International
റഷ്യൻ സൈനിക പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; 11 മരണം
ഉക്രെയിനിലെ റഷ്യൻ സൈന്യത്തെ ശക്തിപ്പെടുത്താൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭവം.
മോസ്കോ | ഉക്രെയ്നടുത്തുള്ള റഷ്യൻ സൈനിക പരിശീലന കേന്ദ്രത്തിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ 11 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉക്രെയ്നുമായി അതിർത്തി പങ്കിടുന്ന തെക്കുപടിഞ്ഞാറൻ ബെല്ഗൊറോഡ് മേഖലയിൽ ശനിയാഴ്ചയാണ് ഭീകരാക്രമണം നടന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ടാർഗെറ്റ് പ്രാക്ടീസിനിടെ സന്നദ്ധ സൈനികർക്ക് നേരെ രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിൽ ഇവരും കൊല്ലപ്പെട്ടു. ഉക്രെയ്നെതിരായ പ്രത്യേക സൈനിക ഓപ്പറേഷനിൽ പങ്കെടുക്കാൻ സ്വമേധയാ ആഗ്രഹം പ്രകടിപ്പിച്ച വ്യക്തികൾക്ക് തോക്ക് പരിശീലനം നൽകുന്നതിനിടെ തീവ്രവാദികൾ യൂണിറ്റിലെ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഉക്രെയിനിലെ റഷ്യൻ സൈന്യത്തെ ശക്തിപ്പെടുത്താൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭവം. ഈ നീക്കം പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ലക്ഷക്കണക്കിന് ആളുകൾ റഷ്യയിൽ നിന്ന് പലായനം ചെയ്യാനിടയാക്കുകയും ചെയ്തിരുന്നു.