Articles
ശിവസേനാ താണ്ഡവം തിരുതകൃതി
നല്ല കാലത്ത് നല്ല ബുദ്ധിയെന്നോണം തീപ്പൊരി പ്രസംഗം ബാല്‍താക്കറെയെ അനിഷേധ്യ നേതാവാക്കി. മറാഠി സേന വെറും ഗുണ്ടാ സേനയല്ലെന്ന് ഒടുവില്‍ 1995ല്‍ സ്ഥാപിച്ചെടുത്തു. അഞ്ച് കൊല്ല ഭരണ കാലാവധിയങ്ങനെ മനോഹര്‍ ജോഷി മുഖ്യമന്ത്രിയായ ശിവസേന പൂര്‍ത്തിയാക്കി.
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന പഴഞ്ചൊല്ല് മഹാരാഷ്ട്ര ശിവസേന രാഷ്ട്രീയത്തില്‍ അക്ഷരം പ്രതി അര്‍ഥവത്തായ സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്! ഔദ്യോഗികമായി ഇക്കഴിഞ്ഞ 17ന് വെള്ളിയാഴ്ചയാണ് കമ്മീഷന്‍ വഴി ശിവസേനാ പാര്‍ട്ടി പേരും ചിഹ്നവും വക തീര്‍പ്പ് ഓര്‍ക്കാപ്പുറത്ത് പ്രഖ്യാപിക്കപ്പെട്ടത്. ശിവസേന റോഡ് ലഹളക്ക് കച്ചകെട്ടി ഇറങ്ങിയ പോലോത്ത സംഭവ വികാസങ്ങളാണ് നടമാടുന്നത്. ശിവസേനയില്‍ നിന്ന് ബഹുഭൂരിപക്ഷം എം എല്‍ എമാരും 2022 ജൂണിലാണ് ചാടിപ്പോയി കാവി പാര്‍ട്ടിയെ ദുര്‍ബലമാക്കിയത്. തെറ്റിപ്പിരിഞ്ഞ് ചേരിമാറിയ വിമതര്‍ ബി ജെ പിയോട് ഒട്ടി. സര്‍ക്കാര്‍ രൂപവത്കരിച്ചു. വിമത വിഭാഗം ലീഡര്‍ ഷിന്‍ഡെ മുഖ്യമന്ത്രിയുമായി. ഇത്രവരേയും വല്ലവിധേനയും ഉദ്ദവ് ഗ്രൂപ്പ് വായു ബലം പിടിച്ച് സഹിച്ചിരുന്നു. അന്ധേരി ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഉദ്ദവ് പക്ഷത്തിന് താത്കാലിക അടിസ്ഥാനത്തില്‍ ചിഹ്നം തീപന്തവും വിമതര്‍ക്ക് രണ്ട് വാളും പരിചയും നല്‍കി. എന്നാലിപ്പോഴത്തെ എടങ്ങേറ് തിരിച്ചടി താക്കറെ കുടുംബത്തെ ചൊടിപ്പിക്കാതിരിക്കുമോ? വിവാദത്തോടെ മരവിപ്പിച്ച ശിവസേന പേരും ചിഹ്നമായ അമ്പും വില്ലും വിമത ഗ്രൂപ്പായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് സ്വന്തമായി. മുന്‍ മുഖ്യമന്ത്രിയും ശിവസേനാ സ്ഥാപകന്‍ ബാല്‍താക്കറെയുടെ അനന്തരാവകാശിയുമായ ഉദ്ദവ് താക്കറെ അരിശം മൂത്ത് താണ്ഡവ നൃത്തം ആരംഭിച്ചു കഴിഞ്ഞു. ദാദറിലെ ശിവാജി പാര്‍ക്കില്‍ തടിച്ചു കൂടിയ ജനത്തോട് ഈ അനീതിയെ സംബന്ധിച്ച് വിശദീകരിച്ചു. മേല്‍ നടപടിയെന്നോണം സുപ്രീം കോടതിയെ സമീപിക്കുന്നതായും ഊറ്റം കൊണ്ടു. വിമതരോടല്ല ഉദ്ദവിന്റെ ഇപ്പോഴത്തെ വാശിയും പോരും. പഴയ ദോസ്ത് ബി ജെ പിക്കാരോടാണ് ഉച്ചത്തില്‍ വെല്ലുവിളി. പാര്‍ട്ടി പത്രവും പ്രതിഷേധ യുദ്ധത്തിലാണ്. വരും വരായ്മകള്‍ മാറി നിന്ന് നിരീക്ഷിക്കുന്നുണ്ട് പ്രബല പാര്‍ട്ടികള്‍. വിറളി പിടിച്ച താക്കറെ കുടുബത്തിന്റെയും ശിങ്കിടികളുടെയും ചാക്യാര്‍ കൂത്ത് നന്നായി ആസ്വദിക്കുകയാണ് മറ്റു ചിലര്‍. കഴിഞ്ഞ താക്കറെ ഭരണ കൂട്ടുകക്ഷികളായിരുന്ന കോണ്‍ഗ്രസ്സും എന്‍ സി പിയും ഉദ്ദവിന്റെ വീഴ്ച കണ്ടുകൊണ്ടിരിക്കുന്നുണ്ട്.
വെളിച്ചപ്പാട് തുള്ളി ചക്രശ്വാസം വലിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും മകന്‍ ആദിത്യയും അവകാശം സ്ഥാപിച്ചെടുക്കാന്‍ ആരോടെന്നില്ലാതെ വാക്ക് പോര് തുടരുകയാണ്. വിമതരോടല്ല വിരോധം. ബി ജെ പിയോടാണിപ്പോള്‍ ആജന്മ ശത്രുത. ഇത്തരം വികട നിയമങ്ങള്‍ ശിപാര്‍ശക്കനുസരിച്ച് തരപ്പാടാക്കി കൊടുക്കുന്നെന്ന പൂരപ്പാട്ട് തന്നെ. മൗനം ദീക്ഷിക്കുകയാണ് ഫഡ്‌നാവിസ്. തൊണ്ട കഴക്കുമ്പോള്‍ താനെ പതം ചായുമെന്ന ചിന്താഗതി.
ശിവസേനയുടെ ഉത്ഭവം
ബാലാ സാഹിബ് താക്കറെ 1966ല്‍ സ്ഥാപിച്ചതാണ് ശിവസേന. മുംബൈയിലെ ഫ്രീ പ്രസ്സ് ജേണലില്‍ കാര്‍ട്ടൂണിസ്റ്റായി ഔദ്യോഗിക ജീവിതം തുടങ്ങിയ ആളാണ്. വരകളത്രയും മദിരാശി വൈരാഗ്യം പുലര്‍ത്തുന്നവയും. നല്ല കാലത്ത് നല്ല ബുദ്ധിയെന്നോണം തീപ്പൊരി പ്രസംഗം ബാല്‍താക്കറെയെ അനിഷേധ്യ നേതാവാക്കി. മറാഠി സേന വെറും ഗുണ്ടാ സേനയല്ലെന്ന് ഒടുവില്‍ 1995ല്‍ സ്ഥാപിച്ചെടുത്തു. അഞ്ച് കൊല്ല ഭരണ കാലാവധിയങ്ങനെ മനോഹര്‍ ജോഷി മുഖ്യമന്ത്രിയായ ശിവസേന പൂര്‍ത്തിയാക്കി. ഇതിനിടയില്‍ ഭരണ പരിഷ്‌കാരങ്ങള്‍ ഒത്തിരി നടപ്പാക്കാതിരുന്നില്ല. ബാന്ദ്രയിലെ താക്കറെ വാസസ്ഥലവും വികസിച്ചു. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിന്റെ മുന്‍നിരയിലെത്തി ആസ്ഥാന മന്ദിരം. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം നാനാ വഴിക്ക് നീങ്ങി. ബോംബെയുടെ പേര് മാറ്റി മുംബൈ ആക്കി. വിക്ടോറിയ ടെര്‍മിനസ് സ്റ്റേഷനെ ഛത്രപതി ശിവാജി മഹാരാജാ ടെര്‍മിനസ് ആയി പരിഷ്‌കരിച്ചു. റെയില്‍ വിളംബരക്കാരത് വായയില്‍ കൊള്ളില്ലെന്ന ബുദ്ധിമുട്ടില്‍ ചുരുക്കി സി എസ് എം ടി എന്നാക്കി. മുംബൈ എയര്‍പോര്‍ട്ടിലും ശിവാജിയുടെ പേര് കുത്തി തിരുകാതിരുന്നില്ല. ബോംബെ പേര് എഴുതുന്നത് പിഴ ചുമത്തി കുറ്റകരമാക്കി വിലക്കി. നിയമം എത്ര കര്‍ശനമായി അനുശാസിച്ചിട്ടും ചില വമ്പന്മാര്‍ മുട്ടുമടക്കി അനുസരിച്ചില്ല. ബോംബെ ഹൈക്കോര്‍ട്ട്, ബോംബെ ചേംമ്പര്‍ ഓഫ് കൊമേഴ്‌സ്, ടൈംസ് ഓഫ് ഇന്ത്യയുടെ ബോംബെ ടൈംസ്….
ശിവസേനക്ക് മഹാരാഷ്ട്ര ഭരിക്കാന്‍ അടുത്ത ഊഴം കിട്ടിയതോടെ കൊങ്കണ്‍ സാമ്രാജ്യം വെട്ടിപ്പിടിച്ച നാരായണ്‍ റാണെ മുഖ്യനായി. അപ്പോള്‍ ഒരു അച്ചടക്ക ചട്ടം കൂടി പ്രാബല്യത്തിലാക്കാന്‍ കഠിന പരിശ്രമം നടത്തി. മഹാനഗര പ്രവേശനത്തിന് പാസ്‌പോര്‍ട്ട് സമ്പ്രദായം ഏര്‍പ്പെടുത്തുക. മറാഠികളല്ലാത്ത അന്യരുടെ നുഴഞ്ഞുവരവ് നിയന്ത്രിക്കാനെന്ന വ്യാജേന. കേന്ദ്രം തുണച്ചില്ലെന്ന് മാത്രമല്ല ന്യായമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ഒരു മെട്രോ സിറ്റിക്കതനുവദിച്ചാല്‍ മറ്റുള്ളവരും വാശി തുടങ്ങും. അതോടെ രാജ്യം മുഴുനീളെ വിഭജിക്കുന്ന ദുര്‍നടപടിയായി തീരുമത്. എങ്കിലും ശിവസേനയുടെ പ്രകടന പത്രികയില്‍ നിന്നീ ആവശ്യം നീക്കം ചെയ്തിട്ടുണ്ടോയെന്ന് സംശയം.