Connect with us

National

ഝാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വെടിവയ്പ്പ്: അധ്യാപകന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു

കൊലപാതകത്തിനുശേഷം പ്രതി സ്വയം വെടിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി.

Published

|

Last Updated

റാഞ്ചി| ഝാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകന്റെ വെടിയേറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ മരിച്ചു. റാഞ്ചിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ പൊറൈയാഹട്ട് ഏരിയയിലെ അപ്‌ഗ്രേഡഡ് ഹൈസ്‌കൂളില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. രവി രഞ്ജന്‍ എന്ന അധ്യാപകനാണ് വെടിവച്ചത്. കൊലപാതകത്തിനുശേഷം പ്രതി സ്വയം വെടിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവം നടക്കുമ്പോള്‍ സ്‌കൂളില്‍ കുട്ടികളുണ്ടായിരുന്നു. ലൈബ്രറിയിലായിരുന്ന സുജാത ദേവി, ആദേശ് സിംഗ് എന്നിവരെയാണ് അധ്യാപകന്‍ വെടിവച്ച് കൊന്നത്. വെടിവച്ച ശബ്ദം കേട്ട് മറ്റുള്ളവര്‍ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സംഭവസ്ഥലത്തെത്തി ലൈബ്രറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്. സുജാത ദേവിയുമായി രവി രഞ്ജന്‍ അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ ആദേശ് സിംഗുമായി സുജാത അടുത്തതാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പോലീസ് പറയുന്നത്.

 

 

 

 

Latest