National
ഷിരൂര്‍ രക്ഷാദൗത്യം; തിരച്ചിലില്‍ 15 അടി താഴ്ചയില്‍ ട്രക്ക് കണ്ടെത്തി: അര്‍ജുന്റെ ട്രക്ക് ആണോ എന്നതില്‍ സ്ഥിരീകരണമില്ല
പുഴയിലെ സാഹചര്യം നിലവില്‍ തിരച്ചിലിന് അനുകൂലമാണ്
ഷിരൂര്‍ | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും ഗംഗാവലി പുഴയിലിറങ്ങി തിരച്ചില്‍ നടത്തുന്നുണ്ട്. ഗംഗാവലി പുഴയില്‍ ട്രക്ക് കണ്ടെത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ട്രക്ക് അര്‍ജുന്റെത് തന്നെയാണോ എന്നതില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.15 അടി താഴ്ചയില്‍ ട്രക്ക് തലകീഴായാണ് കിടക്കുന്നതെന്നാണ് ഈശ്വര്‍ മാല്‍പെ പറയുന്നത്. ട്രക്കിന്റെ ടയര്‍ കണ്ടെത്തിയെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി.തിരച്ചില്‍ പുരോഗമിക്കുന്നയിടത്ത് നിരവധി തടിക്കഷണങ്ങള്‍ കണ്ടെന്ന് മാല്‍പെ അറിയിച്ചിരുന്നു.ഇത് അര്‍ജുന്‍ ലോറിയില്‍ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചിട്ടുണ്ട്.
ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെക്ക് ആദ്യം കര്‍ണാടക അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ ജില്ല ഭരണകൂടവുമായി നിരന്തരം നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവില്‍ തിരച്ചിലിന് അനുകൂലമാണ്
ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജിങ്ങിന്റെ എതിര്‍വശത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. കൂടാതെ ബാരിക്കേഡുകള്‍ വെച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്തിനും പരിധി വെച്ചിട്ടുണ്ട്. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്നുപേര്‍ക്ക് വേണ്ടിയാണ് തിരച്ചില്‍ നടത്തുന്നത്.