political crisis in maharashtra
മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് നേടി ഷിന്‍ഡെ
164 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 99 പേര്‍: ഉദ്ദവ് പക്ഷത്തിന്റെ എട്ട് വോട്ടുകള്‍ ചോര്‍ന്നു
മുംബൈ | മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ സഭയില്‍ വിശ്വാസ വോട്ട് നേടി. ബി ജെ പി പിന്തുണയോടെയുള്ള ഏക്‌നാഥ് സര്‍ക്കാറിനെ 164 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ ഉദ്ദവ് താക്കറയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡിക്ക് 99 വോട്ടാണ് ലഭിച്ചത്. ഉദ്ദവ് പക്ഷത്തിന്റെ എട്ട് വോട്ടുകള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ ഉദ്ദവിന്റെ പക്ഷത്തുണ്ടായിരുന്ന ഒരു എം എല്‍ എ ഇന്ന് പരസ്യമായി ഷിന്‍ഡെ പക്ഷത്തേക്ക് നീങ്ങി.
സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ശിവസേനയിലെ ഉദ്ദവ് പക്ഷവും ഷിന്‍ഡെ പക്ഷവും പരസ്പരം വിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വിപ്പ് ലംഘനം ചൂണ്ടിക്കാട്ടി ഇരുപക്ഷവും കോടതിയെ സമീപിച്ചേക്കും. കോണ്‍ഗ്രസ്, എന്‍ സി പി കക്ഷികള്‍ ഉദ്ദവിനൊപ്പം ഉറച്ച് നിന്നു. എന്നാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പിലേത് പോലെ ഒരു വോട്ടും ചോരാതെ കരുത്ത് അറിയിക്കാന്‍ ഷിന്‍ഡെ പക്ഷത്തിന് കഴിഞ്ഞു. സര്‍ക്കാര്‍ സഭയില്‍ ഭൂരിഭക്ഷം തെളിയിച്ച സാഹചര്യത്തില്‍ ഷിന്‍ഡെ ഉടന്‍ മന്ത്രിസഭാ രൂപവത്ക്കരണത്തിലേക്ക് കടക്കും.
അതിനിടെ ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി. ഷിന്‍ഡെ സര്‍ക്കാര്‍ കൂടുതല്‍ മുന്നോട്ടുപോകില്ലെന്നും ശിവസേന വിമതര്‍ ഉടന്‍ മാതൃപാര്‍ട്ടിയിലേക്ക് മടങ്ങിപോകുമെന്നും പവാര്‍ അറിയിച്ചു.