Articles
ഷിഗെല്ല: ജാഗ്രത അനിവാര്യം
ഷിഗെല്ല ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗമാണ് ഷിഗെല്ലോസിസ്. പ്രധാനമായും കുട്ടികളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ഏത് പ്രായക്കാരെയും ഇത് ബാധിക്കാം. രോഗകാരിയായ ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളികള്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ചില രോഗങ്ങള്‍ക്ക് അടിപ്പെടുന്നു. നിപ്പാ, കൊവിഡ് തുടങ്ങിയ അസുഖങ്ങള്‍ മലയാളിയെ വരിഞ്ഞുമുറുക്കിയ കാലമാണ് കടന്നുപോയത്. കൊവിഡില്‍ നിന്ന് നമ്മള്‍ തീര്‍ത്തും മോചിതരായോ എന്ന ചോദ്യത്തിന് നിര്‍ഭാഗ്യവശാല്‍ ഇല്ല എന്ന് തന്നെ ഉത്തരം പറയേണ്ടതായും വരും. നിപ്പാ, കൊവിഡ് എന്നിവ വയറല്‍ രോഗങ്ങളാണെന്ന് ഇന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്. ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്നു പറയും പോലെ മലയാളിയെ വിട്ടുമാറാതെ പിന്തുടരുകയാണ് രോഗകാരികള്‍.
ലോകം വലിയതരത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളൊക്കെ ഒരുപക്ഷേ ഏറ്റവുമധികം പ്രകടമാകുന്ന ഒരു മേഖലയാണ് ആരോഗ്യമേഖല. കൊവിഡ്, അതിന്റെ വകഭേദങ്ങള്‍ ഉള്‍പ്പെടെ മാരകമായതും മാരകമല്ലാത്തതുമായ എത്രയോ രോഗങ്ങള്‍ക്കാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നാം സാക്ഷ്യം വഹിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് അല്‍പ്പം അയവുവന്ന മാസ്‌ക് നിബന്ധന ഇപ്പോള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.
“ഷിഗെല്ലോസിസ്’ എന്ന ബാക്ടീരിയല്‍ രോഗം കോഴിക്കോട് സ്ഥിരീകരിച്ചു എന്ന വാര്‍ത്തകേട്ടാണ് കേരളക്കര കഴിഞ്ഞ ദിവസം ഉണര്‍ന്നത്. ഏഴ് വയസ്സുകാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. അയല്‍വാസിയായ മറ്റൊരു കുട്ടിയും സമാന രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. 2020 ഡിസംബറില്‍ കോഴിക്കോട് ജില്ലയില്‍തന്നെ മുണ്ടിക്കല്‍താഴം എന്ന സ്ഥലത്ത് പതിനൊന്നുവയസ്സുകാരന്‍ ഷിഗെല്ലോസിസ് ബാധിച്ചു മരിച്ചിരുന്നു. മരണാനന്തരമായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. എന്താണ് ഷിഗെല്ല? എന്ത് തരം രോഗമാണ് ഇവമൂലം ഉണ്ടാകുന്നത്? എത്രത്തോളം നമ്മള്‍ ജാഗരൂകരാകേണ്ടതുണ്ട്? ഇതിനെ പ്രധിരോധിക്കാനാകുമോ, എന്ന് തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ ഉണ്ടാകും നമ്മുടെ മനസ്സില്‍.
എന്താണ് ഷിഗെല്ല?
മേൽപറഞ്ഞതുപോലെ ഷിഗെല്ല ഒരു ബാക്ടീരിയ ആണ്. 1897ല്‍ ജാപ്പനീസ് മൈക്രോബയോളജിസ്റ്റായ “കിയോഷിഷിഗ’ ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. ആ കാലഘട്ടത്തില്‍ ജപ്പാനില്‍ പടര്‍ന്നുപിടിച്ച ചുവന്ന വയറിളക്കം എന്ന അസുഖത്തെ കുറിച്ചുള്ള പഠനത്തിനിടയിലാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു കണ്ടുപിടിത്തം നടത്താനായത്. അന്ന് അദ്ദേഹം ഇതിനു നല്‍കിയത് ബാസിലസ് ഡിസെന്‍ട്രിയെ എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930ല്‍ “ഷിഗെല്ല ‘ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഷിഗെല്ല ജനുസ്സില്‍ നാല് സ്പീഷീസുകളാണ് ഉള്ളത്. ഷിഗെല്ല ഫ്‌ലെക്‌സ്‌നേറി (Shigella flexneri) ,ഷിഗെല്ല ബോയ്ഡി (Shigella boydii), ഷിഗെല്ല സൊനേയ് (Shigella osnnei), ഷിഗെല്ല ഡിസെന്‍ട്രിയെ (Shigella dysentriae) എന്നിവയാണവ. ഇതില്‍ത്തന്നെ ഷിഗെല്ല ഡിസെന്‍ട്രിയെ അല്‍പ്പം അപകടകാരിയാണ് താനും.
ഷിഗെല്ലോസിസ്
ഷിഗെല്ല ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗമാണ് ഷിഗെല്ലോസിസ്. പ്രധാനമായും കുട്ടികളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ഏത് പ്രായക്കാരെയും ഇത് ബാധിക്കാം. ഒന്ന് മുതല്‍ ഏഴ് ദിവസം വരെയാണ് ഈ ബാക്ടീരിയയുടെ ഇന്‍ക്യൂബേഷന്‍ കാലഘട്ടമെങ്കിലും, രോഗകാരിയായ ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ഷിഗെല്ല ബാക്ടീരിയ പുറപ്പെടുവിക്കുന്ന ഷിഗാടോക്‌സിന്‍ (shiga toxin) എന്ന വിഷവസ്തു നമ്മുടെ കുടലിലുള്ള കോശങ്ങളെ നശിപ്പിക്കുന്നു. ഇവ കുടലിനു പുറത്തുള്ള മ്യൂക്കസ് പാളിയില്‍ (mucus lining) പരുക്കേല്‍പ്പിക്കുമ്പോള്‍ ഉള്ളിലുള്ള രക്തം പുറത്തേക്കുവരുന്നു. അതുകൊണ്ടുതന്നെ രോഗമുള്ള ഒരു വ്യക്തിയുടെ മലത്തില്‍ രക്തത്തിന്റെ അംശം കാണുന്നു.
ലക്ഷണങ്ങള്‍
പനി, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, ഇടവിട്ടുള്ള ശക്തമായ വയറുവേദന, വയറിളക്കം, മലത്തില്‍ രക്തത്തിന്റെ അംശം, വയറിളക്കം മൂലം ഉണ്ടാകുന്ന നിര്‍ജലീകരണം തുടങ്ങിയവയാണ് ഷിഗെല്ലോസിസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍. ഷിഗെല്ലോസിസ് ബാധിച്ചു മരണം സംഭവിക്കുന്നത് വളരെ വിരളമാണെങ്കിലും, ഇത്തരത്തില്‍ ഉണ്ടാകുന്ന നിര്‍ജലീകരണം തന്നെ ആണ് മരണത്തിന് കാരണമാകുന്നത്.
തീവ്രമായ നിര്‍ജലീകരണം വൃക്കകളുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കാം. എന്നാല്‍ ചിലരില്‍ ഈ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകാത്ത അവസ്ഥയുമുണ്ട്. ഇതിനെയാണ് നമ്മള്‍ ക്യാരിയര്‍ സ്റ്റേറ്റ് (Carrier state) എന്ന് പറയുന്നത്. മലപരിശോധനയിലൂടെ മാത്രമേ ഈ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.
എങ്ങനെ പകരുന്നു
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കാണ് ഈ അസുഖം പകരുന്നത്. ഷിഗെല്ല ബാക്ടീരിയ കാണപ്പെടുന്നത് നമ്മുടെ കുടലിലാണ് (intestine). രോഗബാധിതനായ ഒരാള്‍ മലവിസര്‍ജനം ചെയ്യുമ്പോള്‍ ഈ ബാക്ടീരിയ പുറത്തുവരികയും അവ വെള്ളത്തില്‍ കലരുകയും ചെയ്യുന്നു. ബാക്ടീരിയ കലര്‍ന്ന ഈ വെള്ളം മറ്റൊരാള്‍ കുടിക്കുന്നതിലൂടെ, അല്ലെങ്കില്‍ ആ വെള്ളം കൊണ്ട് പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിലൂടെ ഇത് മറ്റൊരാളുടെ ശരീരത്തിലേക്ക് കടക്കുന്നു. ഇത് കൂടാതെ രോഗബാധിതനായ വ്യക്തി ഉപയോഗിച്ച ടോയ്‌ലറ്റ് ഉപയോഗിക്കുകയും, പിന്നീട് കൈകള്‍ വൃത്തിയായി കഴുകാതെ ആഹാരം കഴിക്കുകയും ചെയ്താലും രോഗബാധ ഉണ്ടാകാം.
രോഗബാധ എങ്ങനെ തടയാം
കൊവിഡിനെ നാം പ്രതിരോധിച്ച അതേ മാര്‍ഗം തന്നെയാണ് ഇവിടെയും പാലിക്കേണ്ടത്. വ്യക്തിശുചിത്വം പാലിക്കുക. കൈകള്‍ ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണല്ലോ ഇവ പകരുന്നത്. അതുകൊണ്ടുതന്നെ നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. ആഹാരം പാകം ചെയ്യുമ്പോഴും ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധവേണം. അതുപോലെ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക. അടുത്തുള്ള ജലസ്രോതസ്സുകള്‍ ക്ലോറിന്‍ ഉപയോഗിച്ച് അണുനശീകരണം ചെയ്യുക. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ പിന്നെ കൂടുതലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക. ജലാശയങ്ങളില്‍ പോയി നീന്തുന്നതും കുളിക്കുന്നതും ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക. അതുപോലെ രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച കക്കൂസ് രോഗമില്ലാത്ത മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്നെ അവ അണുനാശിനി ഉപയോഗിച്ച് അണു വിമുക്തമാക്കിയിട്ടു മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഈ രോഗം പ്രധാനമായും കുട്ടികളില്‍ കണ്ടുവരുന്നത് കൊണ്ടുതന്നെ അവര്‍ ഉപയോഗിച്ച ഡയപര്‍ പോലുള്ള വസ്തുക്കള്‍ എല്ലാം കൃത്യമായി സംസ്‌കരിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുക.
ഷിഗെല്ലോസിസിനു മരുന്നുണ്ടോ ?
തീര്‍ച്ചയായും മരുന്നുണ്ട്. ചികിത്സക്കായി ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കുന്നത്. കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് ഷിഗെല്ലോസിസ്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. രോഗം അതിന്റെ പാരമ്യത്തില്‍ എത്താന്‍ ഒരിക്കലും അനുവദിക്കാതിരിക്കുക. നന്നായി തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഒരുനുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് കുടിക്കുന്നത് ഈ രോഗത്തിന്റെ പ്രധാന ലക്ഷണമായ നിര്‍ജലീകരണം ഒരു പരിധിവരെ തടയാന്‍ നമ്മെ സഹായിക്കും. അതല്ലെങ്കില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്ന ഒ ആര്‍ എസ് ലായനി വാങ്ങി ഉപയോഗിക്കുന്നതും നല്ലതാണ്.
ഏതൊരു രോഗമായാലും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ ഒരു പരിധിവരെ നമുക്ക് ഭയപ്പെടേണ്ട ആവശ്യമില്ല. വ്യക്തി ശുചിത്വം പാലിക്കുമ്പോള്‍ രോഗങ്ങളില്‍ നിന്ന് രക്ഷനേടുന്നത് നമ്മള്‍ മാത്രമല്ല, നമ്മളുമായി ഇടപഴകുന്നവര്‍ കൂടെയാണ് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകുക. എല്ലാത്തിലുമുപരി, സ്വയംചികിത്സ ഒഴിവാക്കുക. മരണനിരക്ക് കുറവാണെന്നും അത്രമാരകമാകില്ലെന്നും കരുതി വൈദ്യസഹായം തേടാതിരുന്നാല്‍ അതിനു കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും. ജീവിതം ഒന്നേയുള്ളൂ, അത് ആസ്വദിക്കുന്നതോടൊപ്പം തന്നെ ജാഗ്രത പാലിക്കുക. സുരക്ഷിതരായിരിക്കുക.