Connect with us

prathivaram story

ഇടയൻ

അപരിചിതനേയും കഴുതയേയും കാണാനില്ല!! ഇടയനില്ലാതെ ആട്ടിൻ പറ്റം മേഞ്ഞു !! വൈകുന്നേരം എണ്ണമെടുത്ത ഉടമസ്ഥന്റെ ചുണ്ടിൽ സംതൃപ്തിയുടെ പൂക്കൾ വിടർന്നു!...

Published

|

Last Updated

“നാൽക്കാലികളെ ശ്രദ്ധിക്കുവിൻ! നിങ്ങൾ തിന്നേണ്ടത് ഞാൻ ചൂണ്ടിക്കാട്ടുന്ന പുല്ലുകളാണ്!’- പുതിയ ഇടയന്റെ നിർദേശമാണ്.മറ്റൊന്നും സംഭവിക്കാത്ത മട്ടിൽ അവർ കണ്ണിൽ കണ്ടതെല്ലാം മണത്തി ആർത്തിയോടെ തിന്നു തുടങ്ങി.

ക്രൂദ്ധനായ ഇടയന്റെ ചാട്ടവാർ ആകാശത്തേക്ക് ഉയർന്ന് താണുകൊണ്ടിരുന്നു.”ശ്രദ്ധിക്കുവിൻ, ഞാൻ പറയുന്ന കടവിൽ നിന്നേ വെള്ളം കുടിക്കാവു.’ – നദിക്ക് സമീപമെത്തിയപ്പോൾ ഇടയൻ നിർദേശിച്ചു. ആട്ടിൻ പറ്റം പിടിച്ചതുപോലെ നിന്നു ഒരുമിച്ച് കരഞ്ഞു. പിന്നെ വന്നതിനേക്കാൾ വേഗത്തിൽ നദിയുടെ പല ഭാഗങ്ങളിലിറങ്ങി വെള്ളം കുടിച്ചു.

ഇടയന്റെ ശകാരിക്കലും ചാട്ട വീശലിന്റെ മുഴക്കങ്ങളും നദിക്കക്കരെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.”ഇവറ്റകൾ അനുസരണയില്ലാത്തവർ! മേയ്ക്കാൻ പ്രയാസം! ‘
വൈകുന്നേരം കൂട്ടിലാക്കുമ്പോൾ ഇടയൻ പരാതി പറഞ്ഞു.

ആടുകളെ എണ്ണിത്തിട്ടപ്പെടുത്തിയ ഉടമ ഇടയനെ കണ്ടതായോ കേട്ടതായോ ഭാവിച്ചില്ല.തുടർന്നുള്ള ദിവസങ്ങളിലും ഇടയൻ പല നിർദേശങ്ങളും വെച്ചു. ചാട്ടവാർ വീശിയും ശകാരിച്ചും തന്തക്ക് പറഞ്ഞും മാത്രം ഇടയൻ സമയം കളഞ്ഞു.

ഒരു നാൾ അത് സംഭവിച്ചു. പുൽമേട്ടിൽ ആർത്തു വളരുന്ന ഇളം പുല്ലുകൾ ആസ്വദിച്ച് തിന്നുകയായിരുന്നു ആട്ടിൻ പറ്റം. ഇടയന്റെ പല്ലവികളുടെ ആവർത്തനങ്ങൾ ആകാശത്തിൽ വട്ടം കറങ്ങുന്നു.

അന്നേരം ഒരു യുവ ആടിന്റെ അലർച്ച. മറ്റാടുകൾ തീറ്റ നിർത്തി എത്തി നോക്കി.
ഒരപരിചിതൻ ആടിനെ കറക്കുന്നു ! ഇടയൻ ആടിനെ പിടിച്ച് കറവക്ക് സഹായിക്കുന്നു!
കുറച്ചകലെ നിൽക്കുന്ന കഴുതയുടെ ഇരുവശവും തൂങ്ങിക്കിടക്കുന്ന തോൽപ്പാത്രങ്ങളിൽ അപരിചിതൻ പാൽ നിറക്കുവാൻ തുടങ്ങിയതേയുള്ളൂ.
“മ്പേ …. മ്പേ… ‘
കൂട്ടത്തിൽ പ്രായം ചെന്ന ഒരാട് അസാധാരണ ശബ്ദത്തിൽ കരഞ്ഞു. മറ്റാടുകളിൽ ആ കരച്ചിൽ ഒരാവേശമായി പടർന്നു..!
യുവ ആടാണ് ആദ്യം ഇടയനെ സമീപിച്ചത്.
” അയ്യോ…. അയ്യോ….’
ഇടയൻ പരിഭ്രാന്തനായി!

ആട്ടിൻ പറ്റം ഉഷാറായപ്പോൾ ഇടയന് മലർന്നു വീഴാതിരിക്കാനായില്ല. അയാളുടെ മേലാകെ ആട്ടിൻ കുളമ്പുകൾ അവ്യക്ത ചിത്രങ്ങൾ വരച്ച് വെച്ചു. അയാളുടെ വസ്ത്രങ്ങൾ കടിച്ചു കീറുന്നതിൽ ചിലയാടുകൾ മത്സരിച്ചു.

അപരിചിതനേയും കഴുതയേയും കാണാനില്ല!! ഇടയനില്ലാതെ ആട്ടിൻ പറ്റം മേഞ്ഞു !! വൈകുന്നേരം എണ്ണമെടുത്ത ഉടമസ്ഥന്റെ ചുണ്ടിൽ സംതൃപ്തിയുടെ പൂക്കൾ വിടർന്നു!…

Latest