Uae
ഗ്ലോബല്‍ വിമന്‍സ് ഫോറത്തില്‍ ശൈഖ് മുഹമ്മദ് പങ്കെടുത്തു
സ്ത്രീകളെ ശാക്തീകരിക്കുന്നതിന് തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള വേദിയെന്ന നിലയില്‍ ഫോറത്തിന്റെ പ്രാധാന്യം ശൈഖ് മുഹമ്മദ് എടുത്തു പറഞ്ഞു
ദുബൈ| ദുബൈ ഗ്ലോബല്‍ വിമന്‍സ് ഫോറം മൂന്നാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പങ്കെടുത്തു. ദുബൈയിലെ ആദ്യ ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയിലെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹ്്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും സന്നിഹിതരായിരുന്നു.
വനിതാ ശാക്തീകരണത്തിനും ലിംഗ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുമായി സമര്‍പ്പിതരായ പ്രമുഖ അന്തര്‍ദേശീയ വ്യക്തികള്‍, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര സ്ഥാപനങ്ങളിലെയും സ്വകാര്യമേഖലയിലെയും പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 6,000-ത്തിലധികം പങ്കാളികള്‍ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുന്നതിന് തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള വേദിയെന്ന നിലയില്‍ ഫോറത്തിന്റെ പ്രാധാന്യം ശൈഖ് മുഹമ്മദ് എടുത്തുകാണിച്ചു. സ്ത്രീ ശാക്തീകരണം, ലിംഗ സന്തുലിതാവസ്ഥ എന്നീ മേഖലകളിലെ യു എ ഇയുടെ പുരോഗതിയില്‍ അഭിമാനം പ്രകടിപ്പിച്ച ശൈഖ് മുഹമ്മദ്, സ്ത്രീകളുടെ സാധ്യതകളിലുള്ള രാജ്യത്തിന്റെ അചഞ്ചലമായ വിശ്വാസത്തിനും എല്ലാ സുപ്രധാന മേഖലകളിലും മികവ് പുലര്‍ത്താന്‍ അവരെ പ്രാപ്തരാക്കുന്ന പിന്തുണ നല്‍കുന്നതിനുള്ള പ്രതിബദ്ധതക്കും ഊന്നല്‍ നല്‍കി.
ഉദ്ഘാടന ചടങ്ങില്‍ റിപ്പബ്ലിക് ഓഫ് തുര്‍ക്കിയുടെ പ്രഥമ വനിത എമിന്‍ ഉര്‍ദുഗാനും പാക്കിസ്ഥാന്റെ പ്രഥമ വനിത ആസിഫ ഭൂട്ടോ സര്‍ദാരി, ഫിലിപ്പീന്‍സിന്റെ പ്രഥമ വനിത ലൂയിസ് അരനെറ്റ മാര്‍ക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന സെഷനില്‍ ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്വീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ ഘോബാഷ്, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരും പങ്കെടുത്തു.