Story
ഇടയത്താഴം
അന്യസംസ്ഥാനങ്ങളിൽ നിന്നും നോമ്പ് കാലമാകുമ്പോൾ എത്തുന്ന അത്താഴം മുട്ടികൾ പോയ കാല നോമ്പോർമയുടെ മധുര സ്മരണകളായി അയിശുമ്മയുടെ മനസ്സിൽ നിറഞ്ഞു.

ചൂട് കൊണ്ടും പേടി കൊണ്ടും ഉറങ്ങാൻ കഴിയുന്നില്ല. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.പിന്നെ എഴുന്നേറ്റിരുന്നു, പുറത്ത് ഇരുട്ട്… അതിനിടയിലും ഒരാശ്വാസമായി അങ്ങകലെ എവിടെയോ തെളിയുന്ന നിലാവിന്റെ നേർത്ത വെളിച്ചം. അയിശുമ്മ ജനലിലൂടെ പുറത്തേക്ക് നോക്കി… നേരം എത്രയായിക്കാണും..സുബ്ഹി ബാങ്ക് വിളിക്കാറായി കാണുമോ? എന്നിട്ടും എന്തേ ഇടയത്താഴം കഴിക്കാൻ ആരും എഴുന്നേൽക്കുന്നില്ല, ഉറങ്ങിപ്പോയതാവുമോ? അങ്ങനെ വരാൻ വഴിയില്ല, അലാറം വെച്ചിട്ടാണ് കിടക്കുന്നത്… ഒരു മൊബൈലിൽ അലാറം അടിച്ചില്ലെങ്കിലോ എന്ന് പേടിച്ച് മോൻ രണ്ട് മൊബൈലിലാണ് അലാറം വെച്ചിരിക്കുന്നത്.
അയിശുമ്മ ആലോചിക്കുകയായിരുന്നു… പണ്ട് ഈ സാധനമൊക്കെ കണ്ടുപിടിക്കും മുമ്പ് നോമ്പിന്റെ അത്താഴത്തെപ്പറ്റി… അന്ന് മിക്കവാറും അവരുടെ ബാപ്പയാണ് എഴുന്നേറ്റ് എല്ലാവരെയും അത്താഴത്തിന് വിളിക്കുക.ചിലപ്പോൾ അത്താഴം മുട്ടികൾ എന്ന് വിളിക്കുന്ന ആളുകൾ വരും. അറബനയും മുട്ടി വെളുപ്പിന് ഓരോ വീടുകളിലുമെത്തി ഇടയത്താഴത്തിനായി ആൾക്കാരെ ഉണർത്തി നടക്കുന്നവർ. വീട്ടുകാർ കൊടുക്കുന്ന സംഭാവനയും വാങ്ങി അവർ പോകും. അന്യസംസ്ഥാനങ്ങളിൽ നിന്നും നോമ്പ് കാലമാകുമ്പോൾ എത്തുന്ന അത്താഴം മുട്ടികൾ പോയ കാല നോമ്പോർമയുടെ മധുര സ്മരണകളായി അയിശുമ്മയുടെ മനസ്സിൽ നിറഞ്ഞു.
പോയ കാലത്തെ നന്മയും സ്നേഹവുമൊക്കെ അങ്ങനെ ഓരോന്നായി പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ… പത്രം വായിക്കാൻ തന്നെ പേടിയായിരിക്കുന്നു ഇപ്പോൾ. പണ്ട് സുബ്ഹി കഴിഞ്ഞ് ആദ്യം പത്രം വായിക്കുക ഒരു ശീലമായിരുന്നു. ഇപ്പോൾ ഓരോ വാർത്തകൾ വായിച്ചിട്ട് ഉറക്കം തന്നെ കിട്ടുന്നില്ല.
അടുത്തിരുന്ന തസ്ബീഹ് മാല കൈയിലെടുത്ത് ദസ്ബികൾ മറിച്ചു… ചുണ്ടുകളിൽ പ്രാർഥനാ മന്ത്രങ്ങൾ നിറഞ്ഞു.പിന്നെ ഒരു കൈകൊണ്ട് അവർ കഴുത്തിലെ മാല തപ്പി നോക്കി. പതിയെ എഴുന്നേറ്റ് അസ്വസ്ഥ മനസ്സോടെ മകൻ കിടക്കുന്ന മുറിയിലേക്ക് ചെന്നു. മകനും ഭാര്യയും കുട്ടികളുമെല്ലാം നല്ല ഉറക്കത്തിലാണ്. അപ്പോൾ അയിശുമ്മ ഓർത്തത് തന്റെ ഉറക്കത്തെപ്പറ്റിയാണ്. എത്ര നാളായി സമാധാനമായി ഒന്നുറങ്ങിയിട്ട്… ഒന്ന് കണ്ണടച്ചു വരുമ്പോഴേക്കും പേടിപ്പെടുത്തുന്ന ചിന്തകളുമായി ചാടി എഴുന്നേൽക്കും. ഉണർന്നാലുടൻ പതിയെ കഴുത്തിൽ തടവി നോക്കും, അൽഹംദുലില്ല. മാല കാണുമ്പോൾ ഒരു സമാധാനമാണ്. വീണ്ടും കണ്ണുകളടയ്ക്കാൻ തുടങ്ങിയാലും വാർത്തകൾ പകർന്ന ഭീതിയിൽ മനസ്സ് വല്ലാതെ അസ്വസ്ഥമാകും.
അയിശുമ്മ പതിയെ മകന്റെ കാലുകളിൽ തട്ടി. ഉറക്കച്ചടവോടെ എഴുന്നേറ്റ മകൻ കണ്ടത് വിയർത്തു കുളിച്ചു നിൽക്കുന്ന ഉമ്മയെയാണ്. ഉറക്കം നഷ്ടപ്പെട്ട അനിഷ്ടത്തോടെ മകൻ അടുത്തിരുന്ന മൊബൈൽ എടുത്തു നോക്കി.”ഉമ്മ, അത്താഴത്തിന് സമയമായിട്ടില്ല.. ഇനിയും ഒരു മണിക്കൂറുണ്ട്..’ തിരിഞ്ഞു കിടക്കാൻ തുടങ്ങിയ മകന് അരികിലേക്ക് അയിശുമ്മ ചെന്നു..
“മോനേ, എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല. ഇത് മോൻ എവിടെയെങ്കിലും സൂക്ഷിച്ച് വെച്ചേയ്ക്ക്, എപ്പോഴെങ്കിലും ആവശ്യം വരും…’കഴുത്തിൽ നിന്ന് ഊരിയെടുത്ത മാല മോന്റെ കൈയിൽ കൊടുത്തിട്ട് ഉമ്മ തിരിഞ്ഞ് നടന്നു. ഉറക്കത്തിനും ഉണർവിനുമിടയിലെ അമ്പരപ്പിൽ ഒന്നും മനസ്സിലാകാതെ മകൻ കിടന്നു. അപ്പോൾ അടുത്ത മുറിയിൽ, മനസ്സിൽ നിറഞ്ഞ ആശ്വാസത്തോടെ പതിയെ ഉറക്കത്തിലേക്ക് നീങ്ങുകയായിരുന്നു ഉമ്മ.