Uae
ശൈഖ് സുൽത്താൻ; 53 വർഷം അടയാളപ്പെടുത്തിയ ഭരണാധികാരി
ആർദ്രത, ഔദാര്യം, വിനയം എന്നിവയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഷാർജയുടെ വിജയരഹസ്യം.
ഷാർജ| സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഭരണ സാരഥ്യത്തിലേറിയതിന്റെ 53-ാം വർഷം ആഘോഷിക്കുന്നു. അമ്പത്തിമൂന്ന് വർഷത്തിനിടയിൽ, ഷാർജയിലെ ജനസമൂഹത്തിന് ദൈനംദിന സേവനങ്ങളുടെ നിലക്കാത്ത ഒഴുക്ക് സാധ്യമാക്കാൻ അദ്ദേഹം അത്യധ്വാനമാണ് നടത്തിയത്.
പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ, മാന്യമായ പാർപ്പിടം, ആരോഗ്യം, സാമൂഹിക ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ അതിവിപുലമായ നവീകരണമാണ് ഈ കാലഘട്ടത്തിൽ നടന്നത്. 1970-കളുടെ അവസാനം മുതൽ ഷാർജയുടെ സാംസ്‌കാരിക മേഖലയും തുടർച്ചയായ പരിഷ്‌കരണത്തിന് വിധേയമായിട്ടുണ്ട്. അത് ഇന്നും തുടരുന്നു. അറബ്, അന്തർദേശീയ പ്രതിച്ഛായ വർധിപ്പിക്കുന്നതിന് നഗരം മികച്ച സംഭാവന നൽകുന്നു.
അറിവ്, സാഹിത്യം, സംസ്‌കാരം എന്നിവയോടുള്ള അഗാധമായ പ്രതിബദ്ധതക്ക് പേരുകേട്ടതാണ് എമിറേറ്റ്. അത്യാധുനിക വികസന സംരംഭങ്ങൾ ഏറ്റെടുക്കുകയും ആധുനികവത്കരണ പരിപാടികൾ നടപ്പിലാക്കുകയും വരണ്ട ഭൂപ്രകൃതികളെയും പർവതപ്രദേശങ്ങളെയും സൗന്ദര്യാത്മക ആകർഷണ കേന്ദ്രങ്ങളാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്തു. ഗ്രാമീണ സമൂഹങ്ങളിലുടനീളം സമകാലികവും പരിഷ്‌കൃതവുമായ ജീവിതരീതികൾ പ്രചരിപ്പിക്കുകയും റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ ശൃംഖലകൾ വിപുലീകരിക്കുകയും ചെയ്തു. അവ ഇപ്പോഴും തുടരുകയും ചെയ്യുന്നു.
പിതൃതുല്യമായ പെരുമാറ്റം, തുറന്ന മനസ്സ്, വറ്റാത്ത പുഞ്ചിരി, ബഹുമാനം, ദയ, സഹിഷ്ണുത എന്നിവയുടെ ധാർമികതയെ സ്വാഗതം ചെയ്യുന്ന രീതിയിൽ ആശയവിനിമയം നടത്താനുള്ള കഴിവ് എന്നിവ ഭരണാധികാരിയുടെ സവിശേഷതയാണ്. ഈ സന്തുലിതവും വിദ്യാസമ്പന്നവുമായ നേതൃപാടവമാണ് ഷാർജയെ നയിച്ചത്. പൗരന്മാർക്ക് അവരുടെ ബുദ്ധിമുട്ടുകളുടെ സ്വഭാവമോ വ്യാപ്തിയോ പരിഗണിക്കാതെ പരിഹാരം കണ്ടെത്താൻ അദ്ദേഹത്തിനായി. ആർദ്രത, ഔദാര്യം, വിനയം എന്നിവയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഷാർജയുടെ വിജയരഹസ്യം.
ചരിത്ര ഗവേഷണത്തിലും എഴുത്തിലും ഏർപ്പെട്ട വ്യക്തിത്വം കൂടിയാണ് അദ്ദേഹം. അങ്ങനെ എൺപതിലധികം കൃതികൾ പിറവി കൊണ്ടു. ഹൗസ് ഓഫ് വിസ്ഡം, ഡോ. സുൽത്താൻ സെന്റർ, ഷാർജ പബ്ലിഷിംഗ് സിറ്റി തുടങ്ങിയ അദ്ദേഹം മുന്നോട്ടുവെച്ച മ്യൂസിയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും സംരംഭങ്ങളും ചരിത്രപരവും അതുല്യവുമാണ്. ഈ പ്രദേശത്തിന്റെ ബൗദ്ധിക ചരിത്രവും സാംസ്‌കാരിക പൈതൃകവും രൂപപ്പെടുത്തിയ പ്രഗത്ഭരായ ദാർശനികരുടെ കൂട്ടത്തിൽ കൂടി എഴുതിച്ചേർക്കപ്പെട്ട വ്യക്തിത്വമാണ് ശൈഖ് ഡോ. സുൽത്താൻ.
---- facebook comment plugin here -----