Connect with us

Uae

ശൈഖ് സായിദ്: ഹൃദയങ്ങളിൽ ജീവിക്കുന്ന നായകന്റെ സ്മരണയിൽ രാജ്യം

നാല് ദശലക്ഷത്തിലധികം കാഴ്ച്ചകാരുമായി #OurMoralityAre Zayed'sMorality എന്ന ഹാഷ്ടാഗ് ആഗോളതലത്തിൽ ട്രെൻഡുചെയ്തു.

Published

|

Last Updated

യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാന്റെ അനുസ്മരണ ദിനം നാളെ. ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹികളിലൊരാളായ ബാബാ സായിദിന്റെ മരിക്കാത്ത ഓർമ പുതുക്കിക്കൊണ്ടാണ് ഈ ദിനം സായിദ് മാനവിക ദിനമായി ആചരിക്കുന്നത്.
തുല്യതയില്ലാത്ത വിശാല മാനവികതയുടെ പ്രതീകമായാണ് ശൈഖ് സായിദ് ഓർമിക്കപ്പെടുന്നത്. ആവശ്യമുള്ള എല്ലാവർക്കും എപ്പോഴും സഹായവും ആശ്വാസവും നൽകാൻ അദ്ദേഹം  ഉത്സുകനായിരുന്നു. ലോക സമൂഹത്തിന്റെ സുരക്ഷ, സ്ഥിരത, ക്ഷേമം അദ്ദേഹത്തിന്റെ മുഖ്യ ചിന്താവിഷയമായി മാറി.

2004 റമസാൻ 19ന് സന്ധ്യാ പ്രാർഥനയുടെ സമയത്താണ് യു എ ഇ ജനതയെ ഇരുട്ടിന്റെ മൂടുപടത്തിലേക്ക് നയിച്ച ആ വിയോഗം. 20 ആണ്ട് പിന്നിട്ടിട്ടും ബാബാ സായിദിന്റെ വിയോഗം ജനതക്ക് ഇന്നും മറക്കാനാകാത്ത ഓർമയായി നിലനിൽക്കുന്നു. സ്ഥാപക പിതാവിന്റെ പാരമ്പര്യം ഇപ്പോഴും അവരുടെ ഹൃദയങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നതിന്റെ തെളിവുകൂടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ആയിരക്കണക്കിന് പോസ്റ്റുകൾ. നാല് ദശലക്ഷത്തിലധികം കാഴ്ച്ചകാരുമായി #OurMoralityAre Zayed’sMorality എന്ന ഹാഷ്ടാഗ് ആഗോളതലത്തിൽ ട്രെൻഡുചെയ്തു. യു എ ഇയിൽ എക്സ് പ്ലാറ്റ്ഫോമിലെ ട്രെൻഡിംഗ് വിഷയങ്ങളുടെ പട്ടികയിൽ ഇത് ഒന്നാമതെത്തി.

വിനയം, ബഹുമാനം എന്നിവ ആവശ്യമുള്ള സോഷ്യൽ മീഡിയ ലോകത്ത് ധാർമികത വാക്കുകളിലും പ്രവൃത്തികളിലും കൊണ്ടുവന്ന നേതാവായിരുന്നു ശൈഖ് സായിദ്. ആ ധാർമികത യു എ ഇയിലെ ജനങ്ങൾക്ക് ഉറച്ച സമീപനമായും വഴികാട്ടിയായും നിലനിൽക്കും. അദ്ദേഹം കാണിച്ച സഹിഷ്ണുത, ആധികാരികത, ഔദാര്യം എന്നീ ഉദാത്ത മൂല്യങ്ങളുടെ അംബാസഡർമാരാകാനും മാനുഷിക സമീപനത്തിന്റെ തിളക്കമുള്ള പ്രതിച്ഛായ പിൻപറ്റാനുമുള്ള സന്ദേശങ്ങളാണ് ഇതിൽ നിറഞ്ഞത്.

അദ്ദേഹത്തിന്റെ സമീപനം മാനവികതയുടെയും പരിധിയില്ലാത്ത ദാനത്തിന്റെയും ഒരു പാഠശാലയായിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനം, തലമുറകൾക്ക് വർത്തമാനത്തിലും ഭാവിയിലും പ്രചോദനം ഉൾക്കൊള്ളാൻ കഴിയുന്ന കാലാതീതമായ പാഠങ്ങൾ നൽകിയെന്നും ഓരോ ഇമാറാത്തിയുടെയും ഹൃദയത്തിൽ, ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും വികസനത്തിന്റെയും പ്രതീകമായി അദ്ദേഹം വസിക്കുന്നുവെന്നും സന്ദേശങ്ങൾ വ്യക്തമാക്കി.

Latest