Uae
ഹത്ത വികസന പദ്ധതി അവലോകനം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി നടപ്പിലാക്കിയ ഹത്ത വെള്ളച്ചാട്ടം പദ്ധതിയുടെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് നിര്‍വഹിച്ചു.
ദുബൈ| ദുബൈ എമിറേറ്റിലെ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും വികസനം നിര്‍ത്തുന്നില്ലെന്നും നിരന്തരമായ അവലോകനത്തിനും അപ്‌ഡേറ്റിംഗിനും വിധേയമാണെന്നും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. ദുബൈ പ്ലാനിന്റെ ഭാഗമായി നടപ്പാക്കുന്ന വികസന സംരംഭങ്ങളുടെയും പദ്ധതികളുടെയും പുരോഗതി വിലയിരുത്തുന്നതിന് നടത്തിയ ഫീല്‍ഡ് സന്ദര്‍ശനങ്ങളുടെ ഭാഗമായി ഇന്നലെ ഹത്ത മേഖല സന്ദര്‍ശിച്ച അവസരത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഗോള നിലവാരമനുസരിച്ച് ഏറ്റവും മികച്ച ജീവിത നിലവാരം നല്‍കുന്ന ദുബൈ ജീവിക്കാനും ജോലി ചെയ്യാനും സന്ദര്‍ശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായിരിക്കും അദ്ദേഹം തുടര്‍ന്നു.
റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഡയറക്ടര്‍ ജനറലും ഹത്ത മേഖലയുടെ വികസനത്തിന് മേല്‍നോട്ടം വഹിക്കാനുള്ള സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ ഹത്ത സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികളുടെ പുരോഗതി വിശദീകരിച്ചു. ഏകദേശം മൂന്നര ബില്യണില്‍ അധികം ചെലവില്‍ 65 പ്രോജക്ടുകളാണ് ഇവിടെ നടപ്പിലാക്കുന്നത്. വിന്റര്‍ ഹത്ത 2024 സംരംഭത്തിന്റെ ഭാഗമായുള്ള അഞ്ച് ഉത്സവങ്ങളിലൊന്നായ ‘ശതനാ ഹത്ത’ ഫെസ്റ്റിവല്‍ ഏരിയ ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു. ഫെസ്റ്റിവലിനെ കുറിച്ച് ബ്രാന്‍ഡ് ദുബൈ ഡയറക്ടര്‍ ശൈമ അല്‍ സുവൈദി വിശദീകരണം നല്‍കി.
ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി നടപ്പിലാക്കിയ ഹത്ത വെള്ളച്ചാട്ടം പദ്ധതിയുടെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് നിര്‍വഹിച്ചു. 30 ദശലക്ഷം ഗാലന്‍ ശേഷിയുള്ള വാട്ടര്‍ ടാങ്ക് പദ്ധതി, മൈക്രോ ഡിസ്റ്റിലേഷന്‍ സംവിധാനമുള്ള വാട്ടര്‍ സ്റ്റേഷന്‍ പദ്ധതി എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
ശ്രദ്ധേയമായി ഹത്ത ചുവര്‍ചിത്രം
1.2 ദശലക്ഷം പ്രകൃതിദത്ത മാര്‍ബിള്‍ കഷണങ്ങള്‍ ഉപയോഗിച്ച് അണക്കെട്ടിന്റെ ഭാഗത്ത് മൊസൈക്ക് ചുവര്‍ച്ചിത്രം നിര്‍മിച്ചിട്ടുണ്ട്. ശൈഖ് സായിദ്, ശൈഖ് റാശിദ് എന്നിവരുടെ ചിത്രമുള്ള ചുവര്‍ചിത്രം 2,199 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ലോകത്തിലെ ഏറ്റവും വലിയ മൊസൈക് പാനലാണ്. നിരവധി റീട്ടെയില്‍ സ്റ്റോറുകളും റെസ്റ്റോറന്റുകളും കഫേകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയുമായി സഹകരിച്ച് ഹത്ത മേഖലയില്‍ നടപ്പിലാക്കുന്ന മൂന്ന് പദ്ധതികളും ശൈഖ് മുഹമ്മദ് അവലോകനം ചെയ്തു. ക്രിസ്റ്റല്‍ ലഗൂണ്‍ ബീച്ച്, വിശ്രമകേന്ദ്രങ്ങള്‍, കാല്‍നട നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍, റെസ്റ്റോറന്റുകള്‍, ഫുഡ് ട്രക്കുകള്‍, ഔട്ട്ഡോര്‍ സിനിമ എന്നിവ നല്‍കുന്ന കൃത്രിമ തടാകം ഉള്‍പ്പെടുന്നതാണ് ഇതിലൊന്ന്.