Connect with us

Uae

പൗരന്മാർക്കുള്ള ഭവന പദ്ധതി പുരോഗതി ശൈഖ് മുഹമ്മദ് അവലോകനം ചെയ്തു

1.4 ബില്യൺ ദിർഹം ചെലവിൽ 672 വില്ലകൾ നിർമിക്കുന്നതാണ് ഈ പദ്ധതി.

Published

|

Last Updated

ദുബൈ| ദുബൈയിലെ വാദി അൽ അമർദി പ്രദേശത്ത് പൗരന്മാർക്കുള്ള ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഭവന പദ്ധതിയുടെ പുരോഗതി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അവലോകനം ചെയ്തു. 1.4 ബില്യൺ ദിർഹം ചെലവിൽ 672 വില്ലകൾ നിർമിക്കുന്നതാണ് ഈ പദ്ധതി. കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള എൻഡോവ്മെന്റ് മാർക്കറ്റുകൾ, പള്ളി, പൊതു പാർക്ക്, സേവന സൗകര്യങ്ങൾ എന്നിവ ഇതിലുണ്ട്.

പുതിയ റെസിഡൻഷ്യൽ പ്രോജക്റ്റിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നത് ശൈഖ് മുഹമ്മദിന്റെ ഭാര്യ ശൈഖ ഹിന്ദ് ബിൻത് മക്തൂമാണ്. അന്തരിച്ച പുത്രൻ ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ പേരാണ് പദ്ധതിക്ക് നൽകിയത്. അവർ ആരംഭിച്ച ശൈഖ ഹിന്ദ് ബിൻത് മക്തൂം ഫാമിലി പ്രോഗ്രാമിന്റെ ഭാഗമാണ് ഈ പദ്ധതി. ഉയർന്ന ജീവിത നിലവാരവും ക്ഷേമവും ലഭ്യമാക്കുന്നതിനൊപ്പം, സ്ഥിരതയും സുഖസൗകര്യങ്ങളും പ്രോത്സാഹിപ്പിക്കുന്ന പൂർണമായ സംയോജിത അന്തരീക്ഷം ഓരോ പൗരനും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

നാല് ഘട്ടങ്ങളായാണ് പദ്ധതി പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിലെ 124 വീടുകൾ 2026ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാം ഘട്ടത്തിൽ 208 വീടുകൾ 2027-ലും മൂന്നാം ഘട്ടത്തിൽ 199 വീടുകൾ 2029ലും വിതരണം ചെയ്യും. 141 വീടുകൾ ഉൾപ്പെടുന്ന നാലാം ഘട്ടം 2032 ൽ പൂർത്തിയാകും.