International
ഭീതിയുടെ തീരം
ഗസ്സയിൽ പതിനായിരങ്ങളെ മരണത്തിലേക്കും അതിലുമെത്രയോ മനുഷ്യരെ പലായനത്തിലേക്കും തള്ളിവിട്ട ഇസ്റാഈൽ ആക്രമണം ഒരു വർഷം തികയ്ക്കുകയാണ്.
ഗസ്സയിൽ പതിനായിരങ്ങളെ മരണത്തിലേക്കും അതിലുമെത്രയോ മനുഷ്യരെ പലായനത്തിലേക്കും തള്ളിവിട്ട ഇസ്റാഈൽ ആക്രമണം ഒരു വർഷം തികയ്ക്കുകയാണ്. പശ്ചിമേഷ്യയെ ഒന്നാകെ യുദ്ധമുഖത്തെത്തിച്ച ഇസ്റാഈൽ ആക്രമണം ഏതൊക്കെ വഴിയിലൂടെ സഞ്ചരിച്ചുവെന്നത് ഭീതിയോടെ മാത്രം ഓർത്തെടുക്കാനാവുന്നതാണ്. വിനാശകരമായ അധിനിവേശം നിർണായകമായ ഏറ്റുമുട്ടലുകളും അന്താരാഷ്ട്ര ഇടപെടലുകളും ഉടന്പടികളും ഇവിടെ ചേർക്കുന്നു.
2013 ഒക്ടോബർ 07
തെക്കൻ ഇസ്റാഈലിൽ പ്രവേശിച്ച ഹമാസ് സൈനികർ 1,200 പേരെ വധിക്കുകയും 250 ഓളം പേരെ ബന്ദികളാക്കി ഗസ്സയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതോടെ, ഹമാസിനെതിരെ യുദ്ധത്തിലാണെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിക്കുകയും ഗസ്സയിൽ വ്യോമാക്രമണത്തിന് ഉത്തരവിടുകയും ചെയ്തു. ഗസ്സയുടനീളം അവർ ഉപരോധത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്തു.
2013 ഒക്‌ടോബർ 13
പത്ത് ലക്ഷത്തിലധികം പേർ താമസിക്കുന്ന ഗസ്സ നഗരത്തിൽ നിന്ന് തെക്കൻ പ്രദേശങ്ങളിലേക്ക് ഒഴിഞ്ഞു പോകാൻ ഫലസ്തീനികൾക്ക് ഇസ്റാഈലിന്റെ മുന്നറിയിപ്പ്. അന്നുതന്നെ ഇസ്റാഈൽ ഡിഫൻസ് ഫോഴ്സ് (ഐ ഡി എഫ്) ഗസ്സയിലേക്കുള്ള സൈനിക നീക്കം ആരംഭിക്കുകയും ചെയ്തു.
2013 ഒക്‌ടോബർ 17
ചെറുസംഘർഷങ്ങൾക്ക് ഗസ്സ സാക്ഷ്യം വഹിക്കുന്നതിനിടെ ഒക്ടോബർ 17ന് സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രി ആക്രമിക്കപ്പെടുന്നു. നിരവധി പേരുടെ മരണത്തിലേക്ക് നയിച്ച സ്‌ഫോടനം അറബ് ലോകത്തെ രോഷാകുലരാക്കി. ഇതേ മാസം അവസാനത്തോടെ ഗസ്സയിൽ വലിയ തോതിലുള്ള കരയാക്രമണത്തിന് ഇസ്റാഈൽ തുടക്കമിട്ടു. ഗസ്സയിൽ ഇസ്റാഈൽ ലക്ഷ്യമിടുന്ന അധിനിവേശത്തിന്റെ തുടക്കമായി ഈ സൈനിക നീക്കം അടയാളപ്പെടുത്തപ്പെട്ടു.
2013 നവംബർ 15
ഗസ്സ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയിൽ ഇസ്റാഈൽ സൈന്യം പ്രവേശിച്ചു. ഏറെ ദിവസം നീണ്ട ഉപരോധത്തിൽ ആശുപത്രിയിലെ നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള രോഗികൾ വൈദ്യുതിയുടെയും മരുന്നിന്റെയും അഭാവം കാരണം മരണത്തിനു കീഴടങ്ങി. ഹമാസിന്റെ ഭൂഗർഭ ആസ്ഥാനം മറച്ചുവെക്കാൻ ആശുപത്രി ഉപയോഗിച്ചുവെന്നായിരുന്നു ഐ ഡി എഫിന്റെ ആരോപണം. ഇതേ ആരോപണം ഉയർത്തി ഏതാനും ആഴ്ചകൾ കൊണ്ട് വടക്കൻ ഗസ്സയിലെ മുഴുവൻ ആശുപത്രികളും ഇസ്റാഈൽ സൈന്യം പ്രവർത്തനരഹിതമാക്കി.
നവംബറിലെ
വെടിനിർത്തൽ
ആഴ്ചകൾ നീണ്ട സംഘർഷത്തിനൊടുവിൽ ഇസ്റാഈലും ഹമാസും ആദ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇസ്റാഈൽ തടവിലാക്കിയ ഫലസ്തീൻ സ്ത്രീകൾക്കും കൗമാരക്കാർക്കും പകരമായി ഗസ്സയിൽ തടവിലാക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാൻ നാല് ദിവസം ഏറ്റുമുട്ടൽ നിർത്തിവെക്കാനായിരുന്നു ഉടന്പടി. വെടിനിർത്തൽ ഒരാഴ്ച നീട്ടിയതോടെ 105 ഇസ്റാഈൽ ബന്ദികളും 240 ഫലസ്തീൻ തടവുകാരും മോചിപ്പിക്കപ്പെട്ടു.
2023 ഡിസംബർ 06
വെടിനിർത്തൽ ഉടന്പടി അവസാനിച്ചതോടെ യുദ്ധം പുനരാരംഭിച്ചു. പിന്നാലെ തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിൽ പലയിടങ്ങളിലും ഇസ്റാഈൽ സൈന്യം വലിയ തോതിലുള്ള കരയാക്രമണം നടത്തി. ഡിസംബർ ആറിന് വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണം ഒരു കുടുംബത്തിലെ 22 പേരുടെ ജീവനെടുത്തു.
2023 ഡിസംബർ 08
ഗസ്സയിൽ ഉടൻ മാനുഷിക വെടിനിർത്തൽ കൊണ്ടുവരുന്നതിന് യു എൻ രക്ഷാ സമിതിയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ബ്രിട്ടൻ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
അതിനിടെ, ഡിസംബർ 15ന് മൂന്ന് ഇസ്റാഈൽ ബന്ദികൾ ഐ ഡി എഫിന്റെ അബദ്ധത്തിലുള്ള വെടിവെപ്പിൽ കൊല്ലപ്പെടുന്നു. ഇത് ഇസ്റാഈലിനെ ബെഞ്ചമിൻ നെതന്യാഹു സർക്കാറിനെതിരെയുള്ള രാജ്യത്തെ പ്രതിഷേധം ആളിക്കത്തിക്കുന്നു.
ചെങ്കടൽ വളഞ്ഞ് ഹൂത്തികൾ
അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന് വലിയ ആശങ്കകൾ സൃഷ്ടിച്ച് ചെങ്കടലിൽ ഹൂത്തികളുടെ ആവർത്തിച്ചുള്ള ആക്രണം ആരംഭിക്കുന്നത് ഈ ഘട്ടത്തിലാണ്. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ 2024 ജനുവരി 11ന് അമേരിക്കയും ബ്രിട്ടനും യമനിലുടനീളം നിരവധി തവണ വ്യോമാക്രമണം നടത്തി.
ഇതേ ദിവസം തന്നെയാണ്, ഫലസ്തീൻ ജനതക്കെതിരെ ഇസ്റാഈൽ ഭരണകൂടം വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നൽകിയ ഹരജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ)യിൽ പ്രാരംഭ വാദം ആരംഭിച്ചത്.
2024 ജനുവരി 22
മധ്യ ഗസ്സയിൽ ഹമാസിൽ നിന്ന് ഐ ഡി എഫിന് കനത്ത തിരിച്ചടിയേറ്റു. ഒരൊറ്റയാക്രമണത്തിൽ 21 ഐ ഡി എഫുകാർ കൊല്ലപ്പെട്ടു. അധിനിവേശ ആക്രമണം തുടങ്ങിയതിന് ശേഷം ഇസ്റാഈൽ സൈന്യം നേരിട്ട ഏറ്റവും മാരകമായ തിരിച്ചടിയായിരുന്നു അത്.
മരണം 30,000
ഫെബ്രുവരി അവസാനത്തോടെ ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 30,000 കവിയുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്നും ഗസ്സ ആരോഗ്യ മന്ത്രാലയവും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് പത്ത് ലക്ഷത്തിലധികം ഫലസ്തീനികൾ അഭയം തേടിയിരുന്ന തെക്കൻ ഗസ്സാ നഗരമായ റഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കാൻ ഇസ്റാഈൽ പദ്ധതിയിടുന്നത്. ഇത് വലിയ തോതിലുള്ള അന്താരാഷ്ട്ര ആശങ്കക്ക് ഇടയാക്കി. അതിനിടെ, വടക്കൻ ഗസ്സയിൽ 11 ലക്ഷം ഫലസ്തീനികൾ കടുത്ത പട്ടിണിയിലാണെന്ന് വ്യക്തമാക്കി യു എൻ റിപോർട്ട് പുറത്തുവന്നു.
ഏപ്രിൽ 01
ഗസ്സയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ വേൾഡ് സെൻട്രൽ കിച്ചണിന്റെ ഓഫീസിന് നേരെ ഇസ്റാഈൽ സൈനിക ആക്രമണം. മൂന്ന് ബ്രിട്ടീഷുകാർ ഉൾപ്പെടെ ഏഴ് സന്നദ്ധ പ്രവർത്തകരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇറാൻ- ഇസ്റാഈൽ
ഗസ്സയുടെ പക്ഷം ചേർന്ന് ഇസ്റാഈലിനെതിരെയുള്ള ഇറാന്റെ ഏറ്റുമുട്ടൽ തിളച്ചുമറിയുന്നു. സിറിയൻ തലസ്ഥാനമായ ദമസ്കസിൽ തങ്ങളുടെ എംബസിക്ക് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ ഉന്നത ജനറൽ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ഇതിന് പ്രതികരാമായി ഏപ്രിൽ 13ന് ഇസ്റാഈലിനു നേരെ ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും ഇറാൻ തൊടുത്തുവിട്ടു. ഇറാനിലെ നിരവധി കേന്ദ്രങ്ങളിൽ ഇസ്റാഈലും ആക്രമണം നടത്തി.
അതിനിടെ, പതിനായിരങ്ങൾ പങ്കെടുത്ത സർക്കാർ വിരുദ്ധ റാലികൾ ഇസ്റാഈൽ തലസ്ഥാനമായ തെൽ അവീവിൽ നടന്നു. ബന്ദികളുടെ മോചനം സാധ്യമാകും വിധം വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ നെതന്യാഹുവിനും സർക്കാറിനും മേൽ സമ്മർദം
ചെലുത്താനായിരുന്നു റാലികൾ.
കൈറോ ചർച്ചകൾ
ഇസ്റാഈൽ- ഹമാസ് വെടിനിർത്തലിനുള്ള വ്യവസ്ഥകൾ അംഗീകരിക്കാൻ ലക്ഷ്യമിട്ട് ഈജിപ്ത് തലസ്ഥാനമായ കൈറോവിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടായിരുന്നു. മെയ് തുടക്കത്തിൽ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തി. ഈജിപ്തും ഖത്വറും മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചപ്പോൾ, ഇസ്റാഈൽ പലപല ഉപാധികൾ നിരത്തി തള്ളിക്കളഞ്ഞു. വെടിനിർത്തൽ മുന്നിൽക്കണ്ട് റഫയിലെ തെരുവുകളിൽ ഫലസ്തീനികൾ ആഘോഷം സംഘടിപ്പിച്ചപ്പോൾ നഗരത്തിൽ ആക്രമണം നടത്തിയാണ് ഇസ്റാഈൽ ആ സാധ്യത തല്ലിക്കെടുത്തിയത്. മെയ് അവസാനം റഫയിൽ നടത്തിയ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു.
ഹനിയ്യ മടങ്ങി
2024 ജൂലൈ 31
ഇസ്റാഈൽ അധിനിവിഷ്ട ഗോലാൻ കുന്നുകളിൽ നടന്ന ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടു. ഇതിന് പിന്നിൽ, ഹിസ്ബുല്ലയാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. വൈകാതെ ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ആക്രമണം നടത്തിയ ഇസ്റാഈൽ സൈന്യം, മുതിർന്ന ഹിസ്ബുല്ല കമാൻഡർ ഫുവാദ് ശുകൂറിനെ വധിച്ചതായി അറിയിച്ചു.
അതേ ദിവസം ഇറാനിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്ട്രീയ നേതാവ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെടുന്നു. തലസ്ഥാനമായ തെഹ്‌റാനിൽ ഹനിയ്യയും അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാൻ റെവല്യൂഷനറി ഗാർഡ്‌സും ഇറാൻ ഔദ്യോഗിക മാധ്യമവും സ്ഥിരീകരിച്ചു.
വൈകാതെ, യഹിയ സിൻവാറിനെ ഹമാസിന്റെ പുതിയ നേതാവായി പ്രഖ്യാപിച്ചു.
ആഗസ്റ്റ്:
ആക്രമണവും അനുരഞ്ജനവും
ഹനിയ്യയുടെ പതനത്തോടെ ഗസ്സയിൽ അതിമാരകമായ ആക്രമണങ്ങളാണ് ഇസ്റാഈൽ നടത്തിയത്. ആഗസ്റ്റ് പത്തിന് ഗസ്സ സിറ്റിയിലെ അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌കൂളിന് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ ഡസൻ കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
അതിനിടെ, ഇറാന്റെ താത്പര്യത്തിൽ ഖത്വറിൽ സമാധാന ചർച്ചകൾ പുനരാരംഭിച്ചു. കരാറിനെ കുറിച്ച് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് യു എസ് പ്രസിഡന്റ്ജോ ബൈഡന്റെ പ്രതികരണം വലിയ പ്രതീക്ഷക്ക് വക നൽകി. എന്നാൽ, യു എസിനുമേൽ ഇസ്റാഈൽ പക്ഷപാതിത്വം ആരോപിച്ച് ഹമാസ് കരാർ ധാരണകൾ തള്ളിക്കളഞ്ഞു. അതിനിടെ, പോളിയോ വാക്സീൻ വിതരണം സുഗമമാക്കുന്നതിന് ഹ്രസ്വമായ വെടിനിർത്തലുകൾ ഗസ്സയിൽ അംഗീകരിക്കപ്പെട്ടു. ഈ ഘട്ടത്തിലും ഇസ്റാഈലും ലബനാനിലെ ഹിസ്ബുല്ലയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടർന്നു.