From the print
ഗസ്സയിൽ വീണ്ടും അഭയ കേന്ദ്രം തകർത്തു; 12 മരണം
കൂടുതലും സ്ത്രീകളും കുട്ടികളും
ഗസ്സ | ആയിരത്തിലധികം ഫലസ്തീനികൾ കഴിയുന്ന സ്കൂൾ കെട്ടിടത്തിലെ അഭയാർഥി കേന്ദ്രം ഇസ്റാഈൽ വ്യോമാക്രമണത്തിലൂടെ തകർത്തു. ഗസ്സ സിറ്റിയിലെ മുസ്തഫ ഹഫീസ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി ഗസ്സ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. കെട്ടിടാവശിഷ്ടങ്ങളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടാകുമെന്നാണ് സന്നദ്ധ പ്രവർത്തകരും മാധ്യമങ്ങളും റിപോർട്ട് ചെയ്യുന്നത്. ഗസ്സയിലെ പലയിടങ്ങളിൽ നിന്ന് അഭയാർഥികളായെത്തിയ 700ഓളം കുടുംബങ്ങൾ മുസ്തഫ ഹഫീസ് സ്കൂളിൽ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് റിപോർട്ട്.
അതിനിടെ, റഫയിലും മറ്റുമായി നാൽപ്പതോളം ഹമാസ് സൈനികരെ വധിച്ചതായി ഇസ്റാഈൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. തലസ് സുൽത്താൻ, ഖാൻ യൂനുസ് തുടങ്ങിയ മേഖലകളിലും ആക്രമണമുണ്ടായി. അതേസമയം, റഫയിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഇസ്റാഈൽ സൈനികരെ വധിച്ചതായി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സം ബ്രിഗേഡ്സ് പറഞ്ഞു. ഇസ്റാഈൽ ആക്രമിച്ച് തകർത്ത മധ്യ ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാന്പിൽ നിന്ന് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ ഇസ്റാഈൽ സൈനിക ആക്രമണത്തിൽ 34 ഫലസ്തീനികൾ കൊല്ലപ്പെടുകയും 114 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ പത്ത് മാസത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 40,173 ആയി.