Connect with us

maharashtra crisis

ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്ന് ഉദ്ദവിനോട് ശിവസേന എം പിമാര്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഉദ്ദവിന് മുന്നിലെ പുതിയ വെല്ലുവിളി; ശിവസേന എം പിമാര്‍ക്കിടയിലും ഭിന്നത

Published

|

Last Updated

മുംബൈ | സ്വന്തം പാര്‍ട്ടി എം എല്‍ എമാര്‍ കൂട്ടത്തോടെ കാലുവാരിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഭരണത്തില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന ഉദ്ദവ് താക്കറെക്ക് പുതിയ ഭീഷണി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ രാഷ്ട്രപതി സഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്ന് 16 ശിവസേന എം പിമാര്‍ ഉദ്ദവിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ പിന്തുണക്കാനാകില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഉദ്ദവിനെ എം പിമാര്‍ അറിയിച്ചത്. മറിച്ചൊരു തീരുമാനമുണ്ടായാല്‍ പാര്‍ട്ടി തീരുമാനം മറികടന്ന് മുര്‍മുവിനെ പിന്തുണച്ചേക്കുമെന്ന സൂചനയും എം പിമാര്‍ നല്‍കിയിട്ടുണ്ട്. ദ്രൗപതി മുര്‍മു ഗോത്ര വനിതയാണെന്നും അതിനാല്‍ അവര്‍ക്ക് വോട്ട് നല്‍കണമെന്നുമാണ് എം പിമാര്‍ ഉദ്ദവിനോട് പറഞ്ഞത്.

പുതിയ സാഹചര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കാമെന്നാണ് ഉദ്ദവ് യോഗത്തില്‍ പറഞ്ഞത്. നിലവിലെ സഹാചര്യത്തില്‍ എം പിമാരുടെ ആവശ്യത്തിന് ഉദ്ദവ് കീഴ്‌പ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ പിതാവ് ബാല്‍ താക്കറെ സ്ഥാപിച്ച പാര്‍ട്ടിയുടെ നിയന്ത്രണം നിലനിര്‍ത്താന്‍ കഠിന ശ്രമത്തിലാണ് ഉദ്ധവ് താക്കറെ.

ശിവസേനക്ക് ലോക്‌സഭയില്‍ 19ഉം രാജ്യസഭയില്‍ മൂന്നും എംപിമാരാണുള്ളത്. ഇന്നലെ ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ ഉള്‍പ്പെടെ ആറ് ശിവസേന എം പിമാര്‍ വിട്ടുനിന്നിരുന്നു.

Latest