Kerala
കരിനിഴല്‍ മായാതെ ശിവശങ്കര്‍ ഇന്ന് അടുത്തൂണ്‍ പറ്റി പിരിയുന്നു
ത്യുന്നതിയില്‍ നിന്നുള്ള അപ്രതീക്ഷിത പതനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നു മുക്തനാവാതെയാണ് ഈ ബ്യൂറോക്രാറ്റിന്റെ പടിയിറക്കം.
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎം ശിവശങ്കര്‍ ഇന്ന് വിരമിക്കുന്നു. മികച്ച ഉദ്യോഗസ്ഥനെന്ന പെരുമകള്‍ക്കിടെ പൊടുന്നനെ അപവാദത്തിലേക്കു വഴുതി വീണ ഉദ്യോഗസ്ഥന്‍ കളങ്കിതമായ പ്രതിച്ഛായ മായ്ചു കളയാനാവാതെ അടുത്തൂൺ പറ്റി പിരിയുന്നു.
അധികാര സോപാനത്തില്‍ തിളങ്ങിനില്‍ക്കെ കറുത്ത നിഴലായി സ്വര്‍ണക്കടത്ത് ആരോപണം പതിച്ചു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന അനുഭവക്കുറിപ്പിലൂടെ സ്വയം തുറന്നുകാട്ടാന്‍ ശ്രമിച്ചെങ്കിലും അത്യുന്നതിയില്‍ നിന്നുള്ള അപ്രതീക്ഷിത പതനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നു മുക്തനാവാതെയാണ് ഈ ബ്യൂറോക്രാറ്റിന്റെ പടിയിറക്കം. സ്വയം വിരമിക്കലിനു ശ്രമിച്ചെങ്കിലും സര്‍വീസില്‍ തിരികെയെത്തി കായിക- യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയില്‍ ഇരുന്നാണ് ഒടുവിൽ വിരമിക്കൽ. വകുപ്പുകളുടെ ചുമതല പ്രണബ് ജ്യോതിനാഥിന് കൈമാറി അദ്ദേഹം ഇന്നു ഭരണ സിരാകേന്ദ്രം വിടും.
1978ലെ എസ് എസ് എല്‍ സിക്ക് രണ്ടാം റാങ്കുകാരന്‍ ബി.ടെകിന് ശേഷം റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായി. ഡെപ്യൂട്ടി കലക്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹത്തിനു 2000ല്‍ ഐ എ എസ് ലഭിച്ചു. 2106ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പദവിയിലെത്തി. 2019ല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം.
സര്‍ക്കാറിന്റെ സമ്പൂര്‍ണ വിശ്വാസമാര്‍ജിച്ച് ഭരണ നിര്‍വഹണത്തിന്റെ കടിഞ്ഞാന്‍ നിയന്ത്രിച്ചുകൊണ്ടിരിക്കെയാണ് കേവലമൊരു സ്വര്‍ണക്കടത്ത് വാര്‍ത്തയില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ സംഭവിക്കുന്നത്.
സ്പ്രിംക്ലര്‍, ലൈഫ് മിഷന്‍ വിവാദങ്ങളോടെ സ്വർണക്കടത്ത് വാര്‍ത്തയില്‍ നിറഞ്ഞു നിന്നത് അദ്ദേഹത്തിന്റെ വിധി നിര്‍ണയിക്കുന്നതുവരെയെത്തി. ആരോപണങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്നു. യു എ ഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്തു സംഭവങ്ങള്‍ സെക്രട്ടറിയറ്റിലേക്ക് നീണ്ടു. സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ സസ്‌പെന്‍ഷനിലായി. ഒരു വര്‍ഷം അവധിയില്‍ പ്രവേശിച്ച അദ്ദേഹത്തെ 2020 ഒക്ടോബര്‍ 28ന്എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 98 ദിവസത്തെ ജയില്‍വാസം.
നിയമസഭാ തിരഞ്ഞെടുപ്പിനായി കേരളം ഒരുങ്ങുന്ന ഘട്ടം. സംസ്ഥാന സര്‍ക്കാറിനെതിരെ കിട്ടിയ ഏറ്റവും പ്രഹര ശേഷിയുള്ള ആയുധമായി സ്വര്‍ണക്കടത്തു മാറി. ഉന്നത പദവികളില്‍ വിരാജിച്ച ഒരാള്‍, അപമാനത്തിന്റെ ഏറ്റവും ഹീനമായ കവലയില്‍ വിചാരണ ചെയ്യപ്പെട്ടു. ഒരുവര്‍ഷവും അഞ്ചുമാസവും കഴിഞ്ഞ് തിരികെ സര്‍വീസില്‍ എത്തി. എന്നിട്ടും ആരോപണങ്ങള്‍ അവസാനിച്ചില്ല.
അശ്വഥമാവെന്ന ആനയാണോ ചരിഞ്ഞതെന്ന് കാലം തെളിയിക്കട്ടെ, ലാവണത്തിന്റെ ഭാരമില്ലാതെ അദ്ദേഹം ഇനി പൊതു സമൂഹത്തിനു മുന്നില്‍ നില്‍ക്കുന്നു.