Connect with us

Kerala

ഷിബു ബേബി ജോണ്‍ പുതിയ സെക്രട്ടറി; ആര്‍ എസ് പി ഇടതുമുന്നണിയിലേക്കു നീങ്ങിയേക്കും, പിളര്‍പ്പിനും സാധ്യത

ആര്‍ എസ് പിയെ യു ഡി എഫിലെത്തിക്കാന്‍ മുന്‍കൈ എടുത്ത ഷിബു ബേബിജോണ്‍ ഇപ്പോള്‍ പാര്‍ട്ടി ഇടത് മുന്നണിയുടെ ഭാഗമാകണമെന്ന് വാദിക്കുന്നവരില്‍ പ്രമുഖനായിരിക്കുന്നു.

Published

|

Last Updated

കോഴിക്കോട് | ഷിബു ബേബി ജോണ്‍ ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയായതോടെ പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉയരുന്നു. നിലവിലെ സെക്രട്ടറി എ എ അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഷിബു സെക്രട്ടറിയാവുന്നത്. ആര്‍ എസ് പിയെ ഇടതുമുന്നണിയിലേക്കു നയിക്കാന്‍ ഷിബു സന്നദ്ധനായേക്കുമെന്ന ഭയം പാര്‍ട്ടിയിലുണ്ട്. എന്‍ കെ പ്രേമചന്ദ്രനെ പോലുള്ളവരുടെ എതിര്‍പ്പിനെ മറികടന്ന് ഷിബു മുന്നോട്ടു പോയാല്‍ പാര്‍ട്ടി ഒരു വീണ്ടും ഒരു പിളര്‍പ്പിനെ അഭിമുഖീകരിക്കേണ്ടി വരുമെന്നും വിലയിരുത്തപ്പെടുന്നു.

ഒരു ദശകം മുമ്പു വരെയും ഏഴ് സീറ്റുകളില്‍ വരെ മത്സരിക്കുകയും നാലും അഞ്ചും എം എല്‍ എമാരെ വരെ വിജയിപ്പിക്കുകയും ചെയ്ത ആര്‍ എസ് പി വല്ലാതെ മെലിഞ്ഞു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തിലാണ് മുമ്പ് കൈവിട്ട കൊല്ലം ലോക്‌സഭാ സീറ്റ് ആര്‍ എസ് പി തിരിച്ചുചോദിച്ചത്. ഉഭയകക്ഷി ചര്‍ച്ച നടക്കും മുമ്പേ സി പി എം, എം എ ബേബിയെ കൊല്ലത്ത് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. അത് ആര്‍ എസ് പിയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു. ഇടതുമുന്നണി വിടുകയെന്ന കടുത്ത തീരുമാനത്തിലേക്ക് ആ പാര്‍ട്ടിയെ എത്തിച്ചു. എന്‍ കെ പ്രേമചന്ദ്രന്റെ താത്പര്യത്തിനു പാര്‍ട്ടി വഴങ്ങി എന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമായിരുന്നു.

തക്കസമയത്ത് ഇടപെട്ട് ആര്‍ എസ് പിക്ക് യു ഡി എഫിലേക്കുള്ള പരവതാനി ഒരുക്കിയത് അന്ന് യു ഡി എഫ് സര്‍ക്കാറില്‍ ആര്‍ എസ് പി-ബി മന്ത്രിയായിരുന്ന ഷിബു ബേബിജോണ്‍ ആണ്. ക്രമേണ ആര്‍ എസ് പി-ബി, ഔദ്യോഗിക ആര്‍ എസ് പിയില്‍ ലയിച്ചു. എം എല്‍ എ ആയിരുന്ന കോവൂര്‍ കുഞ്ഞുമോന്‍ ഔദ്യോഗിക ആര്‍ എസ് പി വിട്ട് ആര്‍ എസ് പി-ലെനിനിസ്റ്റ് ഉണ്ടാക്കി സ്വതന്ത്രനായി. പിന്നീട് നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആര്‍ എസ് പിക്ക് നഷ്ടം മാത്രമാണുണ്ടായത്.

ആര്‍ എസ് പിയെ യു ഡി എഫിലെത്തിക്കാന്‍ മുന്‍കൈ എടുത്ത ഷിബു ബേബിജോണ്‍ ഇപ്പോള്‍ പാര്‍ട്ടി ഇടത് മുന്നണിയുടെ ഭാഗമാകണമെന്ന് വാദിക്കുന്നവരില്‍ പ്രമുഖനായിരിക്കുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും അതിനു മുന്നോടിയായുള്ള മണ്ഡലം, ജില്ലാ സമ്മേളനങ്ങളിലും മുന്നണി മാറ്റം ചര്‍ച്ചയായിരുന്നു.

പാര്‍ട്ടി യു ഡി എഫില്‍ തുടരുന്നതില്‍ ആര്‍ എസ് പിയിലെ ഭൂരിപക്ഷം നേതാക്കളും അസംതൃപ്തരാണ്. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിലടക്കം കോണ്‍ഗ്രസ് റിബലുകളെ രംഗത്തിറക്കി ആര്‍ എസ് പിയെ പരാജയപ്പെടുത്തുന്ന നിലയുണ്ടായി.

സഹകരണ ബേങ്കുകള്‍ പോലെ മുന്നണി പങ്കിടുന്ന വിവിധ സ്ഥാനമാനങ്ങളും പാര്‍ട്ടിക്കു ലഭിക്കുന്നില്ല. സമ്മേളനങ്ങളില്‍ ഇക്കാര്യങ്ങളെല്ലാം ഉയര്‍ന്നു വന്നപ്പോള്‍ കൃത്യമായ സമയത്ത് മുന്നണിമാറ്റം ഉണ്ടാകുമെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തെ തുടര്‍ന്ന് ഷിബു ബേബിജോണ്‍ അവധിയെടുത്തു സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും ശക്തമായ സമ്മര്‍ദം കണക്കിലെടുത്ത് അദ്ദേഹം സജീവമായി തുടര്‍ന്നു.

പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തം ഷിബു ബേബിജോണില്‍ എത്തുന്നതില്‍ പ്രേമചന്ദ്രനെ പോലുള്ളവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ടു നിയമസഭകളിലും പാര്‍ട്ടിക്ക് ഒരു സീറ്റ് പോലുമില്ലാത്തത് യു ഡി എഫിന്റെ ഭാഗമായതു കൊണ്ടാണെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തമാണ്. ഇടതു പാര്‍ട്ടിയെ യു ഡി എഫില്‍ കൊണ്ടുപോയി കെട്ടിയതിനാല്‍ അണികള്‍ക്കിടയിലും വലിയ കൊഴിഞ്ഞുപോക്കുണ്ടായി. കൊല്ലം ജില്ലയിലെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍തോതില്‍ പാര്‍ട്ടി അണികള്‍ സി പി എമ്മിലേക്കു നീങ്ങി എന്നാണ് കണക്കുകള്‍ പറയുന്നത്.

എന്‍ കെ പ്രേമചന്ദ്രനെ തിരിച്ചെടുക്കുന്നതില്‍ ഇടതു മുന്നണിക്കു താത്പര്യമില്ല. മുന്നണി വിട്ട ഘട്ടത്തില്‍ പ്രേമചന്ദ്രനെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പരനാറി എന്നു വിളിച്ചതു വലിയ വാര്‍ത്തയായി. യു ഡി എഫില്‍ എത്തിയതോടെ ഇടതു മുന്നണിയുടെ ഏറ്റവും വലിയ വിമര്‍ശകനായി പ്രേമചന്ദ്രന്‍ മാറി. ഏറ്റവും ഒടുവില്‍ കേരളത്തിന്റെ ജി എസ് ടി കുടിശ്ശിക സംബന്ധിച്ച് പാര്‍ലിമെന്റില്‍ ചോദ്യം ഉന്നയിച്ചതും സംസ്ഥാന സര്‍ക്കാറിനെ താറടിക്കാനാണെന്ന് ആരോപണമുണ്ടായി.

പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ യു ഡി എഫില്‍ ഉറച്ചു നില്‍ക്കണമെന്ന പക്ഷക്കാരാണ്. വരും നാളുകളില്‍ ഈ തര്‍ക്കം പാര്‍ട്ടിയില്‍ ശക്തിപ്രാപിക്കുമെന്നുറപ്പാണ്. അങ്ങനെയാണെങ്കില്‍ പാര്‍ട്ടി ഒരു പിളര്‍പ്പിലേക്കു നീങ്ങാനും ഇടയുണ്ട്.

 

Latest