Kerala
ഗുണ്ടകളെന്ന് കരുതി പേടിച്ചോടിയതാണെന്ന് ഷൈനിന്റെ ആദ്യ മൊഴി; പിന്നാലെ കുറ്റസമ്മതം
ലഹരി ഇടപാടുകാരനായ സജീറുമായി സാമ്പത്തിക ഇടപാട് നടത്തിയതായി സ്ഥിരീകരണം

കൊച്ചി | പോലീസിനെ കണ്ട് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയത് ഗുണ്ടകളെന്ന് കരുതി പേടിച്ചാണെന്നായിരുന്നു നടന്‍ ഷൈന്‍ ടോം ചാക്കോ തുടക്കത്തില്‍ പോലീസിന് നല്‍കിയ മൊഴി. അപ്രതീക്ഷിതമായി പോലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നായിരുന്നു എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ പോലീസിന് മുന്നില്‍ ഹാജരായ ശേഷം ഷൈന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ തുടർച്ചയായ ചോദ്യം ചെയ്യലിൽ ലഹരി ഉപയോഗം സമ്മതിച്ചു.
നാല് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിലാണ് കുറ്റ സമ്മതം നടത്തിയത്. ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ വ്യാഴാഴ്ച കൊച്ചിയിലെ ലഹരി ഇടപാടുകാരനായ സജീറുമായി ഷൈന്‍ സാമ്പത്തിക ഇടപാട് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 20,000 രൂപ ഇടപാട് നടത്തിയതായാണ് കണ്ടെത്തൽ. ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതോടെ ലഹരി ഇടപാടുകാരുമായ ബന്ധം കണ്ടെത്തുകയായിരുന്നു. സൈബര്‍ വിദഗ്ധരും ഫോൺ പരിശോധനയുടെ ഭാഗമായി.
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്ട് എ സി പിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം രക്ഷപ്പെട്ടതിൻ്റെ കാരണം തേടി ഷൈനിന് പോലീസ് നോട്ടീസ് ലഭിച്ചു. ഇതോടെയാണ് പോലീസിൽ ഷൈൻ കീഴടങ്ങിയത്.