Connect with us

Articles

അധസ്ഥിതരോട് ആഭിമുഖ്യമുണ്ടാകണം

ദളിതര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ മുഖ്യധാരാ സാമൂഹിക ജീവിത പരിസരത്ത് നിന്ന് തന്നെ പിഴുതുമാറ്റപ്പെടുന്നതിന്റെ വര്‍ത്തമാനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. അതിന്റെ ബാഹുല്യമറിയാന്‍ നമ്മുടെ ഭരണഘടനാ കോടതികളിലെത്തുന്ന തദ്വിഷയകമായ നിയമ വ്യവഹാരങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും.

Published

|

Last Updated

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ഭട്ട്ല ഗ്രാമത്തില്‍ 2017 ജൂണില്‍ നടന്ന സംഭവമാണ്. വെള്ളമെത്തിക്കാന്‍ പമ്പ് ഉപയോഗിച്ചെന്നാരോപിച്ച് ഒരു കൂട്ടം ദളിത് കുട്ടികളെ ഉയര്‍ന്ന ജാതിക്കാര്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായി എന്ന് തന്നെ പറയാം. കേസ് പിന്‍വലിക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ദളിതര്‍ വഴങ്ങിയില്ല. അതോടെ ദളിതരെ ബഹിഷ്‌കരിച്ച് ഭ്രഷ്ട് കല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തു സവര്‍ണര്‍. ഭായ്ചാര സമിതിയെന്ന സവര്‍ണ നിയന്ത്രിത സംഘടന ദളിതരെ സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ കച്ചകെട്ടിയിറങ്ങി. ദളിത് കുട്ടികളെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ 2017 ആഗസ്റ്റ് 20ന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും അത് ശൂന്യമായിരുന്നു. കുറ്റക്കാരായ സവര്‍ണര്‍ ശിക്ഷിക്കപ്പെടരുതെന്ന നിഷ്‌കര്‍ഷ ബുദ്ധി പ്രകടിപ്പിച്ചു കുറ്റപത്രം. ഗ്രാമത്തില്‍ ദളിത് ബഹിഷ്‌കരണം ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോഴും തുടരുന്നുമുണ്ട്.

ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ബഹിഷ്‌കരണങ്ങളും അപൂര്‍വ സംഗതിയല്ല നമ്മുടെ രാജ്യത്ത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ അഭിരമിക്കുന്ന ജാതിക്കോമരങ്ങള്‍ നാട്ടിലുള്ള കാലത്തോളം ദളിത് ജീവിതങ്ങള്‍ അരക്ഷിതമാകാനേ തരമുള്ളൂ. വര്‍ണാശ്രമ സംവിധാനത്തിന് മതാത്മക മാനം ഉണ്ടെന്നതിനാല്‍ ദളിതര്‍ തങ്ങള്‍ക്ക് വേലയെടുക്കാനോ ഭോഗിക്കാനോ ഉള്ള ശരീരങ്ങള്‍ മാത്രമാണെന്ന മനോനില പങ്കുവെക്കുന്ന സവര്‍ണരുള്ള നാട്ടില്‍ നിയമ, നീതിന്യായ സംവിധാനങ്ങള്‍ക്കല്ലെങ്കില്‍ മറ്റെന്തിനാണ് അധസ്ഥിത പക്ഷത്ത് നില്‍ക്കാനാകുക. അതിനാലാണ് മൗലികാവകാശങ്ങള്‍ പ്രമേയമാകുന്ന, ഭരണഘടനയുടെ മൂന്നാം ഖണ്ഡത്തില്‍ തന്നെ തൊട്ടുകൂടായ്മയുടെ ഉന്മൂലനമെന്ന തലവാചകം കടന്നുവന്നത്. ഭരണഘടനയുടെ 17ാം അനുഛേദം ഏത് തരത്തിലുള്ള തൊട്ടുകൂടായ്മക്കുമെതിരെയുള്ള പൗരാവകാശം ഉറപ്പുവരുത്തുക മാത്രമല്ല ചെയ്യുന്നത്. പ്രത്യുത തൊട്ടുകൂടായ്മ നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് അടിവരയിടുക കൂടി ചെയ്യുന്നു. പക്ഷേ, ദളിതരുടെ കാര്യത്തിലെത്തുമ്പോള്‍ നിയമവും നീതിയും ഗതികിട്ടാത്ത പ്രേതത്തെ പോലെ അലയുന്നതാണ് പലപ്പോഴും നാം കാണാറുള്ളത്. നടേ പറഞ്ഞ സംഭവത്തിലും അതു തന്നെയാണ് സംഭവിച്ചത്.

‘കുറ്റം ചെയ്യാത്തവരു’ടെ കുറ്റപത്രമായിരുന്നു ദളിത് കുട്ടികളെ ആക്രമിച്ച കേസില്‍ ഹരിയാന പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഒരാളെയും അറസ്റ്റ് ചെയ്യാതിരുന്ന പോലീസ് അന്വേഷണം നടത്തി കുറ്റാരോപിതരില്‍ ഏഴില്‍ ആറ് പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. വെറും കള്ളന്‍മാരായ സവര്‍ണരെ മോഷ്ടാക്കളാക്കാന്‍ ഹരിയാന പോലീസിന് ഒട്ടും താത്പര്യമില്ലായിരുന്നെന്ന് ചുരുക്കം.

ഇരകളായ 28 ദളിതര്‍ ഒപ്പിട്ട് നല്‍കിയ പരാതിയില്‍ പോലീസ് ഒരാളെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കുകയും ക്രിമിനല്‍ നടപടി ചട്ടം 161ാം വകുപ്പ് പ്രകാരം അയാളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. കേസ് പിന്‍വലിക്കാത്തതിന്റെ പേരില്‍ സവര്‍ണര്‍ ദളിതരെ ബഹിഷ്‌കരിച്ചിരിക്കുന്നത് പ്രധാനമായിരുന്നപ്പോഴും പോലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ സാമൂഹിക ബഹിഷ്‌കരണം പരാമര്‍ശിച്ചതേയില്ല. പിന്നീട് ദളിതരോട് ശാത്രവം പ്രഖ്യാപിച്ച സവര്‍ണ വിഭാഗത്തിലെ നാല് പേരെയും പ്രോസിക്യൂഷന്‍ സാക്ഷികളാക്കി പോലീസ്.

തങ്ങളെ സാമൂഹികമായി ബഹിഷ്‌കരിച്ചതില്‍ പരാതി നല്‍കിയ 28 ഇരകളില്‍ ഒരാളുടെ പോലും പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഹരിയാന പോലീസ് പരിശോധിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തില്ല. ഉയര്‍ന്ന ജാതിക്കാര്‍ പൊതുയോഗത്തില്‍ വെച്ച് ദളിതര്‍ക്കെതിരെ സാമൂഹിക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇരകള്‍ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ അതൊന്നും പോലീസിന്റെ കുറ്റപത്രത്തിലുണ്ടായില്ല. കോടതിയില്‍ ഹാജരാക്കിയതുമില്ല.

ഐ പി സി 153എ, 505 വകുപ്പുകള്‍ പ്രകാരം യഥാക്രമം വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍, കലാപത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് കുറ്റാരോപിതര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ മടിച്ചുനിന്നു ഹരിയാന പോലീസ്. ഒടുവില്‍ പരാതിക്കാര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ മാത്രമാണ് പോലീസ് നടപടി സ്വീകരിച്ചത്. കേസിലെ വിചാരണ തുടങ്ങിയിട്ടുമില്ല.

പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ പരിഗണനയില്‍ കേസുണ്ടായിരുന്നപ്പോഴും ദളിത് ബഹിഷ്‌കരണം തുടരുന്നുണ്ടായിരുന്നു. കുറ്റാരോപിതരെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് 2019ല്‍ സുപ്രീം കോടതിയില്‍ ഹരജിയെത്തിയപ്പോള്‍ ഹരിയാന സര്‍ക്കാര്‍ സവര്‍ണര്‍ക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. കേസ് പരമോന്നത കോടതിയിലെത്തിയതിന്റെ തുടര്‍ച്ചയില്‍ ഉത്തര്‍ പ്രദേശിലെ രണ്ട് മുന്‍ ഡി ജി പിമാരുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍ ഹരിയാന സര്‍ക്കാറിന് സമ്മതിക്കേണ്ടി വന്നു. മുന്‍ ഡി ജി പിമാരായ വിക്രം ചന്ദ് ഗോയല്‍, കമലേന്ദ്ര പ്രസാദ് എന്നിവര്‍ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി തത്്സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഈയിടെ ഉത്തരവിട്ടിട്ടുണ്ട് സുപ്രീം കോടതി. സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടെ വിശദ റിപോര്‍ട്ടാണ് പരമോന്നത നീതിപീഠം ആവശ്യപ്പെട്ടിരിക്കുന്നത്.

ദളിതര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ മുഖ്യധാരാ സാമൂഹിക ജീവിത പരിസരത്ത് നിന്ന് തന്നെ പിഴുതുമാറ്റപ്പെടുന്നതിന്റെ വര്‍ത്തമാനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. അതിന്റെ ബാഹുല്യമറിയാന്‍ നമ്മുടെ ഭരണഘടനാ കോടതികളിലെത്തുന്ന തദ്വിഷയകമായ നിയമ വ്യവഹാരങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും. അങ്ങനെയിരിക്കെ അടിത്തട്ട് ജനതയോട് അനുതാപപൂര്‍ണമായ സമീപനം നമ്മുടെ ജുഡീഷ്യറിയില്‍ നിന്നെങ്കിലും ഉണ്ടാകേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ ഭരണഘടന ജീവനുള്ള രേഖയായി മാറുന്നത്.

 

Latest