Connect with us

International

സ്ഫോടനം നിലയ്ക്കാതെ അഭയകേന്ദ്രങ്ങൾ;ഗസ്സയിലുടനീളം വ്യോമാക്രമണത്തിൽ 37 മരണം

ജറൂസലമിൽ 15 പേരെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ഗസ്സ | ഹമാസ് കമാൻഡ് സെന്ററുകൾക്ക് നേരെയുള്ള ആക്രമണമെന്ന വാദമുയർത്തി ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ ഇസ്‌റാഈൽ സൈന്യം നടത്തിയ ആക്രമണത്തിൽ 37 പേർകൂടി കൊല്ലപ്പെട്ടു.

നുസ്വീറാത്തിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ട് വീടുകളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു. ഗസ്സ നഗരത്തിലെ തുഫ്ഫയിൽ നിന്ന് കുടിയിറക്കപ്പെട്ട ഫലസ്തീനികൾ അഭയം തേടിയിരുന്ന സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഏഴ് പേരും മരിച്ചു.

മുമ്പ് അൽ ഷെജെയ്യ സ്‌കൂളായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഹമാസിന്റെ കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുണ്ടെന്ന വാദമുയർത്തിയാണ് അഭയ കേന്ദ്രങ്ങളിൽ കനത്ത ആക്രമണം നടത്തിയത്.

ഇതിന് ശേഷം റഫയിലും തെക്കൻ ഗസ്സാ മുനമ്പിലെ സെയ്ത്തൂനിലും രണ്ട് വ്യത്യസ്ത ആക്രമണങ്ങളൽ അഞ്ച് പേരും മരിച്ചു. ഖാൻയൂനുസിലുണ്ടായ ആക്രമണത്തിൽ താത്കാലിക കൂടാരത്തിൽ കഴിയുകയായിരുന്ന ആറ് ഫലസ്തീനികളും മരിച്ചു. മണിക്കൂറുകൾക്ക് ശേഷം പടിഞ്ഞാറൻ ഖാൻയൂനുസിൽ കാറിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ആറ് പേർ കൂടി മരിച്ചു.

അതിനിടെ, റോക്കറ്റുകളും മോർട്ടാറുകളും ഉപയോഗിച്ച് ഗസ്സയിൽ ഇസ്‌റാഈൽ സൈന്യത്തിന് നേരെ തിരിച്ചടിച്ചതായി ഹമാസും ഇസ്‌ലാമിക് ജിഹാദും മറ്റു സായുധ ഗ്രൂപ്പുകളും അറിയിച്ചു.
അധിനിവിഷ്ട കിഴക്കൻ ജറൂസലമിലും ഇസ്‌റാഈൽ ആക്രമണം തുടരുകയാണ്. നബ്‌ലുസിലെ ബലത്ത അഭയാർഥി ക്യാമ്പിൽ സൈനികരുടെ മർദനമേറ്റ് പരുക്കേറ്റ 25കാരൻ മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗ്രാമത്തിൽ ഇസ്‌റാഈൽ സൈനിക സാന്നിധ്യം തുടരുന്നതിനാൽ വിദ്യാർഥികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന് കഫ്ർ നിമ വില്ലേജ് കൗൺസിൽ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.

Latest