Uae
ശൈഖ ബുദൂറിന്റെ പുസ്തകം പുറത്തിറങ്ങി
മാതൃഹൃദയം സംബന്ധിച്ചുള്ള പുസ്തക പരമ്പരയില്‍ ആദ്യത്തേതാണിത്.
ഷാര്‍ജ| കലിമ ഗ്രൂപ്പിന്റെ സ്ഥാപക ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി തന്റെ ഏറ്റവും പുതിയ സാഹിത്യ സൃഷ്ടിയായ ‘മമ്മി’ ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മാതൃഹൃദയം സംബന്ധിച്ചുള്ള പുസ്തക പരമ്പരയില്‍ ആദ്യത്തേതാണിത്. മാതാവും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ മുലയൂട്ടലിന്റെ അഗാധമായ പങ്കിനെ ആദ്യ പുസ്തകം പര്യവേഷണം ചെയ്യുന്നു.
കുട്ടിയുടെ ശാരീരികവും മാനസികവും വൈജ്ഞാനികവുമായ വികാസ സ്വാധീനത്തിലേക്ക് വെളിച്ചം വീശുന്നു. മാതാവിന്റെ പാലും ശബ്ദവും സ്പര്‍ശവും കുഞ്ഞിന്റെ സുരക്ഷിതത്വവും ക്ഷേമവും എങ്ങനെ വളര്‍ത്തിയെടുക്കുന്നുവെന്ന് വിശദീകരിക്കുന്നു. മമ്മിയുടെ ശബ്ദം, മമ്മിയുടെ പാല്‍, മമ്മിയുടെ മുടി തുടങ്ങിയ തലക്കെട്ടുകളോടെ, മുലയൂട്ടല്‍ സമയത്ത് രൂപപ്പെടുന്ന ആത്മബന്ധവും വൈകാരികവുമായ അടുപ്പവും അവതരിപ്പിക്കുന്നു.
ശൈഖ ബുദൂറിനായി കലിമ ഗ്രൂപ്പ് പ്രത്യേക പുസ്തക ഒപ്പിടലും വായനയും നടത്തി. ഷാര്‍ജ ചൈല്‍ഡ്-ഫ്രണ്ട്ലി ഓഫീസ്, ബ്രെസ്റ്റ് ഫീഡിംഗ് ഫ്രണ്ട്സ് സൊസൈറ്റി, ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെ പിന്തുണയോടെ, മാതൃ പരിചരണത്തിന്റെ ആജീവനാന്ത സ്വാധീനത്തിന്റെ ഹൃദയസ്പര്‍ശിയായ ആഘോഷമാണ് മമ്മി സീരീസ്.