International
ന്യൂയോര്‍ക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവെപ്പ്; നിരവധി പേര്‍ക്ക് പരുക്ക്
മുഖംമൂടി ധരിച്ചെത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍
ന്യയോര്‍ക്ക് സിറ്റി | ന്യൂയോര്‍ക്കിലെ ബ്രൂക്കിലിന്‍ ഒരു സബ് വേ റെയില്‍വേ സറ്റേഷനിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ചുരുങ്ങിയത് 13 പേര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവസ്ഥലത്ത് സ്‌ഫോടനം നടന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
പ്രാദേശിക സമയം രാവിലെ 8.30നാണ് ന്യൂയോര്‍ക്കിനെ നടുക്കിയ വെടിവെപ്പ് നടന്നത്. റെയില്‍വേ സ്‌റ്റേഷനിലെ തിരക്കേറിയ സമയത്തായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാള്‍ പിന്നീട് ഓടിരക്ഷപ്പെടുകയും ചെയ്തു.
സംഭവസ്ഥലത്ത് രക്തത്തിൽ കുളിച്ച് നിരവധി പേരെ കണ്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. പൊട്ടിത്തെറിക്കാത്ത ചില ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഏത് തരത്തിലുള്ള ഉപകരണങ്ങളാണ് കണ്ടെത്തിയതെന്ന് വ്യക്തമല്ല.
സ്‌റ്റേഷനിൽ സജീവമായ സ്‌ഫോടക വസ്തുക്കളൊന്നും ഇല്ലെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. ഗ്യാസ് മാസ്‌ക് ധരിച്ച് ഓറഞ്ച് നിറത്തിലുള്ള കൺസ്ട്രക്ഷൻ വെസ്റ്റ് ധരിച്ചയാളാണ് വെടിവെപ്പ് നടത്തിയതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
Updating…