Connect with us

Lokavishesham

ഷിറീൻ ഒരു പത്രപ്രവർത്തകയല്ല

റിപോര്‍ട്ടറെ കൊല്ലാമോയെന്നാണ് ചര്‍ച്ച. അവര്‍ പത്രപ്രവര്‍ത്തക ബാഡ്ജ് അണിഞ്ഞിരുന്നുവെന്നും സൈനികര്‍ക്ക് അവര്‍ സുപരിചിതയായിരുന്നുവെന്നുമാണ് ഈ കൊലപാതകത്തെ അപലപിക്കുന്നവര്‍ പോലും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സത്യമെന്താണ്? റേച്ചല്‍ കോറിയെപ്പോലുള്ളവരുടെ നിരയിലാണ് ഷിറീൻ അബു ആഖിലയും.

Published

|

Last Updated

ല്‍ ജസീറ ലേഖിക ഷിറീന്‍ അബുആഖിലയുടെ അരുംകൊലയോട് പ്രതികരിച്ച് ആന്‍ഡ്ര്യൂ മിറ്ററോവിക എഴുതിയ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്: അവളുടെ മുഖത്താണ് വെടിയേറ്റത്. കൈയിലോ കാലിലോ അല്ല. മുഖത്ത്. അവള്‍ വെടിയേറ്റ് മരിച്ചതല്ല. വെടിവെച്ച് കൊന്നതാണ്. 1997 മുതല്‍ അല്‍ ജസീറക്ക് വേണ്ടി അവള്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. സത്യം പറയുകയെന്ന കാര്യം. അതുകൊണ്ടാണ് അവളെ കൊന്നു കളഞ്ഞത്.

അദ്ദേഹം തുടരുന്നു: “ഓരോ ഫലസ്തീനിയെയും എങ്ങനെയാണ് ഇസ്‌റാഈല്‍ ആട്ടിയിറക്കുന്നത്, ജയിലിലടക്കുന്നത്, പീഡിപ്പിക്കുന്നത്, മുറിവേല്‍പ്പിക്കുന്നത്, ഭയപ്പെടുത്തുന്നത്, കൊല്ലുന്നത്, തീവ്രവാദിയാക്കുന്നത് എന്ന സത്യമാണ് അവള്‍ പറഞ്ഞു കൊണ്ടിരുന്നത്. ഷിറീന്‍ അബൂ ആഖില തന്റെ ജോലി നന്നായി ചെയ്തു. അപഹസിച്ചിട്ടും പേടിപ്പിച്ചിട്ടും അപകടത്തിലാക്കുമെന്ന് അറിഞ്ഞിട്ടും ക്ഷമയോടെ അവള്‍ ജോലി തുടര്‍ന്നു. സത്യത്തിന് സാക്ഷ്യം വഹിക്കുകയെന്നത് അവളുടെ കടമയും ഉത്തരവാദിത്വവുമായിരുന്നു. ഫലസ്തീന്‍കാര്‍, ഫലസ്തീന്‍കാരായതിനാല്‍ മാത്രം ഏത് നിമിഷവും കൊല്ലപ്പെടാനുള്ള സാധ്യതയുണ്ട്. അവര്‍ എവിടെ താമസിക്കുന്നു എന്നത് പ്രശ്‌നമല്ല. ഗസ്സയിലോ ജറുസലേമിലോ വെസ്റ്റ് ബാങ്കിലോ എല്ലാ ദിവസവും, പലസ്തീന്‍കാര്‍, പലസ്തീന്‍കാരായതിനാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. ഉപജീവനത്തിനായി അവര്‍ എന്ത് ചെയ്യുന്നു എന്നത് പ്രശ്‌നമല്ല. ഫലസ്തീന്‍കാര്‍, ഫലസ്തീന്‍കാരായതിനാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. അവര്‍ ചെറുപ്പക്കാരോ പ്രായമുള്ളവരോ, പുരുഷനോ സ്ത്രീയോ, മുസ്‌ലിമോ ക്രിസ്ത്യാനിയോ എന്നത് പ്രശ്‌നമല്ല എല്ലാ ദിവസവും, ഫലസ്തീനികള്‍ ഫലസ്തീന്‍കാരായതിനാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. സത്യം വിളിച്ചു പറയുന്ന, 51കാരി തന്റെ ജോലിയിലേര്‍പ്പെട്ടപ്പോള്‍ വധിക്കപ്പെടുന്നത് ഈ കൊലപാതക പദ്ധതിയുടെ തുടര്‍ച്ചയാണ്’

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിനില്‍ തീവ്രവാദികള്‍ ഒളിച്ചു കഴിയുന്നുവെന്ന കഥയുണ്ടാക്കിയാണ് ഇസ്‌റാഈല്‍ സൈന്യം “റെയ്ഡ്’ തുടങ്ങിയത്. കണ്ണില്‍ കണ്ടവരെ മുഴുവന്‍ പിടിച്ചു കൊണ്ടുപോകുന്നു. ചെറുത്തു നില്‍ക്കുന്നവരെ വെടിവെച്ചിടുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനെ വിളിക്കുന്ന പേരാണ് റെയ്ഡ്. തിരച്ചിലെന്ന് മൊഴിമാറ്റം. ആരെയാണ് തിരയുന്നത്? ആരാണ് കുറ്റം ചുമത്തിയത്? എന്താണ് കുറ്റം? സ്വന്തം മണ്ണില്‍ നിന്ന് ഇറങ്ങില്ലെന്ന് പറയുന്നത് എങ്ങനെയാണ് കുറ്റമാകുക? ഈ ചോദ്യങ്ങളാണ് ഷിറീന്‍ ചോദിച്ചു കൊണ്ടിരുന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകയെ വധിച്ചുകളഞ്ഞുവെന്ന തരത്തിലാണ് യു എസും യു എന്നിലെ പ്രമുഖരുമൊക്കെ പ്രതികരിച്ചത്. അവര്‍ക്ക് അമേരിക്കന്‍ പൗരത്വം കൂടിയുള്ളത് കൊണ്ട് വലിയ തലക്കെട്ടുകള്‍ നേടി. ഇസ്‌റാഈല്‍ ക്രൂരതയെ ഷിറീന്‍ അബുആഖിലയുടെ വ്യക്തിപരമായ ദുര്യോഗമായോ അപകടമായോ ലളിതവത്കരിക്കുകയാണ് മുഖ്യധാരയെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ ചെയ്തത്. ആ അര്‍ഥത്തില്‍ ഉയര്‍ന്ന വിമര്‍ശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്‌റാഈല്‍ സൈന്യം ഈ സംഭവം അന്വേഷിക്കുന്നതും. റിപോര്‍ട്ടറെ കൊല്ലാമോയെന്നാണ് ചര്‍ച്ച. അവര്‍ പത്രപ്രവര്‍ത്തക ബാഡ്ജ് അണിഞ്ഞിരുന്നുവെന്നും സൈനികര്‍ക്ക് അവര്‍ സുപരിചിതയായിരുന്നുവെന്നുമാണ് ഈ കൊലപാതകത്തെ അപലപിക്കുന്നവര്‍ പോലും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സത്യമെന്താണ്? ഫലസ്തീന് വേണ്ടി സംസാരിക്കുന്നവരെയും ഫലസ്തീന്‍കാരെയും കൊന്നു തീര്‍ക്കുകയോ അവരില്‍ ജീവഭയം ഉണ്ടാക്കുകയോ ചെയ്യുകയെന്ന ദീര്‍ഘകാല സയണിസ്റ്റ് പദ്ധതിയുടെ ഭാഗം തന്നെയാണ് ഷിറീന്‍ അബൂ ആഖിലയുടെ രക്തസാക്ഷിത്വം. റേച്ചല്‍ കോറിയെപോലുള്ളവരുടെ നിരയിലാണ് ആഖിലയും.

ലോകത്തിന് ഫലസ്തീനെക്കുറിച്ചോര്‍ത്ത് വിലപിക്കാന്‍ മനുഷ്യരുടെ ചോര തന്നെ വേണം. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ നരമേധത്തില്‍ മരിച്ചു വീണ കുഞ്ഞുങ്ങളുടെ പടം കിട്ടുമ്പോള്‍ മാത്രമാണ് ആഗോള മാധ്യമ ഭീമന്‍മാര്‍ക്ക് ഫലസ്തീന്‍ തലക്കെട്ടാവുന്നത്. പ്രത്യക്ഷ ആക്രമണത്തിന്റെ ഇടവേളകളില്‍ ഈ ഇത്തിരി മണ്ണില്‍ എന്ത് നടക്കുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. നിരന്തരമായ ആക്രമണത്തിന്റെയും ആട്ടിയോടിക്കലിന്റെയും അധിനിവേശത്തിന്റെയും നടുവിലാണ് ഫലസ്തീന്‍ ജനത ജീവിക്കുന്നത്. അവരുടെ മണ്ണ് ദിനം പ്രതി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. അവരുടെ കുട്ടികള്‍ ഓരോ ദിവസവും മരിച്ചു വീഴുന്നു. പാര്‍പ്പിടങ്ങള്‍ ഏത് നിമിഷവും തകര്‍ക്കപ്പെടും. കുടിവെള്ളം പോലും ശേഖരിക്കാനാകാത്ത വിധം അവര്‍ക്ക് മുന്നില്‍ അതിര്‍ത്തികള്‍ അടയും. ഇസ്‌റാഈല്‍ സൈനികരുടെ ആജ്ഞകള്‍ക്ക് വഴിപ്പെട്ടു കൊണ്ടല്ലാതെ ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും മനുഷ്യര്‍ക്ക് ദിവസങ്ങള്‍ തള്ളിനീക്കാനാകില്ല. ഈ യാഥാര്‍ഥ്യത്തെ നിരന്തരം ലോകത്തിന് മുമ്പില്‍ എത്തിച്ചുവെന്നതാണ് ഷിറീന്‍ ചെയ്ത മഹത്തായ ദൗത്യം. അത്തരമൊരാളെ വകവരുത്തുക വഴി വാര്‍ത്തയുടെ വഴിയടക്കാനാകുമൊയെന്നാണ് ഇസ്‌റാഈല്‍ നോക്കുന്നത്. അവരെ കൊല്ലാന്‍ നേരത്തേ തയ്യാറാക്കിയ പദ്ധതിയാണ് പ്രാവര്‍ത്തികമായതെന്ന് ഫലസ്തീന്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത് അതുകൊണ്ടാണ്. അവരുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയെപ്പോലും ആക്രമിച്ചു ഇസ്‌റാഈല്‍ സൈന്യം. ഷിറീനെ കൊന്നു തിന്നാനുള്ള പക സയണിസ്റ്റ് സൈനികര്‍ക്കുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് മുഖത്ത് പതിച്ച വെടിയുണ്ടകള്‍.
വെസ്റ്റ്ബാങ്കിലെ ജൂത അധിനിവേശത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് നോക്കാന്‍ ലോകത്തെ നിര്‍ബന്ധിക്കുന്നുണ്ട് ഷിറീന്റെ രക്തസാക്ഷിത്വം. 1967 മുതല്‍ ഓരോ ഇസ്‌റാഈലി സര്‍ക്കാറും അധിനിവേശ പ്രദേശങ്ങളില്‍ വാസസ്ഥലങ്ങള്‍ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി വമ്പന്‍ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഓസ്‌ലോ കരാറിന്റെ ഭാഗമായി തിരിച്ചു കൊടുത്ത പ്രദേശങ്ങളുടെ നഷ്ടം നികത്താന്‍ വെസ്റ്റ് ബാങ്കില്‍ തൊണ്ണൂറുകളില്‍ വ്യാപക കൈയേറ്റത്തിന് തുടക്കം കുറിച്ചു. ഏകദേശം 3,80,000 ജൂതന്‍മാര്‍ ഇപ്പോള്‍ വെസ്റ്റ് ബാങ്കിലെ കൈയേറ്റ ഭൂമിയില്‍ താമസിക്കുന്നു.

അധിനിവേശത്തിന്റെ ആദ്യ ദശകത്തില്‍, അലോണ്‍ പദ്ധതിയാണ് നടപ്പാക്കിയത്. ‘സുരക്ഷാ പ്രാധാന്യമുള്ള’ വയെന്ന് മുദ്രകുത്തി ജനവാസ കേന്ദ്രങ്ങളില്‍ ആദ്യം സൈനിക സാന്നിധ്യവും പിന്നീട് സെറ്റില്‍മെന്റുകളും സ്ഥാപിക്കുകയാണ് ഈ പദ്ധതി. 1977ല്‍ ലിക്കുഡ് അധികാരത്തില്‍ വന്നതിനുശേഷം, വെസ്റ്റ് ബാങ്കിലുടനീളം, പ്രത്യേകിച്ച് മധ്യ പര്‍വതനിരയിലും പടിഞ്ഞാറന്‍ സമരിയയിലും പ്രധാന ഫലസ്തീന്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ജൂതകുടിയേറ്റ സമുച്ചയങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങി. ഏറ്റവും വലിയ ഭൂമി കൊള്ളയാണ് ഗവോട്ട് ജൂത കുടിയേറ്റ മേഖലയോട് ചേര്‍ന്ന പ്രദേശത്ത് നടന്നത്. ഫലസ്തീന്‍ ഗ്രാമങ്ങളായ അല്‍ ജബ്അക്കും നഹാലിനും ഇടക്കുള്ള പ്രദേശമാണ് ഗവോട്ട്. ഇവിടെ 1984ല്‍ ഒരു സൈനിക താവളം പണിതു ഇസ്‌റാഈല്‍. അതിര്‍ത്തി പ്രദേശത്തെ സംഘര്‍ഷങ്ങള്‍ക്കും അനധികൃത കുടിയേറ്റങ്ങള്‍ക്കും അറുതി വരുത്താനെന്ന പേരിലായിരുന്നു സൈനിക താവളം പണിതത്. അന്ന് ഫലസ്തീന്‍ നേതാക്കള്‍ പ്രതിഷേധിച്ചതാണ്. സുരക്ഷയുടെ വിഷയമുയര്‍ത്തി ഇസ്‌റാല്‍ ഈ പ്രതിഷേധത്തെ അവഗണിച്ചു. സൈനിക താവളം എന്നത് കുതന്ത്രമായിരുന്നു. തൊണ്ണൂറുകളില്‍ ഇവിടെ നിന്ന് പട്ടാളക്കാരെ പിന്‍വലിച്ച് ജൂത വിദ്യാര്‍ഥികളെ കുടിയിരുത്തി. പിന്നെ അവിടെ കൂറ്റന്‍ വിദ്യാഭ്യാസ സമുച്ചയം പണിതു. 1998 ആയപ്പോഴേക്കും വിദ്യാര്‍ഥികളുടെ കുടുംബവും എത്തി. ഇന്ന് വിശാലമായ ജൂത കുടിയേറ്റ മേഖലയാണ് ഇത്. ഈ കുടിയേറ്റ മേഖലയോട് ചേര്‍ന്ന പ്രദേശമാണ് ഇപ്പോള്‍ സ്റ്റേറ്റ് ലാന്‍ഡ് ആയി പ്രഖ്യാപിച്ചത്.

സ്റ്റേറ്റ് ലാന്‍ഡ് ആയി പ്രഖ്യാപിക്കുകയെന്നത് അധിനിവേശത്തിന്റെ ഏറ്റവും ക്രൂരമായ വഴിയാണ്. 1967ല്‍ പിടിച്ചടക്കിയ പ്രദേശത്ത് ഓട്ടോമന്‍ നിയമം എന്നൊരു വിചിത്ര നിയമം പ്രഖ്യാപിക്കുയായിരുന്നു ഇതിന്റെ ആദ്യ പടി. ഈ നിയമപ്രകാരം പ്രദേശത്തെ മുഴുവന്‍ ഭൂമിയും സ്റ്റേറ്റ് ലാന്‍ഡ് ആണ്. സ്വകാര്യ ഉടമസ്ഥത അവകാശപ്പെടുന്നവര്‍ അതിന് തെളിവ് ഹാജരാക്കണം. എന്നിട്ട് രജിസ്റ്റര്‍ ചെയ്യണം. പത്ത് വര്‍ഷം തുടര്‍ച്ചയായി ഒരാള്‍ കൃഷി ചെയ്ത് വരുന്ന ഭൂമിക്ക് മാത്രമേ പ്രൈവറ്റ് പ്രോപര്‍ട്ടി രജിസ്‌ട്രേഷന്‍ നല്‍കുകയുള്ളൂ. പക്ഷേ മിക്ക ഉടമസ്ഥര്‍ക്കും ഇതിന് സാധിക്കാറില്ല. പലപ്പോഴും ഇസ്‌റാഈല്‍ സൈനികരും കുടിയേറിയെത്തുന്ന ജൂതന്‍മാരും കൃഷി തടസ്സപ്പെടുത്തും. അല്ലെങ്കില്‍ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് രജിസ്‌ട്രേഷന്‍ തടയും. ഇങ്ങനെ ഉടമസ്ഥരില്ലാതാക്കിയ ഭൂമിയാണ് സ്റ്റേറ്റ് ലാന്‍ഡ് ആയി പ്രഖ്യാപിക്കുക. റോഡുകളും ഹെലിപാഡുകളും മാര്‍ക്കറ്റുകളും പണിയാനെന്ന പേരിലും ഭൂമി പിടിച്ചെടുക്കുന്നു. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമിയില്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കാറില്ല. ആത്യന്തികമായി അവയും ജൂത കുടിയേറ്റത്തിനായി നല്‍കുകയാണ് പതിവ്. ചെറുത്തു നില്‍ക്കുന്നവരെ ആക്രമിച്ചും ഒറ്റപ്പെടുത്തിയും നിസ്സാരകാര്യത്തിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചും നിശ്ശബ്ദമാക്കും. 1993 നും 2000 ത്തിനും ഇടയില്‍ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റക്കാരുടെ എണ്ണം 100 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്ക്.

ഇസ്‌റാഈല്‍ പാര്‍ലിമെന്റായ നെസ്സറ്റ് 2017 ഫെബ്രുവരി ഏഴിന് പാസ്സാക്കിയ ‘റഗുലേഷന്‍ ബില്‍’ അന്താരാഷ്ട്ര ചട്ടങ്ങളെ മുഴുവന്‍ ലംഘിക്കുന്നതായിരുന്നു. 1948 മുതല്‍ 1967 വരെയുള്ള യുദ്ധങ്ങളില്‍ പിടിച്ചടക്കിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ് ഈ ബില്ല്. 2016 ജനുവരിയില്‍ യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ 2334ാം പ്രമേയത്തെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഈ നിയമനിര്‍മാണം. ഫലസ്തീന് അവകാശപ്പെട്ട പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ നിര്‍മിക്കുന്ന ജൂത കുടിയേറ്റ ഭവനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആ പ്രമേയം. ഇത്തരമൊരു പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്യുകയാണ് പതിവ്. എന്നാല്‍ ബരാക് ഒബാമ പ്രസിഡന്റ് പദവിയുടെ അവസാന കാലത്ത് കാണിച്ച ഔദാര്യം കൊണ്ട് യു എസ് വിട്ടു നിന്നു. പ്രമേയം പാസ്സായി.

ഡൊണാള്‍ഡ് ട്രംപ് വന്നപ്പോള്‍ ഈ ഔദാര്യത്തിന് പിഴയൊടുക്കി. ഫലസ്തീന്റെ തലസ്ഥാനമാകേണ്ട ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചു. അധിനിവേശ ഭൂമിയില്‍ ഉത്പാദിപ്പിക്കുന്നവക്കെല്ലാം ‘മേഡ് ഇന്‍ ഇസ്‌റാഈല്‍’ ബ്രാന്‍ഡ് നല്‍കി. ഇപ്പോള്‍ ബൈഡന്‍ ഭരിക്കുമ്പോഴും ഇസ്‌റാഈലിനോടുള്ള കരുതലില്‍ ഒരു കുറവുമില്ല. ഫലസ്തീന്‍ മണ്ണ് നിരന്തരം കവര്‍ന്നെടുക്കുന്നു. യുവാക്കളെ വോട്ടയാടുന്നു. ഫലസ്തീന്‍ ചുരുങ്ങിച്ചുരുങ്ങി ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ ലോകത്തിന് നോവുന്നേയില്ല. ആ മനുഷ്യര്‍ക്ക് വേണ്ടി വേദനിക്കുകയും ഒച്ചവെക്കുകയും നിറതോക്കുകള്‍ക്ക് മുമ്പില്‍ ഇടറാതെ നില്‍ക്കുകയും ചെയ്യുന്ന ഷിറീനെപ്പോലുള്ളവരുടെ മുഖത്ത് വെടിവെച്ച് വീഴ്ത്തുമ്പോഴും ഇസ്‌റാഈല്‍ ബാന്ധവത്തിനായി മത്സരിക്കുകയാണ് വലിയ വലിയ നേതാക്കള്‍. ഷിറീന്‍ അബു ആഖില കിടക്കുന്ന ജറൂസലം സിയോന്‍ കത്തീഡ്രലിലെ ആ കുഴിമാടം ഫലസ്തീന്‍ സ്വപ്‌നങ്ങള്‍ക്കായി സ്പന്ദിക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest