National
ശിവസേനയുടെ ബാബരി വിരുദ്ധ പരസ്യം; സമാജ് വാദി പാർട്ടി മഹാവികാസ് അഘാഡി സഖ്യം വിട്ടു
ബാബാരി മസ്ജിദ് ധ്വംസനത്തിന്റെ 32-ാം വാർഷിക ദിനമായ ഇന്നലെ ബാബരി തകർച്ചക്ക് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് ശിവസേന നൽകിയ പത്രപരസ്യത്തിൽ പ്രതിഷേധിച്ചാണ് നടപടി
മുംബൈ | മഹാരാഷ്ട്രയിൽ ശിവസേന നേതാവിന്റെ ബാബരി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് സമാജ് വാദി പാർട്ടി പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി സഖ്യം വിട്ടു. ബാബാരി മസ്ജിദ് ധ്വംസനത്തിന്റെ 32-ാം വാർഷിക ദിനമായ ഇന്നലെ ബാബരി തകർച്ചക്ക് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് ശിവസേന നൽകിയ പത്രപരസ്യത്തിലും ഉദ്ധവ് താക്കറെയും അടുത്ത അനുയായിയും ശിവസേന നേതാവുമായ മിലിന്ദ് നർവേക്കർ ഫേസ്ബുക്കിലിട്ട പോസ്റ്റിലും പ്രതിഷേധിച്ചാണ് സമാജ് വാദി പാർട്ടി സഖ്യം ഉപേക്ഷിച്ചത്. ‘ബാബരി മസ്ജിദ് തകത്തവരെ ഓർത്ത് അഭിമാനിക്കുന്നു’ എന്ന ബാൽതാക്കറെയുടെ വാചകങ്ങൾ ഉൾപ്പെടുത്തി താക്കറെയുടെയും ഉദ്ദവ് താക്കറെയുടെയും ബാബരി പള്ളിയുടെയും ചിത്രം സഹിതമായിരുന്നു മിലിന്ദിന്റെ സോഷ്യൽ മീഡി പോസ്റ്റ്.
സമാജ് വാദി പാർട്ടിക്ക് വർഗീയ പ്രത്യയ ശാസ്ത്രവുമായി യോജിച്ച് പോകാനാകില്ലന്നും അതുകൊണ്ട് മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് അബൂ ആസിം അസ്മി വ്യക്തമാക്കി. തീരുമാനം പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാ വികാസ് അഘാഡി സഖ്യകക്ഷികൾ ഈ രീതിയിൽ സംസാരിച്ചാൽ ബിജെപിയും അവരും തമ്മിൽ എന്താണ് വ്യത്യാസമെന്നും അബൂ ആസിം ചോദിച്ചു.
സമാജ് വാദി പാർട്ടിക്ക് മഹാരാഷ്ട്രയിൽ രണ്ട് അംഗങ്ങളാണുള്ളത്. നേരത്തെ, മഹാരാഷ്ട്രയിൽ ഇ വി എം അട്ടിമറിച്ചാണ് മഹായുതി സഖ്യം അധികാരത്തിലേറിയത് എന്ന് ആരോപിച്ച് സമാജ് വാദി പാർട്ടി ഉൾപ്പെടെ പ്രതിപക്ഷ എംഎൽഎമാർ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.