Uae
ദാവോസിൽ ദുബൈയുടെ അതുല്യ മാതൃക അവതരിപ്പിച്ച് ശൈഖ ലത്തീഫ
സാങ്കേതിക നൂതനാശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം പൊതു-സ്വകാര്യ പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതില്‍ ദുബൈ മുന്നില്‍ നില്‍ക്കുന്നു.
ദുബൈ | ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ദുബൈ കള്‍ച്ചര്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ അതുല്യ മാതൃക എടുത്തുകാണിച്ചു.
നവീകരണത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും അതുല്യമായ ഐഡന്റിറ്റിയാണ് ദുബൈക്കുള്ളതെന്ന് അവര്‍ പറഞ്ഞു. സാങ്കേതിക നൂതനാശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം പൊതു-സ്വകാര്യ പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതില്‍ ദുബൈ മുന്നില്‍ നില്‍ക്കുന്നു.
180 ദേശീയതകള്‍ യോജിപ്പോടെ ദുബൈയില്‍ സഹവസിക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ വ്യക്തിത്വം ആഘോഷിക്കുകയും ദുബൈയുടെ വ്യതിരിക്തമായ സ്വഭാവത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നു.
ഇത് ലോകത്ത് മറ്റെവിടെയെക്കാളും വ്യത്യസ്തമായ ഒരു മാതൃകയാണ്. അവരുടെ സ്വന്തം സാംസ്‌കാരിക സ്വത്വവും സമ്പ്രദായവും നിലനിര്‍ത്തുന്നതിന് അവസരം നല്‍കുന്നു. യു എ ഇയുടെ ദേശീയ സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം ദീപാവലി, ക്രിസ്മസ് തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിലൂടെ സാംസ്‌കാരിക വൈവിധ്യത്തെ ആദരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
വാര്‍ഷിക സാമ്പത്തിക ഫോറത്തില്‍ ‘ബഹുജന പരിപാടികള്‍: വമ്പിച്ച നേട്ടങ്ങള്‍’ എന്ന സെഷനിലാണ് അവര്‍ ദുബൈയുടെ മാതൃക അനാവരണം ചെയ്തത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ തത്വത്തില്‍ പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള ശക്തമായ സഹകരണം അവര്‍ എടുത്തുപറഞ്ഞു.
എക്‌സ്‌പോ 2020 ദുബൈയുടെ വിജയം, ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ വ്യവസായങ്ങള്‍, എ ഐ, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ഗവണ്‍മെന്റിന്റെ ഗണ്യമായ നിക്ഷേപങ്ങള്‍ എന്നിവയും അവര്‍ എടുത്തു പറഞ്ഞു.