Connect with us

International

ഷിൻസോ ആബേ: നഷ്ടമായത് ഇന്ത്യയുമായി ഹൃദയബന്ധം സൂക്ഷിച്ച രാഷ്ട്രനേതാവിനെ

അഞ്ച് തവണ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദം പുലർത്തി

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയുമായി ശക്തമായ ബന്ധ‌ം സൂക്ഷിച്ചിരുന്ന ഒരു രാഷ്ട്ര നേതാവിനെയാണ് ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ നിര്യാണത്തോടെ നഷ്ടമാകുന്നത്. അഞ്ച് തവണ ഇന്ത്യ സന്ദർശിച്ച ജപ്പാൻ രാഷ്ട്രതലവനാണ് അദ്ദേഹം. 2006ൽ ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറിയായിരിക്കെയായിരുന്നു ആദ്യ സന്ദർശനം. പിന്നീട് പ്രധാനമന്ത്രിയായ ശേഷം നാല് തവണയും ഇന്ത്യയിലെത്തി.2021ൽ പത്ഭഭൂഷൻ പുരസ്കാരം നൽകി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

2006ൽ ആദ്യമായി പ്രധാനമന്ത്രിയായ ശേഷം 2007ൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചു. 2012 മുതൽ 2020 വരെ, രണ്ടാം തവണ പ്രധാനമന്ത്രിയായിരിക്കെ മൂന്ന് തവണ കൂടി അദ്ദേഹം ഇന്ത്യയിലെത്തി. ഇന്ത്യയിൽ ഇത്രയധികം സന്ദർശനങ്ങൾ നടത്തിയ ആദ്യത്തെ ജാപ്പനീസ് പ്രധാനമന്ത്രിയാണ് ഷിൻസോ ആബെ.

ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായും ഷിൻസോ ആബെ പെങ്കടുത്തിട്ടുണ്ട്. 2014 ജനുവരി 26 ന് 65-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലാണ് അദ്ദേഹം മുഖ്യാതിഥിയായത്. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യ ജാപ്പനീസ് പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.

2018 ൽ അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ഹോളിഡേ ഹോമിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് ജപ്പാനിലെത്തിയ മോദി ഷിൻസോ ആബെയുടെ സ്വകാര്യ ബംഗ്ലാവ് സന്ദർശിച്ച ആദ്യ വിദേശ നേതാവാണ്. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ എന്ന നിലയിൽ മാത്രമല്ല, വ്യക്തിപരമായും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

2007ൽ ഇന്ത്യയിലെത്തിയ ഷിൻസോ ആബേ ‘രണ്ട് കടലുകളുടെ സംഗമം’ എന്ന പേരിൽ പാർലമെന്റിൽ നടത്തിയ പ്രസംഗം ഏറെ ശ്രദ്ദേയമായിരുന്നു. ഈ ആശയം ഇപ്പോൾ ഇന്ത്യ-പസഫിക് ബന്ധങ്ങളുടെയും ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെയും ആണിക്കല്ലാണ്.

തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഷിൻസോ ആബെ വാരണാസിയിൽ നടന്ന ഗംഗാ ആരതിയിലു‌ം പങ്കെടുത്തിരുന്നു. ഇവിടെ പൂജാപാത്രം കയ്യിൽവെച്ച് ആരതിയും നടത്തി. ഷിൻസോ ആബെയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ മുഖമുദ്രയായിരുന്നു ഈ ര‌ംഗ‌ം.

2017 സെപ്റ്റംബറിൽ ഷിൻസോ ആബെ നാലാം തവണ ഇന്ത്യ സന്ദർശിച്ചപ്പോൾ ഗുജറാത്തിലെ ഗാന്ധി നഗറിൽ ഇന്ത്യ-ജാപ്പനീസ് ചർച്ചയിൽ  പങ്കെടുത്തു. അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക പ്രോട്ടോക്കോൾ ലംഘിച്ച് ഷിൻസോ ആബെയ്‌ക്കൊപ്പം റോഡ്‌ഷോയിലും പങ്കെടുത്തിരുന്നു.

ഷിൻസോ ആബെ 5 തവണ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിമാരും 5 തവണ ജപ്പാൻ സന്ദർശിച്ചിട്ടുണ്ട്. 2013ൽ മൻമോഹൻ സിംഗ് ആണ് ആദ്യമായി ജപ്പാനിലേക്ക് പോയത്. അതിനുശേഷം പ്രധാനമന്ത്രി മോദി നാല് തവണ ജപ്പാൻ സന്ദർശിച്ചു.