Kerala
സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോ; പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്
സൂത്രവാക്യം എന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വച്ചാണ് മോശമായ പെരുമാറ്റം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്

കൊച്ചി | സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയ താരം ഷൈന്‍ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തല്‍. നടി വിന്‍സി അലോഷ്യസ് ഇതുസംബന്ധിച്ച് ഫിലിം ചേംബറിന് പരാതി നല്‍കി. സൂത്രവാക്യം എന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വച്ചാണ് മോശമായ പെരുമാറ്റം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്.
നടിയില്‍ നിന്ന് എക്‌സൈസ് വിവരങ്ങള്‍ ശേഖരിക്കും. കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകുമെന്നാണ് എക്‌സൈസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നടിയുടെ വെളിപ്പെടുത്തലിനെ പറ്റി സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസ് എടുക്കാന്‍ പോലീസും ശ്രമം തുടങ്ങി. ഉന്നത ഉദ്യോഗസ്ഥര്‍ വിന്‍സിയുമായി സംസാരിക്കുമെന്നാണ് സൂചന. പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട നടനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് താരസംഘടന അമ്മ വ്യക്തമാക്കി.
വിന്‍സിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാല്‍ ഉടന്‍ നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയന്‍ ചേര്‍ത്തല പറഞ്ഞു. പുരസ്‌ക്കാരങ്ങള്‍ക്ക്പരിഗണിക്കുമ്പോള്‍ നടീ നടന്‍മാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയന്‍ ചേര്‍ത്തല ചൂണ്ടിക്കാട്ടി.