Connect with us

youth congress protest

ഷൂട്ടിംഗ് തടയല്‍; കെ പി സി സി നിര്‍ദേശം തള്ളി യൂത്ത് കോണ്‍ഗ്രസ്

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ സിനിമ ചിത്രീകരണം നടന്നാല്‍ ഇടപെടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

Published

|

Last Updated

കൊച്ചി |  സിനിമ ഷൂട്ടിംഗ് തടഞ്ഞുള്ള സമരത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ പിന്തിരിയണമെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദേശം തള്ളി യൂത്ത്‌കോണ്‍ഗ്രസ്. കെ പി സി ആവശ്യപ്പെട്ട കാര്യം പരിഗണിക്കുമെങ്കിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സിനിമ ചിത്രീകരണം നടന്നാല്‍ ഇടപെടുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ പറഞ്ഞു.

സിനിമ മേഖലയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും സിനിമ സാംസ്‌കാരിക പ്രവര്‍ത്തനമാണെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമ മേഖലയെ മുഴുവന്‍ ബുദ്ധിമുട്ടിലാക്കുന്ന സമീപനം സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും ജോജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായ സമീപനം അംഗീകരിക്കുവാനും പൊറുക്കുവാനുമാകില്ലെന്ന് നുസൂര്‍ പറഞ്ഞു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫിസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയുമുള്ള ചിത്രീകരണം അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു.

നേരത്തെ കടുവ, കീടം എന്നീ സിനിമകളുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. റോഡ് കൈയേറിയുള്ള ഷൂട്ടിംഗ്, സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞായിരുന്നു മാര്‍ച്ച്.

 

 

 

Latest