Connect with us

Variyankunnath Kunhammed Haji

സുന്നികളെ വിമർശിക്കാനുള്ള തിടുക്കത്തിൽ ചേക്കുട്ടിമാരെ ഇങ്ങനെ വെളുപ്പിക്കണോ?

ചിത്രത്തിലേക്കല്ല ചരിത്രത്തിലേക്കാണ് ഞങ്ങളുടെ നോട്ടം എന്ന് ആവർത്തിച്ചു പറയുന്നത് അതുകൊണ്ടാണ്.

Published

|

Last Updated

മാഅത് സഹയാത്രികരായ റമീസ് മുഹമ്മദും അഷ്‌കറും ചേർന്ന് വാരിയൻകുന്നന്റെ ഫോട്ടോ കണ്ടെത്തിയത് എ പി സുന്നികൾക്ക് തീരെ ഇഷ്ടമായില്ല, അതുകൊണ്ടാണ് പുസ്തകം പുറത്തിറങ്ങിയതിനു പിറകെ ഉണ്ടായ വിമർശങ്ങൾ എന്നാണ് ‘ഉമ്മത്തീ മുസ്ലിംകൾ’ ഒടുവിൽ എത്തിച്ചേർന്നിരിക്കുന്ന തീർപ്പ്. പുസ്തകപ്രകാശനത്തിന് പിറകെ, ആ ഫോട്ടോ ആഘോഷിക്കപ്പെടേണ്ടതില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിടാൻ തോന്നിയ ആ നിമിഷത്തെയോർത്ത് ഒരു ‘എ പി സുന്നിക്കാരൻ’ എന്ന നിലയിൽ ഞാനിപ്പോൾ കൂടുതലായി അഭിമാനിക്കുന്നു. പൊളിറ്റിക്കൽ ഇസ്ലാമിന്റെ വാരിയംകുന്നൻ മോഹങ്ങളെ പരാമർശിച്ചുകൊണ്ട് മറ്റൊരു പോസ്റ്റ്‌ കൂടി ഇതേ ഇടത്തിൽ ഇട്ടിരുന്നു. ഇനിയൊരിക്കൽ കൂടി ആ വിഷയത്തിൽ ഒരു പോസ്റ്റ്‌ വേണ്ടെന്ന് വെച്ചതാണ്. പക്ഷേ ഡോ.അബ്ബാസ് പനക്കലിന്റെ വെളിപ്പെടുത്തലിനോട്‌ അതിന്റെ ചരിത്രപരതയിൽ നിന്നുകൊണ്ട് സംവദിച്ച സുന്നി പ്രൊഫൈലുകളോട് സമൂഹമാധ്യമങ്ങളിലെ ‘ഉമ്മത്തീ മുസ്ലിംകളുടെ’ അസഹിഷ്ണുത കണ്ടപ്പോൾ ചിലത് പറയാതെ വയ്യെന്നായിരിക്കുന്നു. രണ്ടു വാദങ്ങളാണ് ഉമ്മത്തീ മുസ്ലിംകളുടേതായി എന്റെ ശ്രദ്ധയിൽ പെട്ടത്.

വാദം 1. റമീസിന്റെ നീണ്ടകാലത്തെ ഗവേഷണത്തിന്റെ ഫലശ്രുതി ആണ് ആ ഫോട്ടോയും പുസ്തകവും. അതുകൊണ്ട് അതിനെ വിമർശിക്കുന്നത് ശരിയല്ല.

-റമീസ് മുഹമ്മദിന്റെ അധ്വാനത്തെയോ ഗവേഷണത്തെയോ ആരും വില കുറച്ചു കണ്ടിട്ടില്ല. ആ പുസ്തകം വായിക്കരുത് എന്ന് പ്രസ്താവിച്ചിട്ടുമില്ല. അതേസമയം ഒരു പതിറ്റാണ്ട് കാലമോ അതിലധികമോ വർഷങ്ങൾ ഒരു ഗവേഷണത്തിനു വേണ്ടി ചെലവിട്ടു എന്നത് കൊണ്ട് ഒരാളുടെ എല്ലാ നിരീക്ഷണങ്ങളും നിഗമനങ്ങളും മറുവാക്കില്ലാതെ അംഗീകരിച്ചുകൊടുക്കണം എന്ന നിലപാട് ഗവേഷണത്തിന്റെ മൗലിക താല്പര്യങ്ങളെത്തന്നെയാണ് റദ്ദ് ചെയ്യുന്നത്. സംവദിച്ചും തിരുത്തിയും പുനരാലോചിച്ചുമൊക്കെ തന്നെയാണ് ഗവേഷണങ്ങൾ സംഭവിക്കുന്നത്.

വാദം 2. ഫോട്ടോ ഒറിജിനൽ തന്നെയാണ് എന്ന് വിശ്വസിക്കാത്തവരൊക്കെ സംഘികളാണ്, അല്ലെങ്കിൽ തത്തുല്യരാണ്.

-വാരിയൻകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ കൊണ്ട് വിശ്വസിക്കുക എന്നത് സുന്നികളെ സംബന്ധിച്ച് ഈമാൻ കാര്യങ്ങളിൽ ഏഴാമത്തേത് അല്ല. അതുകൊണ്ട് സംശയങ്ങൾ ഉയരും. എല്ലാം കിതാബിലുണ്ട് എന്ന റമീസിന്റെ മറുപടിയിൽ ചിലർ തൃപ്തരായില്ല എന്നും വന്നേക്കാം. കാരണം, റമീസിന്റെ കിതാബിനെ (പുസ്തകത്തെ) ഖുർആനായല്ല സുന്നി മുസ്ലിംകൾ കാണുന്നത്; ‘ഉമ്മത്തീ മുസ്ലിം’കളുടെ കാര്യം എനിക്കറിയില്ല. ആ ഫോട്ടോ വാരിയൻകുന്നത്തിന്റേതല്ല എന്ന് നാളെ മറ്റൊരു ഗവേഷണത്തിലൂടെ സ്ഥിരപ്പെട്ടാലും ചരിത്രബോധമുള്ള ഒരാൾക്കും അതിൽ യാതൊരു നിരാശയും ഉണ്ടാകില്ല. ചിത്രത്തിൽ ആവേശപ്പെടുന്നവർക്ക് അന്ന് നിരാശപ്പെടാതിരിക്കാനുമാകില്ല.!

ചിത്രത്തിലേക്കല്ല ചരിത്രത്തിലേക്കാണ് ഞങ്ങളുടെ നോട്ടം എന്ന് ആവർത്തിച്ചു പറയുന്നത് അതുകൊണ്ടാണ്. മറ്റൊരു ഗവേഷണത്തിലൂടെ ഭാവിയിൽ റദ്ദ് ചെയ്യപ്പെട്ടേക്കാം എന്ന സാധ്യത നിലനിൽക്കുന്ന ഒന്നിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാത്ത, നിരുപദ്രവകരമായ ഒപ്പം ജാഗ്രത്തായ നിലപാട് സ്വീകരിക്കുന്നവരെ ഇക്കാലത്തെ ചേക്കുട്ടി പോലീസാണ് എന്ന് വിശേഷിപ്പിക്കുന്ന ഉമ്മത്തീ മുസ്ലിംകൾ ബ്രിട്ടീഷ് പോലീസിലെ ഉദ്യോഗസ്ഥനായിരുന്ന ചേക്കുട്ടി നിരുപദ്രവകാരിയായിരുന്നു എന്ന് സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് ഫലത്തിൽ ചെയ്യുന്നത്. സുന്നികളെ വിമർശിക്കാനുള്ള തിടുക്കത്തിൽ ചേക്കുട്ടിമാരെയൊക്കെ ഇങ്ങനെ വെളുപ്പിക്കണമോ?

Latest