെയും അന്തരിച്ച ശെെഖ് ഖലീഫയുടെയും നിർദ്ദേശപ്രകാരം, തന്ത്രപരമായ ആസൂത്രണം, പരിശീലനം, സംഘടനാ ഘടന, പ്രതിരോധ ശേഷികൾ പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ യു എ ഇ സായുധ സേനയെ വികസിപ്പിക്കാൻ ശെെഖ് മുഹമ്മദ് ശ്രമങ്ങൾ നടത്തി. ശെെഖ് മുഹമ്മദിന്റെ നേരിട്ടുള്ള മാർഗനിർദേശവും നേതൃത്വവും യു എ ഇ സായുധ സേനയെ പല അന്താരാഷ്ട്ര സൈനിക സംഘടനകളും അസൂയയോടെ കാണുന്ന പ്രമുഖ സ്ഥാപനമായി മാറ്റി.

യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സുപ്രിം കൗണ്‍സില്‍ അംഗങ്ങളായ വിവിധ എമിറേറ്റിലെ ഭരണാധികാരികളും

അബുദബി എമിറേറ്റിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും മികച്ച അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായി അവയെ പരിപോഷിപ്പിക്കാനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടയാളാണ് ശെെഖ് മുഹമ്മദ്. ശെെഖ് മുഹമ്മദ് അബുദബി വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാനായി ചുമതലയേറ്റതു മുതൽ, ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും തിങ്ക് ടാങ്കുകളുമായും പങ്കാളിത്തം സ്ഥാപിക്കാൻ അക്ഷീണം പ്രയത്നിച്ചു.

യു എ ഇയിൽ നിന്നും ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ജോർദാൻ, മൊറോക്കോ, മലേഷ്യ, പാകിസ്താൻ, യു എസ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, ചൈന, ദക്ഷിണ കൊറിയ, മോണ്ടിനെഗ്രോ, കൊസോവോ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നും ഐക്യരാഷ്ട്രസഭയിൽ നിന്നും  ശെെഖ് മുഹമ്മദിന് നിരവധി പ്രശംസകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വെെകീട്ടാണ് യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായിരുന്ന ശെെഖ് ഖലീഫ ബിൻ സായിദ് അല നഹ്‍യാൻ വിടവാങ്ങിയത്.

---- facebook comment plugin here -----

Latest