Uae
ശൈഖ് മുഹമ്മദ് ഖസര്‍ അല്‍ ഹുസ്നില്‍ പതാക ഉയര്‍ത്തി; ഇനി ആഘോഷ ദിനങ്ങള്‍
നവംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ മൂന്ന് വരെ നീണ്ടുനില്‍ക്കുന്ന ആഘോഷം ദുബൈ പ്രഖ്യാപിച്ചിട്ടുണ്ട്.
അബൂദബി|യു എ ഇ പതാക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ ഖസര്‍ അല്‍ ഹുസ്നില്‍ പതാക ഉയര്‍ത്തി. മികവ് തെളിയിച്ച നിരവധി വിദ്യാര്‍ഥികളോടൊപ്പമാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ‘അവരുടെ നിശ്ചയദാര്‍ഢ്യത്തോടെയും സമര്‍പ്പണത്തോടെയും എല്ലാ മേഖലകളിലെയും മികവോടെ പതാക ഉയരത്തില്‍ പാറിപ്പറക്കും.’ അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആഹ്വാനത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിന് രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങള്‍ രാവിലെ 11ന് ഒരേ സമയം പതാക ഉയര്‍ത്തി ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു.
ഇതോടെ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കും രാജ്യത്ത് തുടക്കമായിരിക്കുകയാണ്.
നവംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ മൂന്ന് വരെ നീണ്ടുനില്‍ക്കുന്ന ആഘോഷം ദുബൈ പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബിയില്‍ ശൈഖ് സായിദ് ഫെസ്റ്റിവലും ഇതോടൊന്നിച്ചുവരുന്നു. വെടിക്കെട്ട്, പരേഡുകള്‍, സംഗീതകച്ചേരികള്‍, ലൈറ്റ് ഷോകള്‍, വിമാനത്താവളങ്ങളിലെ ഇവന്റുകള്‍, സീസണല്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ നിരവധി പരിപാടികളോടെയാണ് ആഘോഷങ്ങള്‍ നടക്കുക.