Connect with us

National

ശിവസേനാ (യു ബി ടി) നേതാവ് അഭിഷേക് ഗൊസാല്‍കര്‍ വെടിയേറ്റു മരിച്ചു

ഫേസ് ബുക്ക് ലൈവിനിടെയാണ് അഭിഷേകിന് വെടിയേറ്റത്. മൗറിസ് ഭായ് എന്നും അറിയപ്പെടുന്ന മൗറിസ് നൊറോന്‍ഹയാണ് അഭിഷേകിനെതിരെ നിറയൊഴിച്ചത്. കൃത്യത്തിനു ശേഷം മൗറിസ് സ്വയം വെടിവച്ചു മരിച്ചു.

Published

|

Last Updated

മുംബൈ | മുംബൈയിലെ ശിവസേനാ (യു ബി ടി) നേതാവ് അഭിഷേക് ഗൊസാല്‍കര്‍ വെടിയേറ്റു മരിച്ചു. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ അംഗമാണ് അഭിഷേക്.

മുംബൈയിലെ ദഹിസര്‍ മേഖലയിലാണ് സംഭവം. ഫേസ് ബുക്ക് ലൈവിനിടെയാണ് അഭിഷേകിന് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. മൗറിസ് ഭായ് എന്നും അറിയപ്പെടുന്ന മൗറിസ് നൊറോന്‍ഹയാണ് അഭിഷേകിനെതിരെ മൂന്നു തവണ നിറയൊഴിച്ചത്. ഇതും ഫേസ് ബുക്ക് ലൈവില്‍ പതിഞ്ഞു. കൃത്യത്തിനു ശേഷം മൗറിസ് സ്വയം വെടിവച്ചു മരിച്ചു.

എഫ് ബിയിലൂടെയുള്ള തന്റെ സന്ദേശം അവസാനിപ്പിച്ച് മുറി വിടാനൊരുങ്ങുന്നതിനിടെയാണ് അഭിഷേകിനെതിരെ ആക്രമണമുണ്ടായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.

ശിവസേനാ (യു ബി ടി) നേതാവ് വിനോദ് ഗൊസാല്‍കറിന്റെ മകനാണ് അഭിഷേക് ഗൊസാല്‍കര്‍. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെക്കണമെന്ന് ശിവസേനാ (യു ബി ടി) എം പി. സഞ്ജയ് റൗത്ത് ആവശ്യപ്പെട്ടു.

അടുത്തിടെ, മഹാരാഷ്ട്രയിലെ ഉല്‍ഹാസ്‌നഗറില്‍ ശിവസേനാ നേതാവ് മഹേഷ് ഗെയ്ക്വാദിനെ ബി ജെ പി എം എല്‍ എ. ഗണ്‍പത് ഗെയ്ക്വാദ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഹില്‍ ലൈന്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു ഉന്നത പോലീസുകാരന്റെ മുറിയില്‍ വച്ചായിരുന്നു സംഭവം. വെടിവെപ്പില്‍ ശിവസേനാ എം എല്‍ എ. രാഹുല്‍ പാട്ടീലിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഫയല്‍ ചെയ്യാന്‍ എത്തിയതായിരുന്നു മഹേഷും ഗണ്‍പതും.