articles
അരുവിപ്പുറത്തെ ശിവനും അതിക്രമികളും
അനുകമ്പാ സന്യാസത്തില്‍ നിന്ന് അഖാഢ സന്യാസത്തിലേക്കുള്ള മാറ്റം കേരളത്തെ സംബന്ധിച്ച് ഒരു പിന്‍നടത്തം തന്നെയാണ്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരയണഗുരു നമ്മുടെ ചരിത്രത്തെ മുന്നോട്ട് നടത്തുകയായിരുന്നു. അതേസമയം, അന്യമത ദേവാലയങ്ങള്‍ക്ക് അടിയില്‍ ശിവലിംഗം തിരയുന്നവര്‍ ആരായാലും, അവര്‍ നമ്മെ നയിക്കുന്നത് ഒരിക്കല്‍ നമ്മള്‍ പലായനം ചെയ്ത ഇരുണ്ട ഇടങ്ങളിലേക്ക് തന്നെയായിരിക്കും.

മഹാശിവരാത്രി ദിവസം അത് ആചരിക്കുന്ന ഭക്തന്മാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ്. അതിന് ഉപോത്ബലകമായ ഐതിഹ്യമാകട്ടെ ഏറെ കൗതുകകരവും. ദേവന്മാരും അസുരന്മാരും അമരത്വത്തിന് വേണ്ടി പാലാഴി മഥനം നടത്തുന്നു. അതില്‍ നിന്ന് ലോകമംഗളകാരികളും ഐശ്വര്യദായകവും ആയ നിരവധി അമൂല്യവസ്തുക്കള്‍ ഉയര്‍ന്ന് വരുന്നു. അതെല്ലാം അവിടെ ഉണ്ടായിരുന്ന പലരും സ്വന്തമാക്കുന്നു. അതേസമയം, പാലാഴി മഥനത്തിനിടയില്‍ ലോകവിനാശകാരിയായ കാളകൂട വിഷം പൊന്തിവന്നപ്പോള്‍ അത് സ്വീകരിക്കാന്‍ കഴിയുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല.
അതിന് ശിവന്‍ വേണ്ടി വരുന്നു. അങ്ങനെ ഏറ്റവും വിനാശകാരിയായ വിഷം ലോക ക്ഷേമത്തിന് വേണ്ടി ശിവന്‍ പാനം ചെയ്യുകയും ആ രാത്രി മുഴുവന്‍ അതുകൊണ്ട് തന്നെ ഉറങ്ങാതിരിക്കുകയും ചെയ്യുന്നു. അതാണ് ശിവരാത്രിയുടെ ഐതിഹ്യം. മുഴുവന്‍ ലോകത്തിനും വേണ്ടി ഏറ്റവും മാരകമായ വിഷം ഭക്ഷിക്കുകയും അതിന്റെ പേരില്‍ സ്വന്തം സുഖനിദ്ര ഉപേക്ഷിക്കുകയും ചെയ്യുന്ന പരമമായ ത്യാഗസന്നദ്ധത തന്നെയാണ് ശിവത്വത്തിന്റെ പരംപൊരുള്‍. എന്നാല്‍ ഇന്ന് കാളകൂട വിഷം തോല്‍ക്കുന്ന വര്‍ഗീയ വിദ്വേഷ പ്രചാരകര്‍ ശിവനെ തന്നെ അപരവിദ്വേഷത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്നു എന്നതാണ് സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യം. സത്യനിഷ്ഠയുടെ പ്രതീകമായ സാക്ഷാല്‍ ശിവനെ അസത്യ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലും വലിയ ശിവനിന്ദ വേറെയില്ല.
നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് അതുതന്നെയാണ്. ഏത് അന്യമത ദേവാലയത്തിന്റെ ഇടയിലും ശിവലിംഗം തിരയുന്ന സംഘ്പരിവാര്‍ മനോഘടനയുടെ പ്രയോഗവത്കരണം ഉത്തരേന്ത്യയില്‍ നടപ്പാക്കിയിട്ട് നാളുകള്‍ ആയി. അപ്പോഴും ഇതൊക്കെ കേരളത്തിന് അന്യമാണ് എന്നാണ് നമ്മള്‍ വിശ്വസിച്ചിരുന്നത്. ആ വിശ്വാസത്തിന് വിലങ്ങുതടിയായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പാലാ ബിഷപ് ഹൗസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് കണ്ടെടുത്തു എന്ന് പറയുന്ന ശിവലിംഗം പ്രാചീനമാണെന്നാണ് നിക്ഷിപ്ത താത്പര്യക്കാര്‍ പറയുന്നത്. പക്ഷേ, ആ ശിവലിംഗം സിമന്റ് കൊണ്ട് നിര്‍മിക്കപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്. കേരളത്തില്‍ സിമന്റ് പ്രചാരത്തിലായിട്ട് ഏകദേശം ഇരുനൂറ് വര്‍ഷത്തില്‍ കൂടുതല്‍ ആയിട്ടില്ല എന്നതാണ് ചരിത്രം. വിശ്രുതമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് പോലും സിമന്റിന് പകരം സുര്‍ക്കി മിശ്രിതം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും ഇതുകൊണ്ടെല്ലാം തന്നെ തകര്‍ന്നുവീഴുകയാണ്.
ഈ വിദ്വേഷ പ്രചാരകര്‍ ബോധപൂര്‍വം മറവിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നത്, അരുവിപ്പുറത്ത് ശ്രീനാരായണഗുരു നടത്തിയ ശിവപ്രതിഷ്ഠ സൃഷ്ടിച്ച ആത്മീയ അനുരണനങ്ങളെ തന്നെയാണ്. ഒരു മഹാശിവരാത്രി ദിവസം തന്നെയാണ് അതും സംഭവിക്കുന്നത്. അരുവിപ്പുറത്തെ ആറ്റില്‍ ഇറങ്ങി ഗുരു മുങ്ങി നിവര്‍ന്നപ്പോള്‍, ഉണ്ടായത് അതുവരെയില്ലാത്ത പുതിയ ലോകമായിരുന്നു. അന്നവിടെ പ്രതിഷ്ഠിക്കപ്പെട്ട ശിവനാകട്ടെ നവീന യുഗാരംഭത്തിന്റെ സൂചകവും. ഗുരുവിന്റെ ശിവപ്രതിഷ്ഠയെ ചോദ്യം ചെയ്ത ബ്രാഹ്മണാധികാരത്തോടുള്ള ഗുരുവിന്റെ പ്രതികരണം സൗമ്യവും ശാന്തവും ആയിരുന്നു. “നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്’ എന്ന മറുപടിയില്‍ എല്ലാ എതിര്‍പ്പുകളും അടങ്ങി. “ജാതിഭേദം, മതദ്വേഷം ഇല്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം’ എന്ന് ഗുരു അരുളി സ്വന്തം ആസ്ഥാനത്ത് എഴുതിവെച്ചതും ബോധപൂര്‍വം തന്നെയാണ്.
വര്‍ക്കല കുന്നുകള്‍ സ്വന്തം ആവാസ സ്ഥാനമായി ഗുരു തന്നെ തിരഞ്ഞെടുക്കുമ്പോള്‍, അതിന് ശിവഗിരി എന്ന് പേരിട്ടതും യാദൃച്ഛികം എന്ന് കരുതാനാകില്ല. എല്ലാ ഭേദചിന്തകള്‍ക്കും അതീതമായിരുന്നു ഗുരുചിന്തനത്തിന്റെ കാതല്‍. ജാതിവിമുക്തമായ ബുദ്ധസന്യാസ പാരമ്പര്യത്തിലേക്ക് ശങ്കരന്‍ ജാതിയെ ചേര്‍ത്ത് വെച്ചപ്പോള്‍, എല്ലാത്തിലും എന്ന പോലെ സന്യാസത്തിലും ജാതിയെ മാറ്റിനിര്‍ത്തുകയായിരുന്നു ഗുരു. ഗുരുവിന്റെ സംഘത്തില്‍ എല്ലാ ജാതി വിഭാഗത്തില്‍ പെട്ടവരും ഉണ്ടായിരുന്നു. എന്ന് മാത്രമല്ല, ശ്രീനാരായണ ഗുരു ജീവിച്ചിരുന്നപ്പോള്‍, ശിവഗിരി ധര്‍മ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി ആയിരുന്ന സ്വാമി ധര്‍മതീര്‍ഥര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ച് സ്വാമി ജോണ്‍ ധര്‍മ തീര്‍ഥര്‍ ആയതിന് ശേഷവും, ഗുരുവിന്റെ ശിഷ്യനായി തന്നെ തുടര്‍ന്നു. ശിവഗിരി ധര്‍മ സംഘത്തിന്റെ അധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള സന്യാസ സംഘം തിരുവനന്തപുരം സി എസ് ഐ പള്ളിയിലുള്ള ശവകുടീരത്തില്‍ പ്രാര്‍ഥന നടത്തിയത് സമീപകാലത്താണ്. അത്രമേല്‍ മാനവികമായാണ് ശ്രീനാരായണീയ സന്യാസ പരമ്പര ഇപ്പോഴും പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഗുരുപരമ്പര ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ സന്യാസ മൂല്യങ്ങള്‍ക്കെതിരില്‍, ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ചില സന്യാസ കള്‍ട്ടുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം വ്യാപകമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് സമീപകാലത്ത് തുടക്കം കുറിച്ചിട്ടുണ്ട്. കുംഭമേളയുമായി ബന്ധപ്പെട്ടാണ് അത്. “അഖാഢകള്‍’ എന്ന സന്യാസ സമൂഹങ്ങളെ കുറിച്ച് സമീപ കാലത്ത് മലയാള മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. മലയാളികളായ ചിലരൊക്കെ അതിന്റെ ഭാഗമായതായും ചിലരൊക്കെ അതിന്റെ നേതൃപദവിയില്‍ എത്തിയതായും വാര്‍ത്തകള്‍ പറയുന്നു. അത്തരത്തില്‍ പെട്ട ഒരു വ്യക്തി ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ അപരമത വിദ്വേഷം ദ്യോതിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങളുണ്ട്. ഹിന്ദുക്കളെ മറ്റ് മതസ്ഥരില്‍ നിന്ന് സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും അതില്‍ ഒരിടത്ത് പറയുന്നുണ്ട്. അഖാഢകള്‍ എന്ന് പറയുന്നത് തന്നെ ഉത്തരേന്ത്യയില്‍ ആയുധധാരികളായ സന്യാസ സംഘമാണ്. നമുക്കാകട്ടെ അത്തരം സന്യാസ സമ്പ്രദായങ്ങള്‍ അപരിചിതവുമാണ്. അനുകമ്പാ സന്യാസത്തില്‍ നിന്ന് അഖാഢ സന്യാസത്തിലേക്കുള്ള മാറ്റം കേരളത്തെ സംബന്ധിച്ച് ഒരു പിന്‍നടത്തം തന്നെയാണ്.
അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരയണഗുരു നമ്മുടെ ചരിത്രത്തെ മുന്നോട്ട് നടത്തുകയായിരുന്നു. അതേസമയം, അന്യമത ദേവാലയങ്ങള്‍ക്ക് അടിയില്‍ ശിവലിംഗം തിരയുന്നവര്‍ ആരായാലും, അവര്‍ നമ്മെ നയിക്കുന്നത് ഒരിക്കല്‍ നമ്മള്‍ പലായനം ചെയ്ത ഇരുണ്ട ഇടങ്ങളിലേക്ക് തന്നെയായിരിക്കും. “അവനവനാത്മസുഖത്തിന് ആചരിക്കുന്നത്, അപരനും സുഖത്തിനായ് വരേണം’ എന്നാണ് ഗുരു പറഞ്ഞത്. അരുവിപ്പുറത്ത് ഗുരു പ്രതിഷ്ഠിച്ച ശിവനാണ് യഥാര്‍ഥ ഹിന്ദു മതവിശ്വാസികളുടെ ശിവന്‍ എന്ന് നമ്മള്‍ പറയേണ്ട സന്ദര്‍ഭമാണ് ഇപ്പോള്‍ സമാഗതമായിരിക്കുന്നത്.