Kerala
സി പി എമ്മില്‍ തുടരാന്‍ അനുവദിക്കണം: എസ് രാജേന്ദ്രന്‍
സംസ്ഥാന നേതൃത്വത്തിന് അപ്പീല്‍ നല്‍കി
ഇടുക്കി | പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇടുക്കി ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ തന്നെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം സംസ്ഥാന കമ്മറ്റിക്ക് അപ്പീല്‍ നല്‍കി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ശിപാര്‍ശയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിഗണിച്ചായിരുന്നു രാജേന്ദ്രനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
ദേവികുളം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രാചരണ പ്ര വര്‍ത്തനങ്ങളില്‍ മുന്‍ എം എല്‍ എ കൂടിയായ രാജേന്ദ്രന്‍ വീഴ്ച വരുത്തിയതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. സ്ഥാനാര്‍ഥി രാജയുടെ പേര് പരാമര്‍ശിക്കാന്‍ പല തവണ നിര്‍ദേശിച്ചിട്ടും അദ്ദേഹം പാലിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ രാജേന്ദ്രനെതിരേ പരസ്യമായി പ്രതികരിച്ച എം എം മണിക്കെതിരെ രാജേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനൊപ്പം എം എം മണിയെ അപമാനിക്കുന്ന തരത്തില്‍ രാജേന്ദ്രന്‍ പ്രതികരിച്ചെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലായിരുന്നു നടപടി. ഇതിലാണ് നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാജേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തിന് അപ്പീല്‍ നല്‍കിയിരിക്കുന്നത്.