Kerala
ആശുപത്രി ചടങ്ങില്‍ ആള്‍ക്കുറവ്; വിമര്‍ശിച്ച് ഉദ്ഘാടകനായ മുഖ്യമന്ത്രി
ഔചിത്യബോധം കാരണം കൂടുതലൊന്നും പറയുന്നില്ലെന്ന്

കോഴിക്കോട് | വടകര ജില്ലാ ആശുപത്രിയുടെ ഫേസ് 2 ശിലാസ്ഥാപനച്ചടങ്ങില്‍ ആളുകള്‍ കുറഞ്ഞതിനെതിരെ സംഘാടകരെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവേ വടകരയിലെ പരിപാടികള്‍ ഇങ്ങനെയല്ല. നല്ല ആള്‍ക്കൂട്ടം ഉണ്ടാകാറുണ്ട്. ഔചിത്യബോധം കാരണം കൂടുതലൊന്നും പറയുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിലെ പരാമര്‍ശം.
തിങ്ങിയിരിക്കേണ്ടെന്ന് കരുതിക്കാണുമെന്നും വെയിലും ചൂടുമൊക്കെ ആയതുകൊണ്ട് ജനങ്ങള്‍ക്ക് വിസ്തരിച്ച് ഇരിക്കാന്‍ സംഘാടകര്‍ സൗകര്യമൊരുക്കിയതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകര എം എല്‍ എ. കെ കെ രമയും എം പി ശാഫി പറമ്പിലും പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
വലിയ സദസ്സാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ രാവിലെ 11ന് ആരംഭിക്കേണ്ടിയിരുന്ന പരിപാടി 35 മിനുട്ട് വൈകി 11.35നാണ് ആരംഭിച്ചത്. അതുവരെ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ തന്നെ തങ്ങി.