Articles
ആന എഴുന്നള്ളിപ്പ് ഇനിയും ഇങ്ങനെ തുടരണോ?
ഇന്ത്യയിലെ നാട്ടാനകളുടെ മഹാഭൂരിപക്ഷവും ഇന്ന് കേരളത്തിലാണുള്ളത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ കൊടിയ മര്‍ദനവും അമിതാധ്വാനവും ക്ഷയവും എരണ്ടക്കെട്ടും മൂലം ആയിരത്തിലധികം ആനകള്‍ കേരളത്തില്‍ ചരിഞ്ഞിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടും നമ്മള്‍ ആനപ്രേമത്തിന്റെ പേരില്‍ ആ സാധു ജീവിയെ ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്നുവോ എന്നതാണ് ചോദ്യം.

കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ ജീവി എന്ന നിലയില്‍ തന്നെ ആന എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ്. നീണ്ട കൊമ്പുകളും തുമ്പിക്കൈയും വിരിഞ്ഞ മസ്തകവും നമുക്ക് അത്ഭുതമാണ്. നിരവധി ആനകളെ അണിയിച്ചൊരുക്കി വര്‍ണക്കുടകളും വെഞ്ചാമരവും ആലവട്ടവും പേറി വാദ്യമേളങ്ങളുടെ നടുവില്‍ നില്‍ക്കുന്ന ആന ആര്‍ക്കും നയന മനോഹരമായ ഒരു കാഴ്ച തന്നെയാണ്. തൃശൂര്‍ ജില്ലക്കാരനായ ഈ ലേഖകന്‍ വളരെ ചെറുപ്പം മുതല്‍ തന്നെ നൂറാനകള്‍ അണിനിരക്കുന്ന ആറാട്ടുപുഴ പൂരവും ലോകപ്രസിദ്ധമായ തൃശൂര്‍ പൂരവുമെല്ലാം അറിഞ്ഞാസ്വദിക്കുന്ന ഒരാളാണ്. ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി തന്നെയാണ് ഉത്സവങ്ങളും മറ്റും നടക്കുന്നത്. ആനകളെ ഇങ്ങനെ അണിനിരത്തുന്ന ഉത്സവങ്ങള്‍ കേരളത്തില്‍ മാത്രമുള്ളതാണ്. അവ പലതും നൂറ്റാണ്ടുകളായി നടന്നു വരുന്നവയാണെന്നും പറയാം.
പക്ഷേ, ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ഉത്സവാഘോഷപ്പറമ്പുകളില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടത്തിലേക്ക് ആനകള്‍ നിയന്ത്രണം വിട്ടോടുമ്പോള്‍, അവിടെ ആളുകള്‍ക്ക് പരുക്കുകളും മരണം തന്നെയും സംഭവിക്കുമ്പോള്‍ നേരത്തേ പറഞ്ഞ ആചാര, വിശ്വാസ, സൗന്ദര്യ സങ്കല്‍പ്പങ്ങളെല്ലാം വഴിമാറുന്നു. മുമ്പൊക്കെ വല്ലപ്പോഴുമാണ് ആന ഇടഞ്ഞിരുന്നത്. അതും കുറുമ്പന്മാര്‍ എന്ന് പേരുകേട്ട ചില ആനകള്‍ മാത്രം. ഇപ്പോള്‍ ഇത് കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ലാതായിരിക്കുന്നു. നിരന്തരം ആവര്‍ത്തിക്കുന്നു. ഇക്കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ ഉത്സവത്തിനും പട്ടാമ്പിയില്‍ ഒരു നേര്‍ച്ചയുടെ ഭാഗമായും ഉണ്ടായ ആന ഇടച്ചില്‍ മൂലം നാല് ജീവനുകളാണ് പൊലിഞ്ഞത്.
ആനകളെ നമുക്ക് എത്ര ഇഷ്ടമാണ് എന്നതിനോടൊപ്പം നമ്മളെ കാണുന്നത് ആനകള്‍ക്കെത്ര ഇഷ്ടമാണ് എന്നതും പരിശോധിക്കാന്‍ ആനസ്നേഹികള്‍ക്കും കടമയുണ്ടല്ലോ. ആനയെ സംബന്ധിച്ചുള്ള ചില അടിസ്ഥാന സത്യങ്ങള്‍ നാം അറിഞ്ഞിരിക്കണം, പ്രത്യേകിച്ചും ആനപ്രേമികള്‍ ആണെങ്കില്‍. ഒന്നാമതായി ആന ഒരു വന്യമൃഗമാണ്. അതിനെ ഇണക്കാന്‍ സാധ്യമല്ല (നായ, പശു, പോത്ത് ഒക്കെപ്പോലെ). നമുക്കവയെ മെരുക്കാനേ കഴിയൂ. ഉത്സവപ്പറമ്പിലും ചങ്ങലക്കിട്ടാണല്ലോ ആനകളെ കൊണ്ടുവരുന്നത്. നമ്മോടുള്ള സ്നേഹം കൊണ്ടല്ല ഭയം കൊണ്ടാണ് അവ മെരുങ്ങുന്നത്. മനുഷ്യരെ ആശ്രയിച്ച് ജീവിക്കുന്ന ഒന്നല്ല ആന എന്നര്‍ഥം.
ആനക്ക് മനുഷ്യ സംസര്‍ഗം ഇഷ്ടമല്ല. കാട്ടാനകളെ പറ്റി പഠിച്ചവര്‍ പറയുന്നത് അവയുടെ സുരക്ഷിതത്വ ദൂരം (സേഫ്റ്റി ബബിള്‍) മനുഷ്യര്‍ മറികടക്കുന്നത് അവയ്ക്ക് അരോചകമാണെന്നാണ്. അവ പ്രതികരിക്കും. ആനകള്‍ മനുഷ്യരെപ്പോലെ സാമൂഹിക ജീവികളാണ്. കൂട്ടമായാണ് അവര്‍ ജീവിക്കുക. അതില്‍ നിന്ന് വിട്ട ഒറ്റയാന്‍ അപകടകാരിയാകുന്നത് അതുകൊണ്ടാണ്. നാട്ടാന എന്ന് നമ്മള്‍ വിളിക്കുന്നതില്‍ തന്നെ ഒരു ശരികേടുണ്ട്. കാരണം അതിന് നാട്ടില്‍ ആനക്കൂട്ടമില്ല. ഏകാന്തവാസം ഏത് സാമൂഹിക ജീവിക്കും സഹിക്കാനാകില്ലല്ലോ. ബെന്യാമിന്‍ എഴുതിയ ആടുജീവിതത്തിലെ നായകനെ പോലെയാണ് നാട്ടാനകള്‍.
ആനകളെ നമ്മള്‍ എങ്ങനെയാണ് മെരുക്കിയെടുക്കുന്നത്? ചതിക്കുഴി കുത്തി അതില്‍ വീഴ്ത്തുന്നു. അനങ്ങാന്‍ പറ്റാത്ത കൂട്ടിലിട്ട് ദിവസങ്ങളോളം മര്‍ദിച്ചും പട്ടിണിക്കിട്ടും മുറിപ്പെടുത്തിയും പൊള്ളിച്ചും ശബ്ദവും തീയും കാട്ടി ഭയപ്പെടുത്തിയും അതിന്റെ ഇച്ഛാശക്തി ഇല്ലാതെയാക്കുന്ന പ്രക്രിയയാണ് മെരുക്കല്‍ (എന്നിട്ടും ആന വഴങ്ങുന്നില്ലെങ്കില്‍ മെരുക്കുന്നവര്‍ മരക്കറകള്‍ ഒഴിച്ച് അതിന്റെ കണ്ണിന്റെ കാഴ്ച കളയും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന പ്രശസ്ത ആന ഒറ്റക്കണ്ണന്‍ ആയത് ഇങ്ങനെയാണ്). മെരുക്കലിലൂടെ ആന അടിമത്തം ശീലിക്കും എന്നല്ലാതെ നിങ്ങളെ സ്നേഹിക്കാന്‍ തുടങ്ങും എന്ന് കരുതുന്നെങ്കില്‍ തെറ്റാണ്.
ഓരോ ജീവികള്‍ക്കും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുണ്ട്. മനുഷ്യന്‍ മാത്രമാണ് ഏത് പരിതസ്ഥിതിയിലും തനിക്ക് അനുയോജ്യമായ ആവാസവ്യവസ്ഥകള്‍ ഉണ്ടാക്കുന്നത്. അങ്ങനെയാണ് നമുക്ക് വീടും ചെരിപ്പും ഒക്കെ ഉണ്ടക്കിയത്. എന്നാല്‍ ആനകള്‍ വനത്തിലെ തണുത്ത മണ്ണില്‍ ജീവിക്കുന്ന ജന്തുവാണ്. അവയുടെ കാലില്‍ കുളമ്പുകളില്ല. ഉറച്ച പ്രതലങ്ങളില്‍ (ടാറിട്ട റോഡുകള്‍, കോണ്‍ക്രീറ്റ് പ്രതലങ്ങള്‍) നടക്കാന്‍ ആനകള്‍ക്കാവില്ല. അതുപോലെ തന്നെയാണ് ചൂടുള്ള പ്രതലങ്ങളിലും അവര്‍ക്ക് കാല്‍ ചവിട്ടി നടക്കാന്‍ കഴിയില്ല. കാല്‍ പൊള്ളും. നാട്ടാനകളില്‍ മിക്കതിന്റേയും കാല്‍ പൊള്ളിയും പഴുത്തും ഇരിക്കുന്ന പാടുകള്‍ ഉള്ളവയാണ്. കാട്ടിലെ തണലിലാണ് അവ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റു ജീവികളെപ്പോലെ ആനക്ക് വിയര്‍പ്പു ഗ്രന്ഥി കാല്‍നഖങ്ങള്‍ക്ക് ചുറ്റുമേയുള്ളൂ. ചൂട് ആറ്റാനും പിന്നെ മാനസികപ്രശ്നമുണ്ടാകുമ്പോഴും ഒക്കെയാണ് ആന ചെവിയാട്ടുന്നത്. തുറന്നയിടത്തെ വെയില്‍ ഏറെനേരം താങ്ങാനുള്ള ശേഷി ആനക്കില്ല.
വനത്തിലെ വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ തേടി കണ്ടുപിടിച്ച് ഭക്ഷിക്കുന്നവയാണ് ആനകള്‍. അതിനാണ് അവര്‍ ദീര്‍ഘദൂരം കാട്ടിലൂടെ സഞ്ചരിക്കുന്നത്. ഇലകള്‍, പഴങ്ങള്‍, മരത്തൊലികള്‍, പാറയിലെ ഉപ്പുകള്‍ തുടങ്ങി 120 ഓളം വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിക്കുന്ന ജന്തുവാണ്. തെങ്ങോലയും പനമ്പട്ടയും അതിന്റെ ആമാശയത്തിനും കുടലിനും താങ്ങാവുന്നതിലപ്പുറം കടുത്ത നാരുകള്‍ ഉള്ള അസ്വാഭാവിക ഭക്ഷണമാണ്. ഇമ്മാതിരി ഭക്ഷണം കുടലില്‍ തടയുമ്പോള്‍ വരുന്ന അസുഖമാണ് എരണ്ടക്കെട്ട്. നാട്ടാനകളില്‍ എരണ്ടക്കെട്ട് സാധാരണമാണ്. എരണ്ടക്കെട്ട് വന്നാല്‍ ഭൂരിപക്ഷം ആനകളും പിടഞ്ഞ് നരകിച്ച് ദിവസങ്ങള്‍ കൊണ്ട് ദയനീയമായി മരണത്തിന് കീഴടങ്ങും. അതുപോലെ തന്നെ ഒരു സാധാരണ ദിവസം 200 ലിറ്ററോളം വെള്ളം കുടിക്കുന്ന ജീവിയാണ് ആന. ചൂടിന്റെ അന്തരീക്ഷത്തില്‍ ഈ ആവശ്യം വര്‍ധിക്കുന്നു. നാട്ടാനകള്‍ക്ക് ആവശ്യമായ അളവില്‍, ആവശ്യമുള്ള സമയത്ത് വെള്ളം കിട്ടാറില്ല.
മദപ്പാട് ആനകള്‍ക്ക് ഒരു മാനസിക രോഗമോ ഭ്രാന്തോ അല്ല. അതിന്റെ പ്രജനനവുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രക്രിയയാണ്. മദപ്പാടുള്ള ആനയുടെ പുരുഷ ഹോര്‍മോണ്‍ 60 മടങ്ങ് വരെ വര്‍ധിക്കുകയും അത് നിരന്തരം വെള്ളം കുടിക്കുകയും ചെയ്യും. ഈ സമയം അതിന് കുടിവെള്ളം കൊടുക്കാതെ പൂട്ടിയിടുന്ന അടവിനെയാണ് ‘വാട്ടല്‍’ എന്ന് നമ്മള്‍ വിളിക്കുന്നത്. വാട്ടലിലൂടെ ആന തളര്‍ന്നുപോകുക മാത്രമല്ല, അതിന്റെ ആന്തരികാവയവങ്ങള്‍ക്ക് സ്ഥിരമായി കേട് സംഭവിക്കുകയും ചിലപ്പോള്‍ ചെരിയുകയും ചെയ്യും. മദപ്പാട് അസുഖമാണെങ്കില്‍ മനുഷ്യന്‍ വിവാഹം കഴിക്കുന്നതും മയില്‍ നൃത്തം ചെയ്യുന്നതും ഒക്കെ അസുഖം തന്നെ. മിക്ക ആനകളുടെയും കാലില്‍ കാണുന്ന വ്രണങ്ങള്‍ ചങ്ങല ഉരഞ്ഞുമാത്രം ഉണ്ടായതല്ല. പാപ്പാന്മാര്‍ അവിടെ സ്ഥിരം മുറിവ് ഉണ്ടാക്കിയിടും. ഇതിന് ചട്ടവ്രണം എന്ന് പറയും. ചട്ടവ്രണം ഉണ്ടെങ്കില്‍ ആന നിരന്തരം വേദന ഓര്‍ക്കും എന്ന് മാത്രമല്ല, തോട്ടികൊണ്ട് അതില്‍ കുത്തിയാല്‍ അസഹ്യമായ വേദന മൂലം ആന എന്തും അനുസരിക്കും. അത് സ്നേഹം കൊണ്ടോ സന്തോഷം കൊണ്ടോ അല്ല എന്ന് നമ്മള്‍ അറിയണം. നാട്ടില്‍ കാണുന്ന കുട്ടിയാനകള്‍ നിരന്തരം തലയാട്ടുന്നത് മാനസികപ്രശ്നം മൂലമാണ്. അത് കളിക്കുന്നതോ സന്തോഷിക്കുന്നതോ അല്ല. കാട്ടില്‍ പിടിയാനപ്പറ്റത്തിനൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയും ഇങ്ങനെ തലയാട്ടാറില്ല.
വന്യജീവി ആകയാല്‍ ആനക്ക് ശബ്ദവും പുകയും തീയും പേടിയാണ്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകളെ തീപ്പന്തം കാട്ടിയും പറ കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഭയപ്പെടുത്തി ഓടിക്കാറുള്ളത്. അതിനെ പിടിച്ച് ബന്ധിച്ച് അതിന്റെ മുന്നില്‍ ചെണ്ടകൊട്ടും തീവെട്ടിയും വൈദ്യുതാലങ്കാരവും കരിമരുന്ന് പ്രയോഗവും നടത്തുമ്പോള്‍ ആന അസഹ്യമായ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്. ചെവിയാട്ടുന്നത് അസ്വസ്ഥതയും ചൂടും മൂലമാണ്, ഇതൊന്നും ആസ്വദിക്കുന്നതുകൊണ്ടല്ല. വൈലോപ്പിള്ളി ശ്രീധരമേനോന്‍ എഴുതിയ സഹ്യന്റെ മകന്‍ എന്ന കവിത കൈകാര്യം ചെയ്യുന്നത് ഉത്സവപ്പറമ്പിലെ കൊമ്പന്‍ എന്ന വിഷയമാണ്. ശബ്ദവും വെളിച്ചവും ജനക്കൂട്ടവും അതിന്റെ മാനസിക നില തെറ്റിക്കുകയും ആന പിണങ്ങി ഓടുകയുമാണ്. തന്റെ മുന്നില്‍ കാണുന്ന ഓരോന്നും കാട്ടിലെ ഓരോ ചെടികളും മറ്റു വസ്തുക്കളുമായി അതിന് തോന്നുന്നു. ആ ആനയെ വെടിവെക്കാന്‍ ഉത്തരവാകുന്നു. അവന് വെടിയേല്‍ക്കുമ്പോള്‍ ചിന്നം വിളിക്കുന്നു. അത് കേട്ട കവി പറയുന്നു, മാറ്റൊലിക്കൊള്ളുന്നുണ്ടാകും ഈ സ്വരം സഹ്യപര്‍വതത്തില്‍ എന്ന്. കാരണം സഹ്യന്റെ മകനാണ് ഈ ആന. അവന്റെ വീട് അതാണ്.
ആനക്ക് മനുഷ്യ സംസര്‍ഗം മൂലം രോഗം ബാധിക്കാറുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. മഹാഭൂരിപക്ഷം നാട്ടാനകള്‍ക്കും ക്ഷയരോഗമുണ്ട്. ഇതിലെ ഭീതിദമായ വസ്തുത കൂപ്പുപണിക്ക് പോയ ആനകള്‍ മൂലം പശ്ചിമഘട്ടത്തിലെ കാട്ടാനകള്‍ക്കും ക്ഷയരോഗബാധ കണ്ടുതുടങ്ങി എന്നതാണ്. കരയിലെ ഏറ്റവും വലിയ ജീവി അന്യം നിന്നുപോകാന്‍ നിങ്ങളുടെ ആനപ്രേമം കാരണമായേക്കും എന്ന് തിരിച്ചറിയണം. ലോകത്ത് ഏറ്റവും വേഗത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുക്കളുടെ പട്ടികയില്‍ പെട്ടുപോയ ഹതഭാഗ്യ ജീവിയാണ് ഏഷ്യന്‍ ആന. ഇന്ത്യയിലെ നാട്ടാനകളുടെ മഹാഭൂരിപക്ഷവും ഇന്ന് കേരളത്തിലാണുള്ളത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ കൊടിയ മര്‍ദനവും അമിതാധ്വാനവും ക്ഷയവും എരണ്ടക്കെട്ടും മൂലം ആയിരത്തിലധികം ആനകള്‍ കേരളത്തില്‍ ചരിഞ്ഞിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടും നമ്മള്‍ ആനപ്രേമത്തിന്റെ പേരില്‍ ആ സാധു ജീവിയെ ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്നുവോ എന്നതാണ് ചോദ്യം.
ഉത്സവങ്ങളും പെരുന്നാളുകളും പലപ്പോഴും വിശ്വാസം എന്നതിനപ്പുറം വലിയ വ്യാപാരോത്സവങ്ങള്‍ ആകാറുണ്ട്. ആനക്കച്ചവടം ഇന്ന് വലിയൊരു വ്യാപാരമാണ്. സമൂഹത്തിലെ ഒരു വിഭാഗത്തിന് ആര്‍ഭാടം കാണിക്കുന്നതിന് വേണ്ടി ആനകളെ എഴുന്നള്ളിക്കുന്നത് കാണുന്നുണ്ട്. ഇനി ഇത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ തുടരണം എന്നാണ് നമ്മള്‍ വാദിക്കുന്നതെങ്കില്‍ നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ എങ്കിലും പാലിക്കാന്‍ നമുക്ക് ബാധ്യതയില്ലേ? ആനകളുടെ സംരക്ഷണം കണക്കിലെടുത്ത് നാട്ടാന പരിപാലന നിയമം ഉണ്ടാക്കിയിട്ടുണ്ട്. അത് പാലിക്കുന്നില്ല. അതുകൊണ്ട് ആനകളെ സംരക്ഷിക്കാന്‍ കഴിയില്ല എന്ന് തോന്നിയതിനാലാണ് ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതി തന്നെയും ഇടപെട്ടത്. അവര്‍ വെച്ച നിബന്ധനകള്‍ പോലും ഇപ്പോള്‍ ലംഘിക്കപ്പെടുന്നു എന്നാണ് കൊയിലാണ്ടിയിലെ ഉത്സവപ്പറമ്പില്‍ കണ്ടത്. തീവെട്ടികള്‍ക്കു മുന്നില്‍ അങ്ങേയറ്റത്തെ ശബ്ദഘോഷങ്ങളും തിങ്ങി നിറഞ്ഞ ജനക്കൂട്ടങ്ങളും അതിനെ ഭ്രാന്ത് പിടിപ്പിച്ചിരിക്കാം. അതിനിടയിലാണ് ആരോ വെടിക്കെട്ടിന് തിരി കൊളുത്തിയത്. ഇതെല്ലാം നിയമലംഘനങ്ങളായിരുന്നു എന്ന് തീര്‍ച്ച.
ആനകള്‍ക്ക് ഇത് ദ്രോഹമാണെന്ന് അറിഞ്ഞതിനാലാണ് ശ്രീനാരായണ ഗുരു ഒരു നൂറ്റാണ്ടിനു മുമ്പ് തന്നെ പറഞ്ഞത് ‘കരിയും വേണ്ട, കരിമരുന്നും വേണ്ട’ എന്ന്. മറ്റു നിരവധി ആചാര്യന്മാരും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ‘ഒരു പീഡയെറുമ്പിനും വരാ’ എന്നെഴുതിയ ഗുരുദേവന്‍ പിന്നെന്തു പറയാന്‍? ദൈവത്തിന്റെ സന്തോഷത്തിനാണ് ആനകളെ എഴുന്നള്ളിക്കുന്നതെങ്കില്‍ ആ വിശ്വാസികള്‍ ഓര്‍ക്കുക, ആനയും അതേ ദൈവത്തിന്റെ സൃഷ്ടി തന്നെയാണ്. അതിനെ ഇങ്ങനെ കഠിനമായി ദ്രോഹിക്കുന്നതിനോട് ദൈവം യോജിക്കാന്‍ സാധ്യതയില്ല. അനേക വര്‍ഷങ്ങളായി തുടരുന്ന ആചാരമാണ് എന്നാണ് ന്യായമെങ്കില്‍ ഇത് തുടങ്ങിയ കാലത്തെ നാടല്ല ഇപ്പോഴുള്ളത്. ടാറിട്ട റോഡുകളും വായു സഞ്ചാരം കുറഞ്ഞ അമ്പലപ്പറമ്പുകളും അതിവേഗം ഉയരുന്ന അന്തരീക്ഷ താപനിലയും അന്യമാകുന്ന ജലാശയങ്ങളും പച്ചപ്പും ആനകളെ അസ്വസ്ഥരാക്കുന്നു. ഇതെല്ലാം പരിഗണിച്ച് കൊണ്ട് വിശ്വാസികള്‍ തന്നെ തീരുമാനിക്കട്ടെ ഇനി ആന വേണോ എന്ന്.